Sunday, March 15, 2026 Last Updated 18 Min 12 Sec ago English Edition
Todays E paper
Ads by Google
ടി.കെ. സുധീഷ്‌ കുമാര്‍
Tuesday 30 Dec 2025 11.30 PM

നടനവിസ്‌മയത്തിനു ജന്മം നല്‍കിയ ശാന്തകുമാരിയുടെ സ്‌മരണയില്‍ ഗ്രാമം

uploads/news/2025/12/818240/k4.jpg

പത്തനംതിട്ട: ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി അഭേദ്യ ബന്ധമുള്ളതും ഗാന്ധിജിയുടെ സന്ദര്‍ശനത്താല്‍ പ്രശസ്‌തവുമായ ഇലന്തൂര്‍ ഗ്രാമം ഇന്നറിയപ്പെടുന്നത്‌ നടനവിസ്‌മയം മോഹന്‍ലാലിന്റെ ജന്മനാട്‌ എന്ന പേരില്‍ക്കൂടിയാണ്‌. ഈ മഹാനടനു ജന്മം നല്‍കിയത്‌ ഇലന്തൂര്‍ പുന്നക്കല്‍ തറവാട്ടിലെ ശാന്തകുമാരിയാണ്‌. ഇന്നലെ അവര്‍ അന്തരിച്ചപ്പോള്‍ ഗ്രാമവാസികള്‍ക്ക്‌ ഓര്‍ക്കാന്‍ ഏറെയുണ്ട്‌. യാത്രചെയ്യാന്‍ ബുദ്ധിമുട്ടാകുന്ന കാലംവരെ അവര്‍ നാട്ടിലെത്താറുണ്ടായിരുന്നു. ഈസമയം പുന്നക്കല്‍ വീട്ടില്‍ ആളുകളുടെ ബഹളംതന്നെ ആയിരിക്കും. ആ കഥകള്‍ അനുസ്‌മരിക്കുന്ന സമപ്രായക്കാരും കുടുംബാംഗങ്ങളും നിരവധി.

അടുത്തിടെ മോഹന്‍ലാലിനു ദാദാ സാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ കുടുംബം അത്‌ ആഘോഷമാക്കിയിരുന്നു. അപ്പോഴും അമ്മയുടെ കഥകള്‍ പലരും അയവിറക്കി. ഇലന്തൂര്‍ പുന്നക്കല്‍ വീട്ടില്‍ ഗൗരിക്കുട്ടിയമ്മയുടെയും ഡെപ്യൂട്ടി തഹസീല്‍ദാറായിരുന്ന പത്മനാഭപിള്ളയുടെയും മകളാണ്‌ ശാന്തകുമാരി. ഇവരുടെ കുട്ടിക്കാലം ഇലന്തൂരിലും പിന്നീടുള്ള ജീവിതം പത്തനംതിട്ടയിലെ അഛന്‍വീട്ടിലുമായിരുന്നു.

മോഹന്‍ലാലിന്റെ അമ്മയുടെ വീട്‌ ഇലന്തൂരിലും അച്‌ഛന്റെ വീട്‌ അധികം അകലെയല്ലാത്ത പരിയാരത്തുമാണ്‌. പരിയാരം മണപ്പാടത്ത്‌ വീട്ടില്‍ പാര്‍വത്യാരായിരുന്ന രാമന്‍ നായരുടെയും ഗൗരിക്കുട്ടിയമ്മയുടെയും മൂത്തമകനാണ്‌ വിശ്വനാഥന്‍ നായര്‍. സംസ്‌ഥാന സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്‌ഥനുമായിരുന്ന അദ്ദേഹം പിന്നീട്‌ നിയമവകുപ്പ്‌ സെക്രട്ടറി പദവിയിലെത്തി.

അക്കാലത്ത്‌ കുടുംബം തിരുവനന്തപുരത്തേക്കു താമസം മാറ്റിയതായി കുടുംബസുഹൃത്ത്‌ ഹരി ഇലന്തൂര്‍ പറഞ്ഞു. എന്നാല്‍ മക്കളായ പ്യാരിലാലിനെയും മോഹന്‍ലാലിനെയും പ്രസവിക്കാന്‍ ശാന്തകുമാരിയെത്തിയത്‌ ഇലന്തൂര്‍ പുന്നക്കല്‍ തറവാട്ടില്‍. കുട്ടികളുടെ ബാല്യവും അങ്ങനെ ഇലന്തൂരില്‍ത്തന്നെയായി. മധ്യവേനല്‍ അവധിക്കാലത്തെല്ലാം അങ്ങനെ ശാന്തകുമാരിയും കുടുംബത്തില്‍ തങ്ങി.

എന്നും ഒട്ടേറെ പേര്‍ക്ക്‌ ഇലയിട്ട്‌ ചോറുവിളമ്പിയിരുന്ന തറവാട്‌ കൂടിയായിരുന്നു പുന്നക്കല്‍. ശാന്തകുമാരിയുടെ അമ്മാവന്‍ ഇലന്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന പുന്നക്കല്‍ പി.എസ്‌.ശ്രീധരന്‍ പിള്ളയുടെ മകള്‍ ശ്രീലേഖയാണ്‌ ഇപ്പോള്‍ തറവാടിന്റെ അവകാശി. മൂത്ത സഹോദരി ശ്രീലതയും കുടുംബത്തിലെത്താറുണ്ട്‌. മോഹന്‍ലാലിന്റെ ജനനം ഇലന്തൂരിലാണങ്കിലും തിരക്കേറിയതോടെ അവധിക്കും വിശേഷാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാനും മാത്രമായിരുന്നു ജന്മനാട്ടിലേക്കുള്ള യാത്ര. അപ്പോഴെല്ലാം അമ്മയെയും കൂടെക്കൂട്ടിയിരുന്നു.

ഏതാനും വര്‍ഷം മുമ്പ്‌ പുന്നക്കല്‍ തറവാട്ടുകാവിലെ പൂജകളില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. എന്നാല്‍ ഒപ്പം വരാന്‍ മാതാവിനു കഴിഞ്ഞില്ല. അന്ന്‌ ഒപ്പമുണ്ടായിരുന്നത്‌ അമ്മാവന്റെ മകനും പ്രശസ്‌ത സംവിധായകനുമായ ബി. ഉണ്ണികൃഷ്‌ണനാണ്‌. അന്നും കുടുംബത്തിലെ മിക്കവരും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നെന്ന്‌ ശ്രീലത രവീന്ദ്രനാഥ്‌ പറഞ്ഞു.

ടി.കെ. സുധീഷ്‌ കുമാര്‍

Ads by Google
ടി.കെ. സുധീഷ്‌ കുമാര്‍
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW