-->
ജനങ്ങളെ സംരക്ഷിക്കുകയും നീതിപൂര്‍വം കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ട വിഭാഗമാണു പോലീസ് സേന. ഒരു നാടിന്റെ ക്രമസമാധാനവും അന്തസും പാലിക്കപ്പെടുന്നതില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഇത്തരത്തില്‍ പെരുമാറേണ്ട ഒരു ഉന്നത ഉദ്യോഗസ്‌ഥനെയാണ് അഴിമതിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നത്. ജയില്‍ ഡി.ഐ.ജി: എം.കെ. വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍, പോലീസ് സേനയ്‌ക്കുള്ളിലെ പുഴുക്കുത്തുകളെക്കുറിച്ച് ജനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഇത്തരക്കാരും ഉള്‍പ്പെടുന്ന സേനയുടെ ശുദ്ധീകരണത്തിനു വൈകുകയോ മടിക്കുകയോ ചെയ്യുന്തോറും സര്‍ക്കാരിനുതന്നെയാകും തിരിച്ചടിയുണ്ടാകുക.
തടവുകാരില്‍നിന്നു ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന ഗുരുതര കുറ്റമാണു വിനോദ് കുമാറിനെതിരേ കണ്ടെത്തിയത്. സര്‍ക്കാരിനെ നയിക്കുന്ന സി.പി.എമ്മിന്റെ പിന്തുണയുള്ള ആളായിട്ടാണ് വിനോദ് കുമാര്‍ അറിയപ്പെടുന്നത്. ഭരണത്തിന്റെ തണലില്‍ കൈക്കൂലി ഇടപാടുകള്‍ നയിക്കുകയും ക്രിമിനലുകള്‍ക്കു ലഹരി നല്‍കുകയും ചെയ്‌തു എന്നതടക്കവുമുള്ള തെളിവുകളാണ് പുറത്തുവന്നത്. 2020 ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായിരിക്കെ വിനോദ് കുമാര്‍ ജയിലില്‍ ഔഷധ സസ്യക്കൃഷി നടത്തിയതിന്റെ പേരില്‍ കള്ളക്കണക്കുണ്ടാക്കി 2,31,000 രൂപ അടിച്ചുമാറ്റിയെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു. കര്‍ശന നടപടി സ്വീകരിക്കണമെന്നും തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം പലിശ സഹിതം ഈടാക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. ആറു മാസത്തെ ശമ്പള വര്‍ധന തടയുന്ന നടപടിമാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ ഡി.ഐ.ജിയായി സ്‌ഥാനക്കയറ്റം നല്‍കി 'ആദരിക്കു'കയും ചെയ്‌തു. ഭരണതലത്തില്‍ സ്വാധീനമുള്ളവര്‍ക്ക് എന്തുമാകാമെന്ന ജനത്തിന്റെ വിശ്വാസം കടുകുമണിയോളം പോലും തെറ്റിക്കാതെയുള്ള കരിയറാണ് അദ്ദേഹത്തിനു പിന്നീടുണ്ടായത്. ജയില്‍ ആസ്‌ഥാനത്തെ ഡി.ഐ.ജിക്കു മറ്റു ജയിലുകള്‍ സന്ദര്‍ശിക്കാനോ പരിശോധിക്കാനോ ചട്ടം അനുവദിക്കുന്നില്ല. പിടിപാടുള്ളവര്‍ക്കു മുന്നില്‍ വളയാത്ത എന്തു ചട്ടം? 2022 ല്‍ വിനോദ് കുമാര്‍ മൂവാറ്റുപുഴ, പൊന്‍കുന്നം, കോട്ടയം സബ്‌ജയിലുകളില്‍ ഉദ്യോഗസ്‌ഥരെ അറിയിക്കാതെ സന്ദര്‍ശനം നടത്തുകയുണ്ടായി. രാത്രി നടത്തിയ സന്ദര്‍ശനങ്ങള്‍ ശരിയല്ലെന്നും സംശയാസ്‌പദമാണെന്നും മറ്റു ഡി.ഐ.ജിമാര്‍ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചു. ലഹരി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ തടവുകാര്‍ക്കു നല്‍കി കൈക്കൂലി വാങ്ങാനുള്ള സന്ദര്‍ശനമായിട്ടാണ് ഇതിനെ വിജിലന്‍സ് കാണുന്നത്.
