-->
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് നടത്തിയ അഭിപ്രായസര്‍വേയില്‍ സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കില്‍ തീരുമാനം മറ്റൊന്ന് ആകുമായിരുന്നെന്ന് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തതെന്നും കൗണ്‍സിലര്‍മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റിയില്ലെന്നും പറഞ്ഞു. അതേസമയം തനിക്ക് നിരാശയുമില്ല പരാതിയുമില്ലെന്നും രണ്ട് മേയര്‍മാര്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും ദീപ്തി മേരി വര്‍ഗ്ഗീസ് വ്യക്തമാക്കി.
സ്ഥാനങ്ങള്‍ മോഹിച്ചല്ല രാഷ്ട്രീയത്തില്‍ വന്നത്. നടപടിക്രമങ്ങള്‍ പാലിക്കാത്തത്തില്‍ അഭിപ്രായം പറയേണ്ടത് കെപിസിസിയും ജില്ല നേതൃത്വവുമാണ്. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയതില്‍ സുതാര്യതയില്ലായിരുന്നെന്നും തനിക്ക് കൗണ്‍സിലര്‍മാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ലെന്നും നേതൃത്വം നല്‍കിയവര്‍ മറുപടി പറയണമെന്നും ദീപ്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളിലും ഇത് വലിയ അതൃപ്തിക്ക് കാരണമായി മാറിയിട്ടുണ്ട്. ദീപ്തി മേരി വര്‍ഗീസിനെ ഒഴിവാക്കിയതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സമൂഹ്യ മാധ്യമത്തില്‍ ദീപ്തിക്ക് പിന്തുണ നല്‍കി മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നു. അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രംഗത്ത് വന്നിരുന്നു. കെപിസിസി മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്നും കൊച്ചി കോര്‍പ്പറേഷനില്‍ ഗ്രൂപ്പ് സജീവമാണെന്നും അജയ് തറയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോര്‍പ്പറേഷന്‍ തലത്തിലുള്ള കോര്‍കമ്മിറ്റി കൂടാതെ മേയറെ പ്രഖ്യാപിച്ചു. ഏത് മാനദണ്ഡമാണ് ഉപയോഗിച്ചതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. ഭൂരിപക്ഷ അഭിപ്രായം ആരുടേതാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഡെപ്യൂട്ടി മേയര്‍ പദവിയില്‍ കൂടിയാലോചന നടത്താത്തതില്‍ മുസ്ലിംലീഗിനും അതൃപ്തിയുണ്ട്. ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും.
വി കെ മിനിമോളും ഷൈനി മാത്യൂവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക. 22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം. രണ്ടുപേര്‍ ദീപ്തിക്കും ഷൈനിക്കുമായി മേയര്‍പദവി പങ്കിടണമെന്ന് നിലപാടെടുക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ പേര്‍ തുണച്ചത് ഷൈനി മാത്യുവിനെ എങ്കിലും വി കെ മിനി മോള്‍ക്ക് ആദ്യ ടേം നല്‍കാനാണ് ധാരണ. പ്രധാന നേതാക്കളുടെ നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അംഗീകരിക്കുകയായിരുന്നു. കെപിസിസി സര്‍ക്കുലര്‍ അട്ടിമറിച്ച തീരുമാനമെന്നാണ് ദീപ്തി അനുകൂലികളുടെ നിലപാട്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ പിന്തുണ മാത്രം പരിഗണിച്ചാണെങ്കില്‍ ടേം വ്യവസ്ഥയില്ലാതെ ഷൈനി മാത്യുവിനെ പരിഗണിക്കേണ്ടതല്ലേ എന്നും ഇവര്‍ ചോദിക്കുന്നു.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് മിനി മോള്‍ക്ക് അനുകൂലമായത്. ലത്തീന്‍ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നല്‍കാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും.