-->
വിദേശ രാജ്യങ്ങളില്‍ ചെന്നാലും സ്വന്തം നാട്ടിലെ ഭക്ഷണം അന്വേഷിക്കുന്നവരാണ് അധികംപേരും. പ്രത്യേകിച്ച് നമ്മള്‍ ഇന്ത്യക്കാര്‍. ഇപ്പോഴിതാ ചിക്കാഗോയിലെ ഒരു വണ്‍ മിഷലിന്‍ സ്റ്റാര്‍ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വച്ച് ഭക്ഷണം കഴിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കയാണ് ഒരു യുവാവ്. ഭക്ഷണത്തിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസണ്‍സ്. അനുഷ്‌ക് ശര്‍മ്മ എന്ന യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണത്തിന്റെ രുചിയെ കുറിച്ചും ഓരോ വിഭവവും എങ്ങനെയിരുന്നു എന്നതിനെ കുറിച്ചുമെല്ലാം യുവാവ് പറയുന്നുണ്ട്.
'ഞങ്ങള്‍ 40,000 രൂപയ്ക്ക് ഇവിടെ നിന്നും ഭക്ഷണം കഴിച്ചു. ചിക്കാഗോയിലെ ഒരു ഇന്ത്യന്‍ മിഷലിന്‍ സ്റ്റാര്‍ റെസ്‌റ്റോറന്റാണിത്, തീര്‍ച്ചയായും ഇത് ആ വിലയ്ക്കുള്ളതുണ്ട്' എന്നും അനുഷ്‌ക് ശര്‍മ്മ വീഡിയോയില്‍ പറയുന്നു. പിന്നീട്, മേശയില്‍ നിരത്തിയിരിക്കുന്ന ഭക്ഷണസാധനങ്ങളും വീഡിയോയില്‍ കാണിക്കുന്നത് കാണാം. പരഗമ്പരാഗതമായ ഇന്ത്യന്‍ വിഭവങ്ങളെ എങ്ങനെയാണ് റെസ്‌റ്റോറന്റ് പുനരവതരിപ്പിച്ചത് എന്നതിനെ കുറിച്ചാണ് പിന്നീട് യുവാവ് പറയുന്നത്. കടുകും കറിവേപ്പിലയുമിട്ട ധോക്ല, ബക്ക്‌വീറ്റ്, പാഷന്‍ ഫ്രൂട്ട്, ഗ്രീന്‍ ആപ്പിള്‍ എന്നിവ ചേര്‍ത്ത പാനിപൂരി എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഇന്ത്യയുടെ തനതായ രുചി പോകാതെ തന്നെയാണ് ഇവയെല്ലാം ഉണ്ടാക്കിയിരിക്കുന്നത് എന്നും അനുഷ്‌ക് പറയുന്നു. സ്‌ട്രോബെറിയും പുളിയും ചേര്‍ത്ത യോഗര്‍ട്ട് ചാട്ട്, ബട്ടര്‍നട്ട് സ്‌ക്വാഷും തക്കാളി പച്ചടിയും ചേര്‍ത്ത ഉഴുന്നുവട തുടങ്ങിയ വിഭവങ്ങളും വീഡിയോയില്‍ കാണാം. മെയിന്‍ കോഴ്‌സായി സെലറിയക് കബാബ്, പനീര്‍ കോഫ്ത തുടങ്ങിയ വിഭവങ്ങളാണ് ഉള്ളത്. ഇവ കൂടാതെ ഡിസേര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്.
ഏതായാലും ഇവിടുത്തെ ഭക്ഷണം വളരെ രുചികരവും മനോഹരമായി തയ്യാറാക്കിയതാണ് എന്നുമാണ് യുവാവ് പറയുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റിന് മിഷലിന്‍ സ്റ്റാര്‍ കിട്ടിയതിന്റെ സന്തോഷം പലരും കമന്റില്‍ പ്രകടിപ്പിച്ചു. എന്നാല്‍, മറ്റ് ചിലര്‍ ഇത്രയും രൂപയ്ക്കുള്ള ഭക്ഷണമുണ്ടോ ഇത് എന്നാണ് ചോദിച്ചത്.