ടി.പി. വധക്കേസ് പ്രതികളായ കൊടി സുനിക്കും അണ്ണന്‍ സജിത്തിനും വഴിവിട്ട പരോള്‍ ഉള്‍പ്പെടെ നല്‍കി കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നു. കൊടി സുനി 1.80 ലക്ഷം രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയും ഗൂഗിള്‍പേവഴി കൈമാറിയതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നേരിട്ടു പണം കൈപ്പറ്റുന്നതിനുപകരം തടവുകാരുടെ ബന്ധുക്കളില്‍നിന്നായിരുന്നത്രേ പണം കൈപ്പറ്റിയിരുന്നത്. ഡി.ഐ.ജിയുടെയും ഭാര്യയുടെയും അക്കൗണ്ടുകള്‍ പരിശോധിച്ച വിജിലന്‍സ് ഞെട്ടിയിരിക്കുകയാണ്.
ഡി.ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ ഇത്തരത്തിലുള്ള കള്ളത്തരങ്ങള്‍ക്കു കുടപിടിച്ചതു ഭരണനേതൃത്വത്തിലുള്ളവരാണെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു സംശയമില്ല.
കാവലാകേണ്ടവര്‍ നാടിനു ഭീഷണിയായി മാറിയാല്‍ എന്തു ചെയ്യും?. കൈക്കൂലിക്കേസില്‍ പിടിക്കപ്പെടുന്ന ആദ്യത്തെ പോലീസ് ഉദ്യോഗസ്‌ഥനൊന്നുമല്ല വിനോദ് കുമാര്‍. അഴിമതിക്കാരായ ഉദ്യോഗസ്‌ഥ കണ്ണിയിലെ തുടര്‍ച്ചയാണ് അദ്ദേഹം. ഗുണ്ടകളെ തോല്‍പ്പിക്കുന്ന വിധത്തില്‍ ഗുണ്ടാപ്രവര്‍ത്തനത്തിനു മടിയില്ലാത്തവര്‍, കാക്കിയുടെ 'ഗര്‍വില്‍' അധികാര ദുര്‍വിനിയോഗം ഹോബിയാക്കിയവര്‍ എന്നിങ്ങനെ പോലീസ് സേനയ്‌ക്കു ചീത്തപ്പേരു വരുത്തിയിട്ടുള്ളവര്‍ നിരവധി. സമൂഹത്തിനു ഭീഷണിയായി മാറുന്ന പോലീസുകാരെ അക്രമിയേക്കാളും പേടിക്കണം. നാടിനു സംരക്ഷണം നല്‍കേണ്ട നീതിന്യായ സംവിധാനങ്ങളെയും സര്‍ക്കാരിനെയും നോക്കുകുത്തിയാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. 'വേലിതന്നെ വിളവുതിന്നുന്ന' സാഹചര്യം ഒരുതരത്തിലും അനുവദിക്കരുത്.
ഓരോ ജയിലും കുറ്റവാളികളുടെ കേന്ദ്രമാണ്. നിയമം അനുശാസിക്കുന്ന ശിക്ഷാവിധിക്കുശേഷം മനുഷ്യപ്രകൃതിക്കു ചേരുന്ന വിധമാകണം അവര്‍ പുറത്തിറങ്ങേണ്ടത്. എന്നാല്‍, ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നവര്‍ക്കു കൈക്കൂലി വാങ്ങി സുഖവാസം ഒരുക്കുന്ന ഉദ്യോഗസ്‌ഥര്‍ യഥാര്‍ഥത്തില്‍ ജനങ്ങളെയും നാടിനെയും വഞ്ചിക്കുകയാണ് ചെയ്യുന്നത്.