-->
കോട്ടയം:ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം നേരത്തേ കണ്ടെത്താന്‍ എ.ഐ.സംവിധാനം വികസിപ്പിച്ച എം.ജി. സര്‍വകലാശാലയ്‌ക്കു ദേശീയ പേറ്റന്റ്. സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസിലെ ഡോ.കെ.പി. പുഷ്‌പലത, ഗവേഷണ വിദ്യാര്‍ഥിനി ഡോ. വിനീത വിജയന്‍ എന്നിവര്‍ക്കാണ് എ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്‌റ്റം എന്ന പേരിലുള്ള കണ്ടുപിടിത്തത്തിനു കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചത്.
റോഡ് സുരക്ഷയിലെ ഏറ്റവും നിര്‍ണായക വെല്ലുവിളികളിലൊന്നായ ഡ്രൈവറുടെ ക്ഷീണം പരിഹരിക്കുകയാണ്, സവിശേഷ മെട്രിക്-ലേണിങ് ആര്‍ക്കിടെക്‌ചര്‍ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്റ ലക്ഷ്യം. മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂക്ഷ്‌മമാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ദൃശ്യ സവിശേഷതകള്‍ വിശകലനം ചെയ്‌തു ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍തന്നെ കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും.
മനുഷ്യനും വാഹനവും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്‌തമാക്കുന്ന അഡാപ്‌റ്റീവ് മോഡ്യൂള്‍ വികസിപ്പിക്കുകയാണ് ഗവേഷണത്തിന്റെ അടുത്ത ഘട്ടം. ഇതിലൂടെ, ഡ്രൈവറുടെ അവസ്‌ഥയ്‌ക്കും സാഹചര്യത്തിനും അനുസരിച്ച് ഇടപെടല്‍ തന്ത്രങ്ങള്‍ വ്യക്‌തിഗതമാക്കാനാകും.