-->
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഭരണമാറ്റത്തിനു പിന്നാലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുണ്ടായ പുതിയ രാഷ്‌ട്രീയത്തര്‍ക്കങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്‌തിപ്രകടനമായി മാറുന്നു. ശാസ്‌തമംഗലത്തെ നഗരസഭാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസ് ഒഴിഞ്ഞുതരണമെന്ന ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ ആവശ്യം വി.കെ. പ്രശാന്ത് എം.എല്‍.എയെ ലക്ഷ്യംവച്ചുള്ള കേവല നടപടിയല്ലെന്നു സി.പി.എം തിരിച്ചറിയുന്നുണ്ട്.
തലസ്‌ഥാന നഗരിയില്‍ ബി.ജെ.പി നേടിയ ഭരണാധികാരത്തിന്റെ ആദ്യപ്രഹരമായാണ് സി.പി.എം ഇതിനെ കാണുന്നത്. എം.എല്‍.എയുടെ അലവന്‍സും കോര്‍പറേഷന്‍ കെട്ടിടത്തിലെ തുച്‌ഛവാടകയും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.
മുന്‍ ഡി.ജി.പി എന്ന നിലയിലുള്ള ഭരണപരിചയവും ബി.ജെ.പിയുടെ രാഷ്‌ട്രീയ കരുത്തും ഒരുപോലെ പ്രയോഗിച്ചാണ് ശ്രീലേഖ ഈ വിഷയത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ അടുത്തതവണ ബി.ജെ.പി സ്‌ഥാനാര്‍ഥിയാകുമെന്നാണു സൂചന. ശ്രീലേഖ ഉയര്‍ത്തിയ വിഷയം പരിശോധിക്കുമെന്ന് മേയര്‍ വി.വി. രാജേഷ് ഇതിനിടെ പറഞ്ഞു. വ്യക്‌തിപരമായ അടുപ്പംവച്ച് ശ്രീലേഖ ചോദിച്ചതു വിവാദമാക്കാന്‍ പ്രശാന്ത് ശ്രമിച്ചത് ശരിയായില്ലെന്നു രാജേഷ് പറഞ്ഞു. കൗണ്‍സിലറുടെ ബാത്‌റൂമിലാണ് ഫയലും മറ്റും സൂക്ഷിക്കുന്നത്. ഇതും മേയര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ ചര്‍ച്ചവന്ന സ്‌ഥിതിക്ക് രേഖകളെല്ലാം പരിശോധിക്കുമെന്നും മേയര്‍ അറിയിച്ചു. രേഖകള്‍ പരിശോധിച്ചശേഷം ആധികാരികമായി പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ ഓഫീസ് മുറി തനിക്ക് കൗണ്‍സിലര്‍ ഓഫീസായി ഉപയോഗിക്കാന്‍ വേണമെന്ന ശ്രീലേഖയുടെ വാദം സാങ്കേതികമായി ശരിയാണെങ്കിലും, എം.എല്‍.എയോടു നേരിട്ട് ഫോണിലൂടെ ആവശ്യപ്പെട്ടതു രാഷ്‌ട്രീയ വെല്ലുവിളിയായാണു വ്യാഖ്യാനിക്കപ്പെടുന്നത്. വാടകക്കരാര്‍ അടുത്ത മാര്‍ച്ച് വരെ ഉണ്ടെന്ന എം.എല്‍.എയുടെ വാദത്തെ നഗരസഭാ കൗണ്‍സിലിലെ ബി.ജെ.പിയുടെ ഭൂരിപക്ഷം ഉപയോഗിച്ച് മറികടക്കാന്‍ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. വടക്കേ ഇന്ത്യയിലെ 'ബുള്‍ഡോസര്‍ രാജ്' മോഡലാണ് ബി.ജെ.പി കേരളത്തില്‍ പരീക്ഷിക്കുന്നതെന്ന പ്രശാന്തിന്റെ വിമര്‍ശനവും ചര്‍ച്ചയാണ്. എം.എല്‍.എ ഓഫീസ് ഒഴിപ്പിക്കുന്നതിലൂടെ വി.കെ. പ്രശാന്തിന്റെ ജനകീയ പ്രതിച്‌ഛായയ്‌ക്കു മങ്ങലേല്‍പ്പിക്കാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വട്ടിയൂര്‍ക്കാവില്‍ അനുകൂല സാഹചര്യമൊരുക്കാനും ശ്രീലേഖയ്‌ക്കു സാധിച്ചതായി ബി.ജെ.പിയിലെ ഒരു പക്ഷം പറയുന്നു.
എന്തായാലും വാടകക്കാലാവധി തീരുംവരെ ഇവിടെത്തന്നെ കാണുമെന്ന് വി.കെ. പ്രശാന്ത് വ്യക്‌തമാക്കി. കോര്‍പ്പറേഷന്‍ എന്തു തീരുമാനമെടുക്കുമെന്നു നോക്കാമെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.