-->
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സി.പി.എം പതിവിന് വിരുദ്ധമായി അംഗത്വം പുതുക്കല്‍ നടപടികള്‍ക്ക് വേഗം കൂട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജനുവരി ഒന്നുമുതല്‍ മെമ്പര്‍ഷിപ്പ് പുതുക്കല്‍ നടപടികള്‍ക്ക് തുടക്കമിടാന്‍ സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കീഴ്‌ഘടകങ്ങള്‍ക്ക് ലഭിച്ചു. സാധാരണ മാര്‍ച്ച് മാസത്തിലാണ് അംഗത്വം പുതുക്കല്‍ തുടങ്ങുക. ഇത്തവണ ജനുവരി 15 നകം പുതിയ അംഗങ്ങളെ ചേര്‍ക്കുകയും നിലവിലുള്ളത് പുതുക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി നന്നായി പ്രവര്‍ത്തിക്കാത്ത ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ചിലെ പൂര്‍ണ അംഗങ്ങള്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങള്‍ വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്നു ജില്ലാ ഘടകത്തിന് ഈ മാസം അവസാനം കൈമാറണം. നടപടിക്ക് വിധേയരാകുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബന്ധപ്പെട്ട ഘടകങ്ങളില്‍ നിന്ന് മാറ്റണം. റിപ്പോര്‍ട്ടുകളില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ജനുവരി 15ന് ശേഷം നിയമസഭാ ബൂത്ത് കമ്മറ്റികളും രൂപീകരിക്കും.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റത് എങ്ങനെയെന്ന് വിലയിരുത്താന്‍ സി.പി.എം ജില്ലാ സെന്ററുകള്‍ക്ക് ചോദ്യാവലികള്‍ നല്‍കിയിട്ടുണ്ട്.
22 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് നിര്‍ദേശം. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേരു ചേര്‍ക്കുന്ന പ്രവര്‍ത്തനം,പാര്‍ട്ടിക്കും മുന്നണിക്കും ലഭിക്കുമെന്ന് കരുതിയ വോട്ടുകളില്‍ ചെയ്യാതെ പോയവ, എത്ര വാര്‍ഡുകളില്‍ നവമാധ്യമഗ്രൂപ്പുകള്‍ രൂപീകരിച്ചു എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ താഴെത്തട്ടില്‍ പാര്‍ട്ടി നേരിട്ട പോരായ്‌മകള്‍ പരിശോധിക്കാനാണ് ലക്ഷ്യം.
2020ലെയും ഇത്തവണത്തെയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും താരതമ്യം ചെയ്യാനും നിര്‍ദേശമുണ്ട്. ഓരോ ഏരിയയിലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച പ്രധാനപ്പെട്ട ഘടകങ്ങള്‍, സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ എന്തു ചെയ്‌തു തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.