-->
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്, പഞ്ചലോഹവിഗ്രഹം കടത്തിയെന്ന് ആരോപണം ഉയർന്ന ഡി മണിയെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം . ഡിണ്ടിഗൽ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയിൽ ചോദ്യം ചെയ്തു. പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന മൊഴിയിലാണ് ചോദ്യം ചെയ്യൽ. താൻ വജ്ര വ്യാപാരിയാണെന്ന് ഡി മണി മൊഴി നൽകി. ഡി മണി എന്നാൽ ഡയമണ്ട് മണി എന്നാണെന്നും മണി പറഞ്ഞു. ബാലമുരുഗൻ വജ്ര വ്യാപരത്തിൽ ഇടനില നിന്നാണ് ഡി മണി ആയത്.
ഡി മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് 1000 കോടിയെന്നും ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണുവച്ചതായും റിപ്പോര്‍ട്ടുണ്ട്. മണിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഡി മണി പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായിയാണ് ‘ഡി മണി’ കുറിച്ചും വിഗ്രഹ കടത്ത് സംഘത്തെ കുറിച്ചും എസ്ഐടിക്ക് മൊഴി നല്‍കിയത്.
സ്വര്‍ണം ഉരുക്കിയെടുക്കുന്നതിനേക്കാള്‍ വലിയ വിഗ്രഹ കടത്ത് ശബരിമലയില്‍ നടന്നുവെന്നാണ് മലയാളിയായ വിദേശ വ്യവസായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. 2019–20 കാലങ്ങളിലായി നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റത്. ഡി.മണി എന്ന പേരില്‍ അറിയപ്പെടുന്ന ചെന്നൈക്കാരനാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയായിരുന്നു ഇടനിലക്കാരന്‍. വിഗ്രഹങ്ങള്‍ കൊടുക്കാന്‍ നേതൃത്വം കൊടുത്തത് ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.
ഇടനിലക്കാരനായ വിരുതനഗർ സ്വദേശി ശ്രീകൃഷ്‌ണനെയും അന്വേഷണ സംഘം തിരച്ചറിഞ്ഞു. അതേസമയം, പ്രവാസിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. ഡി മണിയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും സംഘം കറങ്ങുന്നുവെന്നും വ്യവസായി മൊഴി.