-->
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) വീണ്ടും സമന്‍സ് അയച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ ജയസൂര്യ.
ഏഴാം തീയതി വീണ്ടും ഹാജരാകാന്‍ തനിക്കു നിര്‍ദേശം ലഭിച്ചെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമാണെന്നും നേരിട്ട് സമന്‍സ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്‍സ്‌റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു മാധ്യമങ്ങള്‍ക്കെതിരേയുള്ള താരത്തിന്റെ പ്രതികരണം.
രണ്ട് ദിവസമായി തനിക്കെതിരേ വലിയ രീതിയിലുള്ള നുണപ്രചരണമാണു നടക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു. ഈ കുറിപ്പ് എഴുതുന്ന നിമിഷംവരെ എനിക്കോ ഭാര്യയ്‌ക്കോ ഇ.ഡിയില്‍നിന്ന് സമന്‍സ് ലഭിച്ചിട്ടില്ല. നേരത്തെ 24-നും 29-നും ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ കൃത്യമായി ഹാജരായി മൊഴി നല്‍കിയതാണ്. വസ്‌തുനിഷ്‌ഠമായി വാര്‍ത്തകള്‍ എത്തിക്കേണ്ട മാധ്യമങ്ങള്‍ ഈ വിധം അധഃപതിക്കുന്നതു കാണുമ്പോള്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. 'മാധ്യമങ്ങള്‍ നുണ വിളമ്പുന്ന കാലം... എന്താല്ലേ!' -ജയസൂര്യ കുറിച്ചു.
പരസ്യ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവര്‍ ഭാവിയില്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് മുന്‍കൂട്ടി ഊഹിക്കാന്‍ കഴിയില്ലെന്നും ജയസൂര്യ വിശദീകരിച്ചു. കൃത്യമായി നികുതി അടയ്‌ക്കുന്ന ഉത്തരവാദിത്വപ്പെട്ട പൗരനാണു താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ സ്വദേശി സ്വാദിക് റഹിം ആരംഭിച്ച സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. നൂറിലേറെ പേരില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത സ്വാദിക്കുമായി ജയസൂര്യ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുതവണയായി 10 മണിക്കൂറിലേറെ നേരത്തെ താരത്തെ ചോദ്യം ചെയ്‌തിരുന്നു.