-->
പടിഞ്ഞാറന്‍ പാകിസ്‌താന്‍ അവഗണിച്ച കാലത്ത് ഇന്ത്യ മാത്രമായിരുന്നു ബംഗ്ലാദേശിന്(കിഴക്കന്‍ പാകിസ്‌താന്‍) അഭയം. 1971 ഡിസംബറില്‍ ഇന്ത്യയുടെ പിന്തുണയോടെ ബംഗ്ലാദേശ് സ്വതന്ത്രരാജ്യമായി. ഏറെക്കാലം ഇന്ത്യക്ക് വിശ്വസിക്കാവുന്ന അയല്‍രാജ്യമായിരുന്നു ബംഗ്ലാദേശ്. ഇപ്പോള്‍ സ്‌ഥിതി മാറിയിരിക്കുന്നു. ഇന്ത്യാ വിരുദ്ധ വികാരം പ്രചരിപ്പിക്കാന്‍ ആ രാജ്യത്ത് ആളുകളുണ്ട്. പിന്തുണയ്‌ക്കാന്‍ ഒരു ഭരണകൂടവും.
1905 ല്‍ കഴ്‌സണ്‍ പ്രഭു ബംഗാളിനെ വിഭജിച്ചപ്പോള്‍ ബംഗാളികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. പക്ഷേ, നിശബ്‌ദമായി വിഭജന ശക്‌തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1947 ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടതോടെ ബംഗാളിന്റെ ഒരു ഭാഗം പാകിസ്‌താന്റെ ഭാഗമായി. അവര്‍ കിഴക്കന്‍ പാകിസ്‌താനായി മാറി. ഉള്ളുകൊണ്ട് പാകിസ്‌താനെ അംഗീകരിക്കാന്‍ ബംഗാളികള്‍ക്കായില്ല.
1954 മാര്‍ച്ചില്‍ നടന്ന കിഴക്കന്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവാമി മുസ്ലീം ലീഗ്, കൃഷക്‌ശ്രമിക് പാര്‍ട്ടി, നിസാംഇഇസ്ലാം എന്നീ കക്ഷികളുടെ സഖ്യമായ ഐക്യമുന്നണി അധികാരത്തിലേറി. കൃഷക് ശ്രമിക് പാര്‍ട്ടി നേതാവായ ഫ്‌സലുള്‍ ഹഖ് മുഖ്യമന്ത്രിയായി.
പാകിസ്‌താന്‍ കേന്ദ്രീകരിച്ചുള്ള മുസ്ലീം ലീഗ് മന്ത്രിസഭയെ പുറത്താക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ അവരതില്‍ വിജയിച്ചു. ബംഗാളികളും അല്ലാത്തവരും തമ്മിലുണ്ടായ കലാപമായിരുന്നു കാരണം. ഫസലുള്‍ ഹഖിനെ കേന്ദ്ര അഭ്യന്തരമന്ത്രിയാക്കുകയും ചെയ്‌തു. ഇതോടെ ഐക്യമുന്നണി പിളര്‍ന്നു. അവാമി മുസ്ലീം ലീഗ് 'മുസ്ലീം' എന്ന വാക്കുപേക്ഷിച്ച് മതനിരപേക്ഷതയുടെ പാത സ്വീകരിച്ചു. കിഴക്കന്‍പടിഞ്ഞാറന്‍ പാകിസ്‌താനുകള്‍ തമ്മിലുള്ള അകലം കൂടി. വരുമാനത്തിന്റെ ഏറിയ പങ്കും പടിഞ്ഞാറന്‍ പാകിസ്‌താന്‍ കൊണ്ടുപോയി. സര്‍ക്കാര്‍ തലത്തിലും സിവില്‍ സര്‍വീസ് തലത്തിലും സൈന്യത്തിലുമൊക്കെ കിഴക്കന്‍ പാകിസ്‌താന്‍കാര്‍ക്ക് അവഗണന നേരിടേണ്ടി വന്നു. പാകിസ്‌താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കാശ്‌മീര്‍ പ്രശ്‌നത്തിലും കിഴക്കന്‍ പാകിസ്‌താനു വലിയ താല്‌പര്യമില്ലായിരുന്നു.
1970- 71 ലെ പാകിസ്‌താന്‍ പാര്‍ലമെന്റിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ഫലം വന്നപ്പോളാണു ഭിന്നത രൂക്ഷമായത്. കിഴക്കന്‍ പാകിസ്‌താനിലെ ഭൂരിപക്ഷം സീറ്റുകളും അവാമി ലീഗ് നേടി. അവാമി ലീഗിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അലസി. പ്രസിഡന്റ് യാഹ്യാ ഖാന്‍ പാര്‍ലമെന്റ് സമ്മേളനം അനിശ്‌ചിതകാലത്തേക്ക് മാറ്റിവച്ചു.
1970ല്‍ കിഴക്കന്‍ പാകിസ്‌താനില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ അഞ്ചു ലക്ഷത്തോളം പേര്‍ മരിച്ചു. പക്ഷേ, പാക് സര്‍ക്കാര്‍ അവഗണിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ഷേയ്‌ഖ് മുജീബ് ഉര്‍ റഹ്‌മാനെ തഴഞ്ഞതോടെ രോഷം അണപൊട്ടി. പട്ടാളക്കാര്‍ 1971 മാര്‍ച്ച് 26ന് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു ജയിലിലടച്ചു. പട്ടാളക്കാരുടെ അഴിഞ്ഞാടലില്‍ പല ബംഗാളികള്‍ക്കും ജീവനും സ്വത്തും നഷ്‌ടമായി.
1971 മാര്‍ച്ച് 27നു പാകിസ്‌താനി സേനയില്‍ മേജറായിരുന്ന സിയാവുര്‍ റഹ്‌മാന്‍, മുജീബുര്‍ റഹ്‌മാന്റെ പേരില്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1971 ഏപ്രിലില്‍ അവാമി ലീഗ് നേതാക്കള്‍ പ്രവാസി സര്‍ക്കാരിനു രൂപം കൊടുത്തു. 1971 ഏപ്രിലോടെ പശ്‌ചിമബംഗാള്‍, ബിഹാര്‍, അസം, മേഘാലയ, ത്രിപുര സംസ്‌ഥാനങ്ങള്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞു. മുക്‌തിബാഹിനി ഗറില്ലകള്‍ക്ക് ഇന്ത്യന്‍ സേന പരിശീലനം നല്‍കി.
1971 ഡിസംബര്‍ 3ന് പാകിസ്‌താന്‍ ഇന്ത്യയ്‌ക്കുനേരേ വ്യോമാക്രമണം ആരംഭിച്ചു. ഇന്ത്യയും തിരിച്ചടിച്ചു. 1971 ഡിസംബര്‍ 16ന് പാകിസ്‌താന്‍ സേന കീഴടങ്ങി. അങ്ങനെ കിഴക്കന്‍ പാകിസ്‌താന്‍ ബംഗ്ലാദേശായി.
ഇപ്പോള്‍ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ കാലമാണ്. ഒരിക്കല്‍ ശക്‌തമായിരുന്ന ബന്ധം തിരിച്ചെടുക്കാനാവാത്ത വിധം ദുര്‍ബലമാകുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നുവരികയാണ്.
ഹിന്ദു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് ഇന്ത്യയില്‍ ബംഗ്ലാദേശ് വിരുദ്ധ വികാരം ഉണര്‍ന്നുവരാന്‍ കാരണം. മതനിന്ദാകുറ്റം ആരോപിച്ചാണു ദീപൂ ചന്ദ്ര ദാസി(27)നെ ജനക്കൂട്ടം കൊലപ്പെടുത്തിയത്. വടക്കന്‍ ബംഗ്ലാദേശിലെ മൈമെന്‍സിങ്ങിലായിരുന്നു സംഭവം.. ഷെരീഫ് ഉസ്‌മാന്‍ ഹാദി എന്ന വിദ്യാര്‍ഥി നേതാവിന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ക്കിടയിലാണു ദാസിന്റെ കൊലപാതകം നടന്നത്. ഹാദിയുടെ കൊലപാതകത്തിനു പിന്നില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ അണികള്‍ക്ക് ബന്ധമുണ്ടെന്ന് തീവ്രവാദികള്‍ ആരോപിക്കുന്നു. ഇതു മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിച്ചു. എന്നാല്‍, പ്രതി രാജ്യം വിട്ടതായി സ്‌ഥിരീകരണമില്ലെന്നു വ്യക്‌തമാക്കിയത് ബംഗ്ലാദേശ് പോലീസ് തന്നെയാണ്.
അകല്‍ച്ച തുടങ്ങിയതോടെ സമീപ ദിവസങ്ങളില്‍, ഇരു രാജ്യങ്ങളും വിസാ സേവനങ്ങള്‍ നിര്‍ത്തിവച്ചു. തങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇരുപക്ഷവും ആരോപിച്ചു.
ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധ വികാരം പുതിയതല്ല. ഷെയ്‌ഖ് ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തിന് ഇന്ത്യയുടെ പിന്തുണ ലഭിച്ചെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ഹസീന ഇന്ത്യയില്‍ അഭയം തേടിയതും, ഇന്ത്യ അവരെ തിരികെ അയയ്‌ക്കാന്‍ തയാറാകാത്തതും ആ അകല്‍ച്ച വര്‍ധിപ്പിച്ചു.
