-->
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിക്കായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ നിർമിച്ചുകൊടുത്ത വീടുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സുധിയുടെ മകൻ കിച്ചു സുധി. വീടു വച്ചു തന്നവർക്കെതിരെയോ ഫിറോസിക്കയ്ക്കെതിരെയോ സംസാരിച്ചിട്ടില്ലെന്ന് കിച്ചു പറഞ്ഞു. യുട്യൂബ് ചാനൽ വഴി ഫോളോവേഴ്സുമായി സംവദിക്കുന്നതിനിടെയായിരുന്നു കിച്ചുവിന്റെ പ്രതികരണം.
‘ഞാനിതുവരെ വീടു വച്ചു തന്നവർക്കെതിരെയോ ഫിറോസിക്കയ്ക്കെതിരെയോ സംസാരിച്ചിട്ടില്ല. എന്റെ പേരിലുമാണ് ആ വീട് തന്നിരിക്കുന്നത്. ഫിറോസിക്കയുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. ഞാനുമായി ഒരു പ്രശ്നവും അവർക്കില്ല. അങ്ങനെയൊരു വീട് എനിക്കു തന്നതിൽ സന്തോഷം മാത്രമേ ഒള്ളൂ. ഞാനിതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ല. ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ അത് നമ്മുടെ കാര്യമാണ്. നമ്മളാണ് തീർക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ല. അങ്ങനെയൊരു വീട് തന്നത് തന്നെ അവരുടെ വലിയ മനസ്സുകൊണ്ടാണ്. ഞാനൊരിക്കലും അവരെ തള്ളിപ്പറയില്ല. പിന്നീട് അത് മുന്നോട്ടു കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്. എനിക്കു കംഫര്‍ട്ട് ആയി നിൽക്കാൻ പറ്റുന്നത് ഇപ്പോൾ കൊല്ലത്താണ്. അതുകൊണ്ടാണ് ഞാൻ അവിടെ നിൽക്കുന്നത്. പഠിത്തമാണേലും ഇപ്പോൾ ഇവിടെയാണ്.’–കിച്ചുവിന്റെ വാക്കുകൾ.
കിച്ചുവിന്റെ വാക്കുകൾക്കു നന്ദി പറഞ്ഞ് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് എത്തുകയുണ്ടായി. ‘പക്വമായ പ്രതികരണം. അവസാനം യഥാർത്ഥ അവകാശി പ്രതികരിച്ചിട്ടുണ്ട്’ എന്നായിരുന്നു വിഡിയോയിൽ നിന്നുള്ള കിച്ചുവിന്റെ ആ ഭാഗം മാത്രം പങ്കുവച്ച് ഫിറോസ് കുറിച്ചത്. ‘‘പക്വമായ പ്രതികരണം. അവസാനം യഥാർഥ അവകാശി പ്രതികരിച്ചിട്ടുണ്ട്. കിച്ചു നീ എന്ന് അവിടെ താമസിക്കുന്നൊ അന്ന് ഞാൻ ഉണ്ടെങ്കിൽ ആ വീട് എന്റെ പോക്കറ്റിലെ കാശെടുത്ത് ഞാൻ നിനക്ക് എല്ലാ മെയിന്റൻസ്സും ചെയ്തു തരും.’’–ഫിറോസിന്റെ വാക്കുകൾ.
സുധിക്കായി നിർമിച്ചു കൊടുത്ത വീടിനു ചോർച്ചയാണെന്നും വീടു നിർമിച്ചു തന്നവർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നുമില്ലെന്ന ആരോപണവുമായി രേണു സുധി രംഗത്തുവന്നിരുന്നു.