-->
മലയാള സിനിമയിൽ ഏറ്റവും വിജയകരമായി നടൻ തിരക്കഥാകൃത്ത് സംവിധായകന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായ അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസന്‍. ഏറെ നൊമ്പരത്തോടെയാണ് ശ്രീനിവാസന്റെ വിയോഗം കുടുംബവും ആരാധകരും സഹപ്രവര്‍ത്തകരും കേട്ടറിഞ്ഞത്. അഞ്ച് പതിറ്റാണ്ടോളം മലയാളികളുടെ സാമൂഹിക ബോധത്തെയും നർമ്മബോധത്തെയും സ്വാധീനിച്ച ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായത്.
മലയാളസിനിമാപ്രേക്ഷകരുടെ മനസ്സും ചിന്തയും ഭാവുകത്വവും മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകളും വേറിട്ടുനിന്നിരുന്നു. വൈകാരിക നിമിഷങ്ങള്‍ക്കാണ് ശ്രീനിവാസന്റെ കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. ഭാര്യ വിമലയും മക്കളായ വിനീതും ധ്യാനും നിറകണ്ണുകളോടെയാണ് തങ്ങളുടെ എല്ലാമെല്ലാമായ ശ്രീനിവാസനെ യാത്രയാക്കിയത്. ധ്യാന്‍ ശ്രീനിവാസന്റെ കരച്ചിലും വിനീതിന്റെ വിതുമ്പലും കാണുന്ന ഏതൊരാളിനെയും കണ്ണീരിലാഴ്ത്തി. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിതാവിനെ ധ്യാന്‍ ശ്രീനിവാസന്‍ യാത്രയാക്കിയപ്പോള്‍ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സത്യന്‍ അന്തിക്കാട് കടലാസും പേനയും ചിതയില്‍ വെച്ചാണ് വിട പറഞ്ഞത്.
ഇപ്പോഴിതാ പ്രിയ സുഹൃത്തിനായി സത്യന്‍ അന്തിക്കാട് കുറിച്ച വരികളാണ് ആരാധരെ നൊമ്പരത്തിലാഴ്ത്തുന്നത്. തന്റെ ആത്മസുഹൃത്തിന് കണ്ണീരണിഞ്ഞാണ് സത്യന്‍ അന്തിക്കാട് ആ വരികള്‍ കുറിച്ചത്. അന്ത്യസമ്മാനമായി ശ്രീനിവാസന്‍ ഉപയോഗിച്ച പേനകൊണ്ട് സത്യന്‍ അന്തിക്കാട് എഴുതിയത്, ‘എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ...’ എന്നാണ്. മകന്‍ ധ്യാനിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. ആ കടലാസും പേനയും മകന്‍ ധ്യാനാണ് സത്യന്‍ അന്തിക്കാടിന് കൈമാറിയതും ചിതയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതും. ധ്യാനിന്റെ ആവശ്യപ്രകാരം ശ്രീനിവാസന്റെ ഭൗതികശരീരത്തിന് മുകളില്‍ കടലാസും പേനും വെച്ച സത്യന്‍ അന്തിക്കാട്, പൂക്കള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ചു.
അഗ്‌നിപകരും മുമ്പ് ശ്രീനിവാസന്റെ ഭൗതികശരീരത്തിന് അരികിലേക്ക് ധ്യാന്‍ എത്തി, ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ധ്യാന്‍ മുഷ്ടി ചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി. വിങ്ങിപ്പൊട്ടിയ ധ്യാനിനെ സത്യന്‍ അന്തിക്കാട് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
പൊതുദര്‍ശനത്തിന് ശേഷം രാവിലെ പത്ത് മണിയോടെ വീടിന്റെ പൂമുഖത്തെത്തിച്ച ഭൗതികശരീരത്തില്‍ പ്രാര്‍ഥനകളടക്കം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചിതയിലേക്ക് എടുക്കുകയും അവിടെവെച്ച് ഭാര്യ വിമലയും മക്കളും മരുമക്കളും ബന്ധുക്കളും അന്ത്യചുംബനം നല്‍കി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയ ശേഷം വിനീത് ചിതക്ക് അഗ്‌നി പകര്‍ന്നു. ചിതയ്ക്കരികില്‍നിന്ന് പൊട്ടിക്കരയുന്ന കൊച്ചുമകനും സന്തത സഹചാരിയായ ഡ്രൈവര്‍ ഷിനോജും,സുഹൃത്ത് മനു ഫിലിപ്പ് തുകലനും വേര്‍പാട് താങ്ങാനാകാതെ വിങ്ങിപ്പൊട്ടി. സാംസ്‌കാരിക-രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. വീട്ടിലും ടൗണ്‍ഹാളിലും ആയിരങ്ങളാണ് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചത്.
48 വര്‍ഷം നീണ്ട സിനിമാ ജീവിതം കൊണ്ടു മാത്രമല്ല വ്യക്തി എന്ന നിലയിലും ജനഹൃദയം കീഴടക്കി. എന്നും സാധാരണക്കാരന്റെ ജീവിതം ലളിതമായ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ച ശ്രീനിവാസന്‍ ജനകീയ സിനിമകളാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്.
ശനിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുംവഴിയാണ് ശ്രീനിവാസന്‍ അന്തരിച്ചത്. ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരം നാല് മണിയോടെ വീട്ടിലേക്കുതന്നെ കൊണ്ടുവന്നു.