-->
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമുസ്ലിം സമുദായങ്ങളില്‍നിന്ന് കൂടുതല്‍ സ്‌ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ്. വര്‍ഗീയപാര്‍ട്ടിയെന്നും മുസ്ലിം പാര്‍ട്ടിയെന്നുമുള്ള വിശേഷണം മറികടക്കാനാണു ശ്രമം. വെള്ളാപ്പള്ളി നടേശനും മറ്റും ഇത്തരത്തില്‍ ലീഗിനെ കടന്നാക്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മതേതരമുഖം ഉയര്‍പ്പിടിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു, ക്രിസ്‌ത്യന്‍ സമുദായക്കാരെയും സ്‌ഥാനാര്‍ഥികളായി പരിഗണിക്കാനാണു നീക്കം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ അമുസ്ലിംകളായ അഞ്ഞൂറില്‍പരം പേര്‍ ലീഗ് സ്‌ഥാനാര്‍ഥികളായി മത്സരിച്ചിരുന്നു. അവരില്‍ നാനൂറിലേറെ പേരും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റിലാണു ലീഗ് മത്സരിച്ചത്. ഇത്തവണ 30 സീറ്റ് ആവശ്യപ്പെടാനാണു ഉദ്ദേശിക്കുന്നത്. ഇത്തവണ രണ്ടിലധികം സീറ്റുകളില്‍ മുസ്ലിംകളല്ലാത്തവരെ മത്സരിപ്പിക്കുമെന്നു ലീഗ് വൃത്തങ്ങള്‍ പറഞ്ഞു. കൊല്ലം ജില്ലയില്‍ സംസ്‌ഥാന സെക്രട്ടറി ശ്യാംസുന്ദറിന്റെ പേര് പരിഗണനയിലുണ്ട്. വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ അമുസ്ലിംകളായ നിരവധി പ്രവര്‍ത്തകരുണ്ട്.
ഇവിടെയെല്ലാം മതേതരത മുഖം പ്രയോജനപ്പെടുത്താമെന്നാണു ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ. കുന്ദമംഗലത്തുനിന്ന് 2001, 2006, 2011 വര്‍ഷങ്ങളില്‍ പട്ടികവിഭാഗക്കാരനായ യു.സി. രാമനെ മത്സരിപ്പിച്ചതാണ് ലീഗ് ഉയര്‍ത്തിക്കാട്ടുന്നത്. 2011 ല്‍ കുന്നമംഗലം ജനറല്‍ സീറ്റായിട്ടും പട്ടികജാതി നേതാക്കളെ സംവരണ സീറ്റുകളില്‍ മാത്രം മത്സരിപ്പിക്കുന്ന പാരമ്പര്യം ലംഘിച്ചു മുസ്ലീം ലീഗ് മൂന്നാംതവണയും യു.സി. രാമനെ രംഗത്തിറക്കി. ജനറല്‍ സീറ്റില്‍ പാര്‍ട്ടി പട്ടികജാതി സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതും ഇതാദ്യമായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതത്തില്‍ നാലാം സ്‌ഥാനത്തുള്ള ലീഗ് 9.77 ശതമാനം വോട്ടുകളാണു നേടിയത്. 2,835 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ ജയിച്ച ലീഗ് സീറ്റെണ്ണത്തില്‍ ചരിത്രനേട്ടത്തിലെത്തി. ലീഗ് സ്വതന്ത്രരെ കൂട്ടാതെയുള്ള കണക്കാണിത്. 2020 ല്‍ 2133 സീറ്റാണു നേടിയത്.
മലപ്പുറം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്‌ണന്റെ മകള്‍ അഡ്വ. സ്‌മിജിയെ വൈസ് പ്രസിഡന്റാക്കിയത് അപ്രതീക്ഷിത നീക്കമായിരുന്നു. പട്ടികജാതി സമുദായത്തില്‍നിന്നുള്ളയാളാണു മുസ്ലിംലീഗ് അംഗമായ സ്‌മിജി.
എറണാകുളം കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ധാരണയനുസരിച്ച് രണ്ടാം ടേമില്‍ വൈസ് പ്രസിഡന്റാവുക ക്രിസ്‌ത്യന്‍ സമുദായംഗമായ ലീഗ് അംഗമാണ്. കുന്നത്തുനാട് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായ മുസ്ലീം ലീഗ് അംഗം ശ്യാമള സുരേഷ് ദളിത് സമുദായാഗമാണ്. ജനറല്‍ സീറ്റിലാണു ഇവരെ മത്സരിപ്പിച്ചത്. മുസ്ലീം സമുദായക്കാരായ മൂന്നംഗങ്ങള്‍ വേറെയുള്ളപ്പോഴാണിത്. എറണാകുളം ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ലീഗ് അംഗങ്ങളില്‍ ഏഴുപേര്‍ അമുസ്ലീങ്ങളാണ്. മലപ്പുറം ജില്ലയിലാണ്‌് അമുസ്ലീം അംഗങ്ങള്‍ കൂടതലുള്ളത്. ഇതുവഴി ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയുമെന്നും അവുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വേഗത്തിലാക്കാനും സാധിക്കുമെന്നു ലീഗ് വൃത്തങ്ങള്‍ പറയുന്നു. സ്‌ത്രീശക്‌തീകരണം, സാമൂഹിക നീതി, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശക്‌തമായ ഇടപെടലുകള്‍ക്ക് ഇതു വഴിയൊരുക്കുമെന്നും ലീഗ് വിലയിരുത്തുന്നു.
ജെബി പോള്‍