Sunday, March 15, 2026 Last Updated 35 Min 27 Sec ago English Edition
Todays E paper
Ads by Google
ബൈജു ഭാസി
Sunday 21 Dec 2025 10.14 AM

'ചെയ്യാത്ത 500 സിനിമകളാണ്‌ മലയാള സിനിമയില്‍ എന്റെ മികച്ച സംഭാവന’; ഗൗരവതരമായ ചിന്തയുടെയും ഉറവിടം, മലയാളിയുടെ മനസറിഞ്ഞ മാന്ത്രികന്‍

സാധാരണ മനുഷ്യന്റെ സിനിമകള്‍ എഴുതിയും പറഞ്ഞും അസാധാരണ ധിഷണയുള്ള ഒരു മനുഷ്യന്‍ കാലാതിവര്‍ത്തികളായ കുറേ സിനിമകള്‍ ചെയ്‌തുവച്ചു എന്നാകും മലയാളം പില്‍ക്കാലം ശ്രീനിവാസനെ ഓര്‍മിക്കുക.
uploads/news/2025/12/817100/3.jpg

കൊച്ചി: സരസവും കുറിക്കുകൊള്ളുന്നതുമായ ഒരു മറുപടി എന്നും ശ്രീനി സൂക്ഷിച്ചിരുന്നു, അതു സിനിമയിലായാലും ജീവിതത്തിലായാലും. ശ്രീനിയുടെ ഹാസ്യത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്‌ 'ചെയ്യാത്ത 500 സിനിമകളാണ്‌ മലയാള സിനിമയില്‍ തന്റെ മികച്ച സംഭാവനകളെന്നു'ള്ള അദ്ദേഹത്തിന്റെ പ്രതികരണം. അത്രമേല്‍ സരസവും അതുപോലെ തന്നെ ഗൗരവതരമായ ചിന്തയുടെയും ഉറവിടമായിരുന്നു ശ്രീനിവാസന്‍.
എല്ലാകാര്യവും വെട്ടിത്തുറന്ന്‌ വടിവൊത്തു തന്നെ പറയുന്ന സ്വഭാവം അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. നടന്‍ മമ്മൂട്ടിയെ അങ്ങനെയാരും വിമര്‍ശിക്കാറില്ലെങ്കിലും ശ്രീനിവാസന്‍ അതിനും ഒരു അപവാദമായിരുന്നു. അതിനു കാരണവുമുണ്ട്‌. ദീര്‍ഘനാള്‍ ഇരുവരും മദ്രാസില്‍ കഴിഞ്ഞിരുന്നു. അതുമൂലം അവര്‍ക്കിടയില്‍ വലിയൊരു സ്വാതന്ത്ര്യവും ഉടലെടുത്തിരുന്നു. മമ്മൂക്കയുമായുള്ള സൗഹൃദം ദൃഢവും ദീപ്‌തവുമായിരുന്നു.
ശ്രീനിവാസന്റെ സിനിമകള്‍ കേവലം ഹാസ്യത്തില്‍ പരിധിയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലായിരുന്നു. മലയാളിയുടെ പൊതുബോധത്തിന്റെ നേര്‍ചിത്രം അതിലുണ്ടായിരുന്നുവെങ്കിലും അതിനുമപ്പുറമായിരുന്നു അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌. അതുകൊണ്ടായിരുന്നു ആ സിനിമകള്‍ കാലാതീതമായി ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നതും.
ആക്ഷേപ ഹാസ്യം ശ്രീനിയുടെ ശക്‌തിയായിരുന്നു. അത്‌ അദ്ദേഹം മനോഹരമായി സ്‌ക്രിപ്‌റ്റിലാക്കി. പക്ഷം പിടിക്കാതെ ഏതു രാഷ്‌ട്രീയത്തെയും അദ്ദേഹം വിമര്‍ശിച്ചുകൊണ്ടിരുന്നു. കെ.ജി. ജോര്‍ജിന്റെ 'പഞ്ചവടിപ്പാല'ത്തിലെ ശ്രീനിയുടെ കഥാപാത്രം മലയാളിയെ ഒരു പാട്‌ ചിന്തിപ്പിക്കുന്നതായിരുന്നു. ഒരു പക്ഷേ പഞ്ചവടിപ്പാലമെന്ന പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമയില്‍ നിന്നാകണം ശ്രീനിയുടെ ആക്ഷേപഹാസ്യ സിനിമകളുടെ മുളകള്‍ പൊട്ടിയത്‌.
സിനിമ റിയലിസ്‌റ്റിക്‌ ആകുന്നതിനോട്‌ അദ്ദേഹത്തിന്‌ എതിര്‍പ്പുണ്ടായിരുന്നു. ജീവിതത്തില്‍ പതിവായി കാണുന്നതും നടക്കുന്നതുമായ റിയലിസ്‌റ്റിക്‌ ആയ കാര്യങ്ങള്‍ അതേപടി സിനിമയിലേക്ക്‌ പകര്‍ത്തുന്നതില്‍ അദ്ദേഹത്തിന്‌ യോജിപ്പില്ലായിരുന്നു. അത്‌ വിജയിക്കുകയില്ലെന്നും സ്വീകാര്യത കിട്ടുകയില്ലെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
ശ്രീനിയുടെ പല സിനിമകളും അതിറങ്ങിയ കാലത്തെക്കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു. അക്കാലത്തുള്ള സാമൂഹിക ജീവിതവുമായി അത്‌ ഇഴചേര്‍ന്നു കിടന്നപ്പോള്‍ പലതും വിജയമായി.
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്‌മ, തനി നാട്ടിന്‍പുറങ്ങളിലെ സംഭവങ്ങള്‍, സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ എന്നിവ സിനിമക്ക്‌ വിഷയമായി. സ്വന്തം കുറവുകള്‍ പോലും സിനിമയില്‍ വിഷയമാക്കാനും പോലും അദ്ദേഹം മടിച്ചിരുന്നില്ല. വടക്കുനോക്കിയന്ത്രം എന്ന സിനിമ ഇതിനൊരു ക്ലാസിക്‌ ഉദാഹരമാണ്‌. 'ഞാന്‍ സുന്ദരനല്ലേ ചേട്ടാ..' എന്ന്‌ ശ്രീനി അവതരിപ്പിച്ച തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രം എടുത്തെടുത്തു ചോദിക്കുന്നുണ്ട്‌.
ഒട്ടും എളുപ്പമല്ലാത്ത ആത്മവിമര്‍ശനവും സ്വയം പരിഹാസവും ഒക്കെ ശ്രീനിവാസന്‍ എളുപ്പത്തില്‍ സിനിമയ്‌ക്കായി എഴുതുകയും അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്‌തത്‌ മലയാളി അത്ഭുതത്തോടെയാണ്‌ നോക്കിക്കണ്ടത്‌. വരവേല്‍പ്പില്‍ തിരികെയെത്തുന്ന പ്രവാസിയുടെ ജീവിതക്ലേശങ്ങള്‍ വരച്ചിട്ടു. 'വെള്ളാനകളുടെ നാട്‌' ഒരു സാമൂഹിക വിമര്‍ശന ചിത്രമായിരുന്നു. 'ചിന്താവിഷ്‌ടയായ ശ്യാമള'യില്‍ എത്തുമ്പോള്‍ ഹാസ്യവും-മനശാസ്‌ത്രവും എല്ലാം ചേര്‍ന്നുകൊണ്ടുള്ള മടിയനായ ഒരു ഭര്‍ത്താവിനെ രസകരവും സീരിയസായും അദ്ദേഹം അവതരിപ്പിച്ചു. 'ഉദയനാണു താര'ത്തില്‍ സിനിമയിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ഒരുപോലെ വരച്ചുവച്ചു. ഇതില്‍ ജഗതിയുമൊത്തുള്ള കോമ്പോ സീനുകള്‍ ഏറെ പുതുമകള്‍ നിറഞ്ഞതായിരുന്നു.
സന്ദേശം എന്ന കുടുംബചിത്രം രാഷ്‌ട്രീയകേരളത്തില്‍ വന്‍ ചര്‍ച്ചയായത്‌ ശ്രീനിയുടെ രാഷ്‌ട്രീയ നിരീക്ഷണത്തിന്റെ ഉത്തമ മാതൃകയാണ്‌. അതിലെ ഓരോ കഥാപാത്രവും തെരഞ്ഞെടുപ്പു കാലത്ത്‌ ഇന്നും പുതുമയോടെ ട്രോളുകളായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്‌. 'മുത്താരം കുന്ന്‌ പി.ഒ.' ശ്രീനിയുടെ ഒരു ഗ്രാമീണ ചിത്രമായിരുന്നു. സന്‍മനസുള്ളവര്‍ക്ക്‌ സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ്‌ സ്‌ട്രീറ്റ്‌, നാടോടിക്കാറ്റ്‌ എന്നിവ യുവത്വത്തിന്റെ പ്രതിസന്ധികളും നിസഹായവാസ്‌ഥയും വിഷയമാക്കി. മലയാള വാണിജ്യസിനിമകളുടെ വിജയ ശില്‍പികളില്‍ ഒരാളായി മാറാന്‍ ശ്രീനിക്ക്‌ കഴിഞ്ഞിരുന്നു. 1980 കളിലും 90 കളിലും സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനുമൊപ്പം ഹിറ്റ്‌ കോംബോ സിനിമകള്‍ സൃഷ്‌ടിച്ച്‌ സിനിമാലോകത്തെ ഞെട്ടിച്ചു. അതുവരെ മലയാളം അനുഭവിക്കാത്ത തമാശകളുടെയും കലവറയായി മാറുകയായിരുന്നു ആ ശ്രീനി സിനിമകള്‍.
