Thursday, March 12, 2026 Last Updated 22 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 02.15 PM

ഉള്ളു നീറുന്ന നൊമ്പരവും കൈ നിറയെ മല്ലിപ്പൂക്കളുമായി ശ്രീനിയേട്ടനെ കാണാന്‍ പാര്‍ത്ഥിപന്‍ എത്തി; ഒറ്റയ്ക്കുള്ള ഡ്രൈവിംഗില്‍ താരം തലനാരിഴയ്ക്ക് രക്ഷപെട്ടത് 4 അപകടങ്ങളില്‍ നിന്ന്

മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് തീരാനൊമ്പരം പേറിയാണ് കേരളക്കര യാത്രാമൊഴി നല്‍കിയത്. ഇപ്പോഴിതാ ​തന്റെ പ്രിയസുഹൃത്തിനെ കാണാനെത്തിയതിനെക്കുറിച്ച് കുറിക്കുകയാണ് തമിഴ് നടന്‍ പാര്‍ത്ഥിപന്‍.
Sreenivasan, Tamil actor Parthiban Radhakrishnan
Parthiban Radhakrishnan pay his respects to beloved Sreenivasan (Image Source: Facebook)

മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഖത്തിലാണ് കേരളം. ശ്രീനിവാസന്റെ വിയോഗം കേരളക്കരയെ ഒന്നാകെ സങ്കടക്കടലിലാഴ്ത്തി. പ്രമുഖരും സാധാരണക്കാരുമായി ആയിരകണക്കിന് മനുഷ്യന്മാരാണ് ഞായറാഴ്ച ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ അതുല്യപ്രതിഭ​യുടെ വീട്ടിലേക്ക് എത്തിയത്. 80-കളിലെയും 90-കളിലെയും നടന്മാരെയും ചലച്ചിത്രപ്രവർത്തകരുമടക്കം എല്ലാവരും അവിടേക്ക് എത്തിയിരുന്നു. മലയാളത്തിൽ നിന്നുള്ള നടന്മാർ മാത്രമല്ല, തമിഴിൽ നിന്ന് സൂര്യയും പാർത്ഥിപനുമെല്ലാം ശ്രീനിവാസനെ അവസാനമായി കാണാനെത്തി.
ഇപ്പോഴിതാ ശ്രീനിവാസന് ആദരസൂചകമായി മുൻകൂട്ടി നിശ്ചയിച്ച ദുബായ് യാത്ര റദ്ദാക്കി കൊച്ചിയിലേക്കെത്തിയതിനെ കുറിച്ച്‌ പങ്കുവയ്ക്കുകയാണ് നടൻ പാർത്ഥിപൻ. തനിക്ക് എവിടെയിരുന്നുവേണമെങ്കിലും അദ്ദേഹത്തിന് അനുശോചനം അറിയിക്കാമായിരുന്നെന്നും. എന്നാല്‍, അവസാനമായൊന്ന് കാണണമെന്ന ആഗ്രഹത്തിലാണ് ഇത്രയും ദൂരം യാത്ര ചെയ്തതെന്നും യാത്രാമധ്യേ തലനാരിഴയ്ക്കാണ് നാല് അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടതെന്നും പാര്‍ത്ഥിപന്‍ കുറിച്ചു.
‘‘ഞാൻ എങ്ങനെയാണ് കൊച്ചിയിലെത്തിയത് എന്ന് കേട്ടാല്‍ വാക്കുകൾക്കതീതമായ ഒരു തീവ്രമായ അനുഭവമായിരുന്നു അത്. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങൾ ലഭ്യമല്ലായിരുന്നു. വൈകുന്നേരം 7:55 ന് ഞാൻ എന്റെ ബെൻസ് എടുത്ത് സ്വയം വണ്ടിയോടിച്ചു. രാത്രി 8:40 ന് ഞാൻ വിമാനത്താവളത്തിലെത്തി. വഴിയിൽ, നാല് വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് അപകടങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. നാല് തവണ അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്. ഞാൻ ഒറ്റയ്ക്കാണ് വണ്ടിയോടിച്ചത്.
രാത്രി 8:50 നാണ് വിമാനം ഷെഡ്യൂൾ ചെയ്തിരുന്നത്. എയർപോർട്ടില്‍ എത്തിയ ശേഷവും സീറ്റുകളൊന്നും ഒഴിവുണ്ടായിരുന്നില്ല. ഇൻഡിഗോയിലെ സീനിയർ മാനേജരോട് പകുതി തമാശയായും പകുതി ഗൗരവത്തിലും ഞാൻ പറഞ്ഞു, ‘യാത്ര ചെയ്യാൻ വേറെ വഴികളൊന്നുമില്ലെങ്കിൽ എനിക്ക് പൈലറ്റിന്റെ സീറ്റായാലും മതി’ എന്ന്. ഒടുവിൽ 9:25-ന് ഒരു ജീവനക്കാരൻ തന്റെ യാത്ര ഒഴിവാക്കിയതോടെ ആ സീറ്റ് എനിക്ക് ലഭിച്ചു. ആ ക്രമീകരണം ചെയ്തുതന്ന സീനിയർ മാനേജരോട് എനിക്ക് എന്നും കടപ്പാടുണ്ട്.
രാത്രി 11:00 മണിയോടെ ഞാൻ കൊച്ചിയിലെത്തി. എവിടെ താമസിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഒടുവിൽ ശ്രീനിവാസൻ സാറിന്റെ വീടിനടുത്ത് ഒരു ചെറിയ ഹോട്ടല്‍ കണ്ടെത്തി. സത്യത്തില്‍ ഞാൻ ഇന്ന് ദുബായില്‍ ഉണ്ടാകേണ്ടതായിരുന്നു. ഞാൻ എന്റെ ഫ്ലൈറ്റും ഹോട്ടലും റദ്ദാക്കി. എന്റെ ഹോട്ടൽ ഞാൻ റദ്ദാക്കി.
എന്നിട്ടും എന്തോ ഒന്ന് എന്നെ ഇങ്ങോട്ട് വലിച്ചു. ഞാൻ എന്തിനാണ് അത്ര ദൂരത്ത് നിന്ന് ഇത്രയും വേഗത്തിൽ ഓടി വന്നതെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു. ഉള്ളിൽ എന്തോ ഒന്ന് എന്നെ അതിശക്തമായി ഇടിക്കുന്നുണ്ടായിരുന്നു. ഒരു വശത്ത് മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ ഇതിഹാസങ്ങൾ ഉണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ഒരുപാട് സമ്പത്ത് കണ്ടിട്ടുണ്ട്. എന്നാൽ എന്റെ മുന്നിൽ നിന്നത് പണമല്ല മറിച്ച് പവിത്രമായ ഒരു ആത്മാവും, അങ്ങേയറ്റം ബഹുമാനം അർഹിക്കുന്ന ഒരു വലിയ കലാകാരനുമായിരുന്നു.
എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഞാൻ കുറച്ച് മല്ലിപ്പൂക്കളും കരുതിയിരുന്നു. ആരും എന്നെ തിരിച്ചറിയില്ലെന്ന് എനിക്കറിയാമായിരുന്നു, അത് എന്റെ ലക്ഷ്യവുമല്ലായിരുന്നു. ഈ പ്രവൃത്തി പ്രപഞ്ചത്തിന്റെ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തപ്പെടും എന്നത് മാത്രമായിരുന്നു എനിക്ക് പ്രധാനം. പൂർണ്ണമായ ആത്മാർത്ഥതയോടെ ഒന്ന് ചെയ്യുമ്പോൾ, അത് എത്തേണ്ടിടത്ത്... ആ സൗഹൃദത്തിലേക്ക്...എത്തും; അതിന് പ്രപഞ്ചം മാത്രം സാക്ഷിയായാൽ പോലും.
