Wednesday, March 18, 2026 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

ഇടതു ചേര്‍ന്ന്‌ വലത്തു മാറി, വീണ്ടും ഇടതമര്‍ന്ന്‌ വര്‍ക്കല

uploads/news/2026/03/830260/k4.jpg

തിരുവനന്തപുരം: ഇടതുപക്ഷത്തോട്‌ ആഭിമുഖ്യം പുലര്‍ത്താറുള്ള മണ്‌ഡലമാണ്‌ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല. അതേസമയം, മൂന്നു തവണ കോണ്‍ഗ്രസിലെ വര്‍ക്കല കഹാര്‍ ഇവിടെ ജയിച്ചിട്ടുണ്ട്‌. കഹാറിനെ പരാജയപ്പെടുത്തി വര്‍ക്കലയെ വീണ്ടും ഇടതുപക്ഷത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തിയ വി. ജോയിയാണ്‌ സിറ്റിങ്‌ എം. എല്‍.എ. ജില്ലയിലെ സി.പി.എമ്മിന്റെ അമരക്കാരനായ വി. ജോയിതന്നെയാകും ഇക്കുറിയും ഇവിടെ എല്‍.ഡി.എഫ്‌.സ്‌ഥാനാര്‍ഥി.
പ്രമുഖ കമ്യൂണിസ്‌റ്റ്‌ നേതാക്കളുടെ പരിലാളനമേറ്റ മണ്‌ഡലമാണു വര്‍ക്കല. 1957 ലെ ആദ്യ ഇ.എം.എസ്‌. മന്ത്രിസഭയില്‍ പൊതുമരാമത്തു മന്ത്രിയായിരുന്ന ടി.എ. മജീദ്‌ വര്‍ക്കലയുടെ പ്രതിനിധിയായിരുന്നു.
പിന്നീട്‌ 1967, 1970, 1977 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വര്‍ക്കലയെ മജീദ്‌ പ്രതിനിധീകരിച്ചു. പിന്നീടു നാലു തവണ വര്‍ക്കല രാധാകൃഷ്‌ണന്‍ വര്‍ക്കലയുടെ പ്രതിനിധിയായി. 1980 ല്‍ ആദ്യ തെരഞ്ഞെടുപ്പ്‌ അങ്കത്തില്‍ കോണ്‍ഗ്രസിലെ ജി. കാര്‍ത്തികേയന്‌ ഇവിടെ അടിതെറ്റി.
അതിനുശേഷമാണ്‌ അദ്ദേഹം തിരുവനന്തപുരം നോര്‍ത്തിലേക്കും പിന്നീട്‌ ആര്യനാട്ടേക്കും മാറിയത്‌. 1996 ല്‍ സി.പി.എമ്മിലെ അലി ഹസന്‍ ഇവിടെനിന്ന്‌ 26,389 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവായ പി.കെ. ഗുരുദാസനെ കോണ്‍ഗ്രസിലെ വര്‍ക്കല കഹാര്‍ അട്ടിമറിച്ചു.
2006 ലും 2011 ലും കഹാര്‍ വിജയം ആവര്‍ത്തിച്ചു. 2016 ല്‍ വി. ജോയി, കഹാറിനെ 2,286 വോട്ടിനു പരാജയപ്പെടുത്തി മണ്‌ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോയി 17,821 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവിടെ മുന്നിലെത്തിയത്‌ എല്‍.ഡി.എഫ്‌. ആയിരുന്നു. അവര്‍ക്ക്‌ 6,124 വോട്ടിന്റെ മുന്‍തൂക്കമുണ്ടായിരുന്നു. രണ്ടാമതു വന്നതു ബി.ജെ.പി. ആയിരുന്നു. യു.ഡി.എഫ്‌. മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്‌. മുന്നിലെത്തി. പക്ഷേ ഭൂരിപക്ഷം 2,034 ആയി കുറഞ്ഞു. യു.ഡി.എഫിനു രണ്ടാമതെത്താന്‍ കഴിഞ്ഞത്‌ പ്രതീക്ഷ പകരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കുതിപ്പു തുടരാനായില്ല. വര്‍ക്കലയിലെ ഇടതു മേല്‍ക്കോയ്‌മ തുടരുമ്പോഴും അവരുടെ ഭൂരിപക്ഷം കുറഞ്ഞുവരുന്നതു യു.ഡി.എഫിനു പ്രതീക്ഷ പകരുന്ന ഘടകമാണ്‌. എന്‍.ഡി.എയ്‌ക്കാകട്ടെ അവരുടെ കരുത്തു തെളിയിക്കേണ്ടതുണ്ട്‌.

ജി. അരുണ്‍

ഉറപ്പായതു ജോയിമാത്രം
പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയംഗമായ വി.ജോയിയെ വര്‍ക്കലയില്‍ വീണ്ടും സ്‌ഥാനാര്‍ഥിയാക്കാന്‍ സി.പി.എം. തീരുമാനിച്ചു കഴിഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയായ ജോയി സ്‌ഥാനമൊഴിഞ്ഞാണു വര്‍ക്കലയില്‍ മൂന്നാമൂഴത്തിനായി ഇറങ്ങുന്നത്‌.
കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയെ സംബന്ധിച്ചു തീരുമാനമായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ആര്‍.എം. ഷഫീര്‍, നേരത്തേ മണ്‌ഡലത്തെ പ്രതിനിധീകരിച്ചിരുന്ന വര്‍ക്കല കഹാര്‍ എന്നിവരുടെ പേരുകളാണു പറഞ്ഞുകേള്‍ക്കുന്നത്‌.
ഷഫീര്‍ നെടുമങ്ങാട്ടു മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണു വിവരം. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിനാണു വര്‍ക്കല സീറ്റ്‌. ഇക്കുറിയും അങ്ങനെ തന്നെയാകാനാണു സാധ്യത.

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW