-->
മനുഷ്യന്റെ സുഹൃത്തുക്കളായിട്ടാണ് ഡോള്‍ഫിനുകള്‍ കണക്കാക്കപ്പെടുന്നത്. മനുഷ്യരുടെയത്രയൊന്നും ഇല്ലെങ്കിലും ബു കടലിലെ മികച്ച ബുദ്ധിമാന്‍മാരായിട്ടാണ് ഇവ കണക്കാക്കപ്പെടുന്നത്. കടലില്‍ ചിരിയോടെ ഉയര്‍ന്നുചാടിയും അക്വേറിയങ്ങളിലും മറ്റു സമുദ്രപാര്‍ക്കുകളിലുമൊക്കെ സ്റ്റണ്ടുകള്‍ കാട്ടിയുമൊക്കെ ഡോള്‍ഫിനുകള്‍ ലോകത്തിനു പ്രിയപ്പെട്ടവരായി മാറി. ഡോള്‍ഫിനുകളുടെ പലതരം ട്രിക്കുകളില്‍ പ്രശസ്തമായ ഒന്നാണ് വെള്ളത്തില്‍ വളയമുണ്ടാക്കുന്ന വിദ്യ.
മനുഷ്യര്‍ സിഗരറ്റ് വലിച്ച് പുകകൊണ്ട് വളയമുണ്ടാക്കുന്നതു പോലെയാണ് ഇവയുടെ വളയവിദ്യ. അടുത്തിടെ ഇറങ്ങിയ കളങ്കാവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ സ്റ്റാന്‍ലി ദാസ് പുകച്ചുരുളുകള്‍ പുറന്തള്ളുന്നത് വളരെ പ്രശസ്തി നേടിയിരുന്നു. തങ്ങളുടെ ശരീരത്തില്‍നിന്നു പുറന്തള്ളുന്ന ഉച്ഛാസവായുവിനെയാണു വളയം പോലെയാക്കി ഡോള്‍ഫിനുകള്‍ വെള്ളത്തനടിയില്‍ കളിക്കുന്നത്. വളരെയേറെ നൈപുണ്യവും പേശീനിയന്ത്രണവും പരിശീലനവും ആവശ്യമുള്ളതാണ് ഈ പ്രക്രിയ. ബോട്ടില്‍നോസ് എന്നയിനം ഡോള്‍ഫിനുകളാണ് ഈ വിദ്യ കാട്ടുന്നതില്‍ അഗ്രഗണ്യര്‍.
ഒരു കുട്ടി കളിപ്പാട്ടം വച്ചു കളിക്കുന്നതുപോലെയാണ് ഡോള്‍ഫിനുകള്‍ ഈ വളയത്തെ കൈകാര്യം ചെയ്യുന്നത്. ചിലപ്പോള്‍ അവ ഇതിനെ ചെറിയ കുമിളകളാക്കി പൊട്ടിക്കും. മറ്റു ചിലപ്പോള്‍ ഇത്തരം ചെറിയ അനേകം കുമിളവലയങ്ങളെ യോജിപ്പിച്ചു വലിയ വളയമാക്കും. ചിലത് ഇത്തരം കുമിളകളെ വിഴുങ്ങുക വരെ ചെയ്യും. ഡോള്‍ഫിന്‍ കുടുംബത്തിലെ ഏറ്റവും പ്രശസ്തരായ അംഗങ്ങളാണ് ബോട്ടില്‍നോസ് ഡോള്‍ഫിനുകള്‍. കോമണ്‍ ബോട്ടില്‍നോസ് ഡോള്‍ഫിനുകള്‍, ഇന്‍ഡോ പസിഫിക് ബോട്ടില്‍നോസ് ഡോള്‍ഫിനുകള്‍ എന്നീ രണ്ടു വിഭാഗങ്ങള്‍ ഈ ജനുസ്സിലുണ്ട്. ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലകള്‍ ഒഴിച്ചുള്ള എല്ലാ ഉഷ്ണ സമുദ്രമേഖലകളിലും ഇവയുണ്ട്. മിമിക്ട്രി മുതല്‍ വസ്തുക്കളെ തരംതിരിച്ച് തിരിച്ചറിയുന്നതിനു വരെയുള്ള ശേഷികള്‍ ഈ ഡോള്‍ഫിനുകള്‍ക്കുള്ളതായി ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട്.
ആഴക്കടലിലെ സ്പഞ്ചുകള്‍ പോലെയുള്ളവയെ തങ്ങള്‍ക്ക് ഇരപിടിക്കാനുള്ള ഉപകരണങ്ങളായി ഉപയോഗിക്കാനും ഇവയ്ക്കറിയാം. ബുദ്ധികൂര്‍മത മൂലം സൈനിക, പ്രതിരോധ ദൗത്യങ്ങളിലും ഇത്തരം ഡോള്‍ഫിനുകളെ നിയോഗിച്ചതിന്റെ ചരിത്രമുണ്ട്. കടലിലെ മൈന്‍ ബോംബുകള്‍ കണ്ടെത്താനും ശത്രു ഡൈവര്‍മാരെ തിരിച്ചറിയാനുമൊക്കെ ഇവ സൈന്യങ്ങള്‍ക്ക് സഹായമേകിയിട്ടുണ്ട്. മനുഷ്യരെ ആപത്തില്‍, പ്രത്യേകിച്ച് കടല്‍ അപകടങ്ങളിലും മറ്റും മുങ്ങിത്താഴാതെ രക്ഷിക്കുന്ന ജീവി എന്നൊരു ഇമേജ് ഡോള്‍ഫിനുകള്‍ക്കുണ്ട്. ഇത്തരത്തില്‍ അവ മനുഷ്യരെ ശരിക്കും സഹായിച്ചിട്ടുണ്ടെന്നുള്ളത് മറ്റൊരു വസ്തുത. 2000ല്‍ ആഡ്രിയാട്ടിക് കടലില്‍ ബോട്ടില്‍ നിന്നു വീണ ഒരു ബാലനെ ഒരു ഡോള്‍ഫിന്‍ രക്ഷപ്പെടുത്തി ബോട്ടില്‍ തിരികെയെത്തിച്ചത് ലോകപ്രശസ്ത സംഭവമായിരുന്നു.