മദ്രാസ്‌ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പഠനം. തിരിച്ചെത്തിയ ശേഷം തൊഴിലില്ലാതെ, സിനിമയില്‍ അവസരം തേടി നടന്നു. സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴാണ്‌ തിരക്കഥ എഴുതിയാല്‍ അഭിനയിപ്പിക്കാം എന്ന്‌ സംവിധായകന്‍ പ്രിയന്‍ പറഞ്ഞത്‌ ഒരു കോമഡി പോലെ ശ്രീനി പിന്നീട്‌ പങ്കുവച്ചിട്ടുണ്ട്‌. അങ്ങനെ അഭിനയിക്കാന്‍ വേണ്ടി തിരക്കഥ എഴുത്തിലേക്ക്‌ തിരിഞ്ഞയാളാണ്‌ താനെന്നും പറഞ്ഞുവച്ചു. നടീ നടന്‍മാര്‍ സെറ്റുകളില്‍ എത്തിയശേഷം ശ്രീനിയുടെ തിരക്കഥ വരുന്ന കാലമുണ്ടായിരുന്നു. അങ്ങനെ വാണിജ്യ സിനിമകള്‍ക്ക്‌ ഒഴിവാക്കാന്‍ പറ്റാത്ത ചലച്ചിത്രകാരനുമായി.
തന്നിഷ്‌ടവും ധിക്കാരവും ആരേയൂം കൂസാത്തതുമായിരുന്നു ശ്രീനിയുടെ പ്രകൃതമെന്ന്‌ സിനിമയില്‍ നിന്നു തന്നെ സംസാരമുണ്ട്‌. പക്ഷേ, ആള്‍ സിംപിള്‍ ആയിരുന്നു. തനി നാട്ടിന്‍ പുറത്തുകാരന്‍. മതം, ജാതി എന്നിവയ്‌ക്കെതിരേ 'എന്തു ജാതി, എന്തുമതം' എന്നു പറഞ്ഞ്‌ ശ്രീനി ഞെട്ടിച്ചിട്ടുണ്ട്‌. സിനിമയിലൂടെ ജീവിതത്തിലേക്ക്‌ ഒരു 'സന്ദേശം' അതായിരുന്നു ശ്രീനിയുടെ സിനിമകള്‍. അപ്പോഴും ശ്രീനി പറയും, സിനിമ കണ്ട്‌ നാളെ ലോകം നന്നാകുമെന്നൊന്നും കരുതുന്നില്ല എന്ന്‌.
എല്ലാ കാര്യങ്ങള്‍ക്കും ഒരു ശ്രീനി ടച്ച്‌ അദ്ദേഹം സ്വീകരിച്ചിരുന്നു. 'ചായവേണോ' എന്നു ചോദിച്ചാല്‍, 'വേണ്ടിവന്നേക്കും'.. എന്ന്‌ പറയാന്‍ ശ്രീനിക്കുമാത്രമേ കഴിയൂ എന്ന്‌ ഒരിക്കല്‍ നടന്‍ ജഗദീഷ്‌ പറഞ്ഞു. അങ്ങനെ സാധാരണ മനുഷ്യന്റെ സിനിമകള്‍ എഴുതിയും പറഞ്ഞും അസാധാരണ ധിഷണയുള്ള ഒരു മനുഷ്യന്‍ കാലാതിവര്‍ത്തികളായ കുറേ സിനിമകള്‍ ചെയ്‌തുവച്ചു എന്നാകും മലയാളം പില്‍ക്കാലം ശ്രീനിവാസനെ ഓര്‍മിക്കുക.

Ads by Google
ബൈജു ഭാസി
Sunday 21 Dec 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW