-->
തൊടുപുഴ: മോഷ്‌ടാവിനെ അന്വേഷിച്ചിറങ്ങിയ കഞ്ഞിക്കുഴി പോലീസ് കണ്ടത് ഭാര്യയെയും മക്കളെയും തേടി അലയുന്ന യുവാവിനെ. ഭക്ഷണംപോലും കഴിക്കാതെ അലഞ്ഞ ഝാര്‍ഖണ്ഡ് സ്വദേശിക്ക് ഒടുവില്‍ പോലീസ് തുണയായി.
കഴിഞ്ഞ 21 നു വൈകിട്ടാണ് സ്‌റ്റേഷനിലേക്ക് വിളി വന്നത്. പനംകുട്ടിയിലും പരിസര പ്രദേശത്തും ഒരു യുവാവ് അലഞ്ഞുതിരിഞ്ഞു നടക്കുന്നു. മോഷ്‌ടാവാണെന്നായിരുന്നു നാട്ടുകാരുടെ സംശയം. എസ്.ഐ: താജുദ്ദീന് അഹമ്മദും പി.ആര്‍.ഒ: അജിത് കുമാറും എസ്.സി.പി.ഒ: പി.എ. ഷെരീഫും അവിടേക്ക് പുറപ്പെട്ടു. ഫോണില്‍ പറഞ്ഞ സ്‌ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. സ്‌റ്റേഷന്‍ പരിധി പിന്നിട്ടും അന്വേഷണം തുടര്‍ന്നു.
പാംബ്ല അണക്കെട്ടിന് അടുത്തെത്തിയപ്പോള്‍ ഒരു യുവാവിനെ കണ്ടു. ചാക്ക് പുറത്ത് തൂക്കി, മുഷിഞ്ഞ വേഷം ധരിച്ച ഒരു യുവാവ് ക്ഷീണതനായി നടക്കുന്നു. ആളുടെ ശരീരമാകെ വിറയ്‌ക്കുന്നുണ്ടായിരുന്നു. സംസാരിക്കുന്നത് പ്രാദേശിക ഭാഷ. പോലീസുകാര്‍ ഏറെ ബുദ്ധിമുട്ടി. എസ്.ഐ താജുദ്ദീന്‍ ഹിന്ദിയൊക്കെ പറഞ്ഞ് ഒരുവിധം കാര്യങ്ങള്‍ മനസിലാക്കി. യുവാവിന്റെ പേര് ബറന്‍ മറാണ്ടി. ഝാര്‍ഖണ്ഡ് സ്വദേശി.
ഒരു മാസം മുമ്പ് കേരളത്തിലേക്ക് ആളുടെ ഭാര്യ, മൂന്ന് കുഞ്ഞുമക്കളോടൊപ്പം ഇടുക്കിയിലെ ഒരു ഏലത്തോട്ടത്തില്‍ ജോലിക്ക് വന്നു. അവരെ തേടി ഇറങ്ങിയതാണ്. രണ്ട് ദിവസം മുമ്പ് എറണാകുളത്ത് ട്രെയിന്‍ ഇറങ്ങി. കോണ്‍ട്രാക്‌ടര്‍ കൂടെയുണ്ടായിരുന്നു. ഇടയ്‌ക്ക് എപ്പോഴോ കോണ്‍ട്രാക്‌ടറുമായുള്ള ബന്ധം നഷ്‌ടപ്പെട്ടു. എങ്ങിനെയോ വനമേഖലയില്‍ ബസിറങ്ങി. രണ്ട് ദിവസമായി ഭക്ഷണമില്ലാതെ അലയുകയാണ്. വിശന്ന് സ്വബോധം പോലും നഷ്‌ടപ്പെട്ടു. പാംബ്ല ഡാമില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തങ്ങളുടെ ഭക്ഷണപ്പൊതി യുവാവിന് നല്‍കി. അത് കഴിച്ചപ്പോഴേക്കും ക്ഷീണം അല്‍പ്പം അകന്നു.
കൈയിലുണ്ടായിരുന്ന ബാഗില്‍ ഭാര്യ മേരി സൊറന്‍ ജോലി ചെയ്യുന്നിടത്തെ നമ്പരുണ്ടായിരുന്നു. എന്നാല്‍, ആ ബാഗ് നഷ്‌ടപ്പെട്ടു. ബാഗിന് വേണ്ടിയായി പിന്നെ തിരച്ചില്‍. ഒടുവില്‍ അത് കണ്ടെത്തി. ബാഗല്ല. ഒരു ചെറിയ ചാക്ക്. കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പ്, ഭാര്യക്കുള്ള ചുരിദാര്‍, കുറച്ച് വസ്‌ത്രങ്ങളും കുഞ്ഞിന്റെ ആധാര്‍ കാര്‍ഡ്, ഒരു പേപ്പറില്‍ എഴുതിയ ഫോണ്‍ നമ്പര്‍. അതില്‍ വിളിച്ചപ്പോള്‍ അണക്കരയിലെ തോട്ടമേതെന്ന് മനസിലായി. കാണാതായ ഭര്‍ത്താവ് വരുന്നതും കാത്ത് ഭാര്യ കണ്ണീരോടെ കാത്തിരിക്കുന്നുവെന്നും അറിഞ്ഞു.
യുവാവ് ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഒരു കെ.എസ്.ആര്‍.ടി.സി ബസില്‍ യുവാവിനെ അണക്കരിയിലേക്ക് അയച്ചു. യുവാവിനെ ശ്രദ്ധിക്കണമെന്നും വേണ്ട കാര്യങ്ങളെല്ലാം നോക്കണമെന്നും കണ്ടക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി. അങ്ങിനെ ബറന്‍ മറാണ്ടി ഭാര്യയുടെയും മക്കളുടെയും അരികിലെത്തി. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ തോട്ടം അധികൃതര്‍ പോലീസിന് അയച്ചുനല്‍കി. അണക്കരയിലെ നന്ദീശ ആശ്രമത്തിലെ തോട്ടത്തില്‍ പണിയെടുത്ത് ജീവിക്കുന്നു. മക്കള്‍: അജയ് മറാണ്ടി, അഞ്‌ജലി മറാണ്ടി, അന്‍സു മറാണ്ടി.