-->
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) അന്വേഷണം നേരിട്ട് ഏറ്റെടുത്തതോടെ ഉന്നത ഉദ്യോഗസ്‌ഥരും ഇടനിലക്കാരും ആശങ്കയില്‍. വീണ്ടും അറസ്‌റ്റ് ഉണ്ടാകാനുള്ള സാധ്യതയുമേറെ. കേസ് ഫയലുകള്‍ കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടതിന് പിന്നാലെ, കൊച്ചിയിലെ ഇ.ഡി. ആസ്‌ഥാനത്ത് അന്വേഷണ ഉദ്യോഗസ്‌ഥരുടെ നിര്‍ണ്ണായക യോഗം ചേര്‍ന്നു.
സ്വര്‍ണ്ണപ്പാളികള്‍ മോഷ്‌ടിച്ച് പകരം ചെമ്പ് പാളികള്‍ വച്ചതിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ എങ്ങോട്ടേക്ക് ഒഴുകി എന്നതിലാണ് ഇ.ഡി. അന്വേഷണം. ഹവാല ഇടപാടുകളിലൂടെ ഈ പണം വിദേശത്തേക്കോ മറ്റു സംസ്‌ഥാനങ്ങളിലേക്കോ കടത്തിയിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ സാമ്പത്തിക വിദഗ്‌ധരുടെ സഹായം തേടിയിട്ടുണ്ട്. നിലവില്‍ ജയിലിലുള്ള പ്രതികളായ ചെന്നൈയിലെ സ്‌മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയെയും മറ്റുള്ളവരെയും ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടും. ഇതിനുശേഷം ഇവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതോടെ, പ്രതികളുടെയും അവരുടെ ബിനാമികളുടെയും പേരിലുള്ള ഭൂമി, ബാങ്ക് നിക്ഷേപം തുടങ്ങിയ ആസ്‌തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇ.ഡി. ഉടന്‍ ആരംഭിക്കും. ഇതു മുന്‍ ദേവസ്വം ഭരണസമിതി അംഗങ്ങളിലേക്കും ഉദ്യോഗസ്‌ഥരിലേക്കും അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.
കേസുമായി ബന്ധപ്പെട്ട ചില പ്രധാന രേഖകള്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നിന്ന് കാണാതായത് അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്. ഇതില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാന്‍ ഡിജിറ്റല്‍ തെളിവുകള്‍ ഇ.ഡി. വീണ്ടെടുക്കും.
ഒളിവില്‍ കഴിയുന്ന ചില പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും നീക്കമുണ്ട്. സംസ്‌ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ ശേഖരിച്ച തെളിവുകള്‍ അപൂര്‍ണ്ണമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര ഏജന്‍സി. വരും ദിവസങ്ങളില്‍ സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമിലും ഭണ്ഡാരത്തിലും ഇ.ഡി ഉദ്യോഗസ്‌ഥര്‍ നേരിട്ടെത്തി പരിശോധന നടത്തും. സ്വര്‍ണ്ണ പാളികളുടെ സാമ്പിളും പരിശോധിക്കും.
കേസ് ഫയലുകള്‍ വിട്ടുകിട്ടാന്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ച ഇ.ഡി, ഈ കേസില്‍ നേരിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്‌റ്റര്‍ ചെയ്‌തു. സ്വര്‍ണ്ണപ്പാളികള്‍ ഉരുക്കി വിറ്റതിലൂടെ ലഭിച്ച പണം രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥ തലത്തിലുള്ള ഉന്നതര്‍ക്കു വീതംവച്ചു നല്‍കിയിട്ടുണ്ടെന്ന നിഗമനത്തിലാണു കേന്ദ്ര ഏജന്‍സി. പ്രതികളായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ ബൈജു എന്നിവരുടെ പങ്ക് സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് ഇ.ഡി. വിശദമായി വിശകലനം ചെയ്‌തു വരികയാണ്. അതിനിടെ, പോലീസ് പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്.