കഴിഞ്ഞ ആഴ്‌ചകളില്‍, ബംഗ്ലാദേശ് സുരക്ഷാ സേനയ്‌ക്ക് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ തടയേണ്ടി വന്നു. കഴിഞ്ഞ ആഴ്‌ച, ചിറ്റഗോംഗിലെ ഇന്ത്യന്‍ അസിസ്‌റ്റന്റ് ഹൈക്കമ്മിഷന്‍ കെട്ടിടത്തിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞത് രോഷത്തിനു കാരണമായി. ഈ സംഭവത്തില്‍ 12 പേരെ പോലീസ് പിന്നീട് കസ്‌റ്റഡിയിലെടുത്തെങ്കിലും, അവര്‍ക്കെതിരേ കുറ്റം ചുമത്തിയില്ല. ഇന്ത്യയില്‍ തിരിച്ചും പ്രതിഷേധ റാലികള്‍ നടന്നു.
നോബല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍, 'പുതിയ ബംഗ്ലാദേശില്‍ ഇത്തരം അക്രമങ്ങള്‍ക്ക് സ്‌ഥാനമില്ലെന്ന്' ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, പ്രവര്‍ത്തിയിലെത്തുന്നില്ലെന്നു മാത്രം.
ഹസീനയുടെ പുറത്താക്കലിനു ശേഷം മതമൗലികവാദികള്‍ കൂടുതല്‍ ശക്‌തരായി. അതോടെ സമൂഹത്തില്‍ അസഹിഷ്‌ണുത ആധിപത്യം പുലര്‍ത്താന്‍ തുടങ്ങി.
തീവ്രവാദികള്‍ നൂറുകണക്കിന് സൂഫി ആരാധനാലയങ്ങള്‍ വികൃതമാക്കി. ഹിന്ദുക്കളെ ആക്രമിച്ചു. ചിലയിടങ്ങളില്‍ സ്‌ത്രീകളെ ഫുട്‌ബോള്‍ കളിക്കുന്നതില്‍നിന്ന് തടയുകയും, സംഗീതസാംസ്‌കാരിക പരിപാടികള്‍ നിഷേധിക്കുകയും ചെയ്‌തു. മനുഷ്യവകാശ സംഘടനകളും കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ വര്‍ധിച്ചു വരുന്ന ജനക്കൂട്ടം മൂലമുള്ള അക്രമങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
എതിര്‍ക്കുന്നവരെ 'ഇന്ത്യന്‍ അനുകൂലികള്‍' എന്നു മുദ്രകുത്തിയാണ് ഇപ്പോള്‍ തീവ്രവാദികള്‍ ആക്രമിക്കുന്നത്.
കഴിഞ്ഞയാഴ്‌ച ബംഗ്ലാദേശ് ദിനപത്രങ്ങളായ ദ് ഡെയ്‌ലി സ്‌റ്റാര്‍, പ്രോതോം അലോ, ഒരു സാംസ്‌കാരിക സ്‌ഥാപനം എന്നിവയുടെ ഓഫീസുകള്‍ 'ഇന്ത്യന്‍ അനുകൂലികള്‍' എന്ന് ആരോപിച്ച് അഗ്നിക്കിരയാക്കി.
ഡാക്കയിലെ ഇടക്കാല ഭരണകൂടം പരിമിതികളുടെ മധ്യത്തിലാണ്. ബംഗ്ലാദേശിന്റെ ആഭ്യന്തര, വിദേശ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്കാകുന്നില്ല. രാജ്യത്ത് ഫെബ്രുവരി 12നു തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്‌ചയിച്ചിട്ടുണ്ട്, അതുവരെ പിടിച്ചുനില്‍ക്കുക
യൂനുസിന് ശ്രമകരമാണ്. ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കപ്പെട്ടിരിക്കുന്നതിനാല്‍, ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാര്‍ട്ടി (ബി.എന്‍.പി) വിജയിക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രനിലപാടുള്ള പാര്‍ട്ടികള്‍ ബി.എന്‍.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. വര്‍ഗീയ പാര്‍ട്ടികള്‍ ഇന്ത്യ വിരുദ്ധ വികാരങ്ങള്‍ ചൂഷണം ചെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇന്ത്യ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ ഏറ്റവും വലിയ ഇര ഇന്ത്യയല്ല, ബംഗ്ലാദേശ് പൗരന്മാര്‍ തന്നെയാണ്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി ചര്‍ച്ചനടത്തി പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കാനാണ് ഇന്ത്യയുടെ നീക്കം.
പ്രത്യേക ലേഖകന്‍