ആരും എന്നെ ശ്രദ്ധിച്ചില്ലെന്നാണ് ഞാൻ കരുതിയത്, അതിൽ ഞാൻ സന്തുഷ്ടനുമായിരുന്നു. ആ നിമിഷം നിശബ്ദമായി എന്നിൽ തന്നെ തുടർന്നു. എന്നാല്‍ ‘എസ്കേപ്പ് ഫ്രം ഉഗാണ്ട’യില്‍ എന്നോടൊപ്പം പ്രവർത്തിച്ച സംവിധായകൻ രാജേഷ് എന്നെ തിരിച്ചറിയുകയും സന്ദേശം അയക്കുകയും ചെയ്തു.
‘‘ഇന്ന് ആ ജനക്കൂട്ടത്തിനിടയില്‍ നിങ്ങളെ കണ്ടപ്പോള്‍ സത്യസന്ധമായി പറയട്ടെ, വലിയ സന്തോഷം തോന്നി. ശുദ്ധമായ സൗഹൃദം. തികഞ്ഞ ബഹുമാനം. ശ്രീനിയേട്ടന് വേണ്ടി മാത്രം ചെന്നൈയില്‍ നിന്ന് ഇത്രയും ദൂരം ഓടി വന്നത് നിങ്ങളെന്താണെന്ന് തെളിയിക്കുന്നു. ഒരു നല്ല മനുഷ്യൻ, ഒരു യഥാർത്ഥ സുഹൃത്ത്. എന്റെ ഹൃദയത്തെ സ്പർശിച്ചു സഹോദരാ. സ്നേഹത്തോടെ വലിയൊരു ആലിംഗനം, ആദരവ്....
ഇന്ന് നിങ്ങള്‍ എനിക്ക് വലിയൊരു ജീവിത തത്വം പഠിപ്പിച്ചു തന്നു. ഒരു പാഠത്തേക്കാള്‍ ഉപരി ഇതൊരു തത്വശാസ്ത്രമാണ്. അത് എന്നും എന്റെ കൂടെയുണ്ടാകും. നന്ദി സർ. ഒരുപാട് സ്നേഹവും ആദരവും...അവിടെ കണ്ട എല്ലാ നായകന്മാർക്കും ഇടയില്‍, നിങ്ങളാണ് ഏറ്റവും വലിയ നായകൻ.
അവർ ഈ തലമുറയിലെ (ജെന്‍ ഇസഡ്) കുട്ടികളാണ് സർ. അവർ ഇന്ന് നിങ്ങളുടെ സിനിമകള്‍ കാണാൻ പോകുകയാണ്. ഒരു യഥാർത്ഥ ഹീറോ എന്നാല്‍ എന്താണെന്ന് അവർക്ക് കാണിച്ചുകൊടുക്കാൻ ഞാൻ ആഗ്രഹിച്ചു, ഞാനത് ചെയ്യുന്നുമുണ്ട്. ഒരാള്‍ ഇങ്ങനെ വന്ന് ആരോടും ഒന്നും പറയാതെ മടങ്ങിപ്പോയി എന്ന് പറഞ്ഞപ്പോള്‍ അവർ പോലും വികാരാധീനരായി’എന്നായിരുന്നു രാജേഷിന്റെ സന്ദേശം... ശുഭരാത്രി സുഹൃത്തുക്കളെ...’’ എന്നാണ് പാര്‍ത്ഥിപന്‍ കുറിച്ചത്. ശ്രീനിവാസന്റെ വീട്ടിലെത്തുന്ന വീഡിയോ പങ്കുവച്ചാണ് പാര്‍ത്ഥിപന്‍ തന്റെ നൊമ്പരവും അവസാനമായി കാണാന്‍ എത്തിയ യാത്രയും പങ്കിട്ടത്.

Ads by Google
Monday 22 Dec 2025 02.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW