-->
തികച്ചും സാധാരണക്കാരായവരെ പോലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സെലിബ്രിറ്റികളാക്കി മാറ്റാറുണ്ട് സോഷ്യല്‍ മീഡിയ. വളരെ രസകരമായി കാര്യങ്ങള്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രിയപ്പെട്ടവരായി മാറിയവരാണ് കാര്‍ത്തിക് ശങ്കറും അമ്മയും. കോവിഡിന്റെ ആദ്യ തരംഗത്തിലെ ലോക്ഡൗൺ കാലത്ത് അമ്മയുടെയും മകന്റെയും വിശേഷങ്ങൾ പറഞ്ഞ് വെബ് സീരീസിലൂടെ മലയാളികളെ ചിരിപ്പിച്ചാണ് കാര്‍ത്തിക് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.
ഒരു അമ്മയുടെയും മകെൻറയും വിശേഷങ്ങൾ പറഞ്ഞെത്തിയപ്പോൾ കാർത്തിക്കും അമ്മയും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറി. പിന്നീട് നിരവധി യൂട്യൂബ് സീരീസുകളിലൂടെ ശ്രദ്ധേയനാകാന്‍ കാർത്തിക് ശങ്കറിനു കഴിഞ്ഞു. റീല്‍സിലൂടെ തുടങ്ങിയ കാര്‍ത്തിക്, സിനിമ നടനും സംവിധായകനും ഒക്കെയായി ബിഗ് സ്‌ക്രീനിൽ തന്റെ അരങ്ങേറ്റവും നടത്തി. തെലുങ്കിലായിരുന്നു കാർത്തിക്കിന്റെ അരങ്ങേറ്റം. റീല്‍സ് ലോകത്ത് നിന്നും ടെലിവിഷനിലേക്ക് എത്തിയിരിക്കുകയാണ് കാര്‍ത്തിക്കിന്റെ അമ്മ.
ഇപ്പോഴിതാ അമ്മയെക്കുറിച്ച് കാര്‍ത്തിക് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അമ്മ കാരണമാണ് ഈ ക്രെഡിറ്റ് എല്ലാം വരുന്നതെന്നും നല്ല ശമ്പളമുണ്ടായിരുനന ജോലി രാജി വച്ച് ഇത് ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചത് അമ്മയാണെന്നാണ് കാര്‍ത്തിക് പറയുന്നത്.
‘‘ഞാന്‍ ഒറ്റയാനാണ്. എന്നെ മുഴുവനായും സപ്പോര്‍ട്ട് ചെയ്യുന്നത് അമ്മയാണ്. സൗണ്ട് എഞ്ചീനിയറായി ജോലി ചെയ്യുന്ന സമയത്താണ് അമ്മ നിനക്ക് ഇതില്‍ തന്നെയിരുന്നാല്‍ മതിയോ, അതിലേക്കൊക്കെ പോവണ്ടേയെന്ന് ചോദിച്ചത്. നല്ല ശമ്പളമുണ്ടായിരുന്ന ജോലി രാജി വെച്ചാണ് ഇതിലേക്ക് ഇറങ്ങുന്നത്.
വല്ല ഓഡീഷന് പോവൂ, അല്ലെങ്കില്‍ എന്തെങ്കിലും എഴുതൂ എന്നൊക്കെ പറഞ്ഞ് പോത്സാഹിപ്പിക്കുമായിരുന്നു അമ്മ. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. സൗണ്ട് എഞ്ചീനിയര്‍ ജോലിയൊക്കെ വിട്ട് വന്നപ്പോഴും ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതിന് സമ്മാനം കിട്ടുമെന്നാണ് കരുതിയത്. ഒന്നും കിട്ടിയില്ല, അങ്ങനെ സുഹൃത്ത് പറഞ്ഞപ്പോള്‍ അത് സോഷ്യല്‍മീഡിയയില്‍ ഇട്ടിരുന്നു. അതങ്ങ് വൈറലായി. അങ്ങനെയാണ് വീഡിയോകളും റീല്‍സും ചെയ്ത് തുടങ്ങുന്നത്. തുടക്കത്തില്‍ സെന്റിമെന്‍സ് കണ്ടന്റുകളാണ് ചെയ്തത്. ലോക്ക് ഡൗണ്‍ സമയത്താണ് ലൈറ്റ് ഹാര്‍ട്ട് കണ്ടന്റുകള്‍ ചെയ്തു തുടങ്ങിയത്. വീട്ടിലെ കാര്യങ്ങളും ഹ്യൂമറുമൊക്കെ പറഞ്ഞു തുടങ്ങിയപ്പോള്‍ കുറച്ചു കൂടി സ്വീകാര്യത വന്നു. അങ്ങനെ പിന്നെ കോമഡിയിലേക്ക് മാറി...’’ കാര്‍ത്തിക് പറയുന്നു.
‘‘ചിലപ്പോള്‍ അടുക്കളയില്‍ നില്‍ക്കുമ്പോഴായിരിക്കും അമ്മ പെട്ടെന്ന് റെഡി ആയി വന്നേ എന്ന് പറയുന്നത്. ഒരു വീഡിയോ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് പറ്റില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. പറ്റത്തില്ല, ലോക്ഡൗണായതിനാല്‍ പുറമെ നിന്നാരെയും വിളിക്കാന്‍ പറ്റില്ലായിരുന്നു. ആ എന്നാല്‍ ചെയ്യാം എന്ന് പറഞ്ഞ് തുടങ്ങിയതാണ്. ഇടയ്ക്ക് അരിശം പിടിച്ച് ഇന്നാ പിടിച്ചോ, ഞാന്‍ പോവുകയാ എന്നൊക്കെ പറയാറുണ്ടായിരുന്നു. തുടക്കം മുതല്‍ ഇപ്പോള്‍ വരെ എന്നെ ചീത്ത പറയുന്നതില്‍ ഒരു കുറവുമില്ല. ക്യാമറയുടെ മുന്നിലെത്തിയാല്‍ നന്നായി ദേഷ്യപ്പെടും. ഞാന്‍ കരഞ്ഞിട്ടൊക്കെയുണ്ട്. കൈ വെച്ചൊക്കെ ദേഷ്യം കാണിക്കും. അത് തുടക്കകാലത്തായിരുന്നു. ഇപ്പോള്‍ ദേഷ്യം കുറഞ്ഞു എന്നായിരുന്നു അമ്മ പറഞ്ഞത്...’’ കാര്‍ത്തിക്കിന്റെ അമ്മ കലാദേവി പറഞ്ഞു.
‘നമുക്കൊരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിലേക്ക് നോക്കാതിരിക്കുക. അതിലേക്കിരുന്ന് ഒരു ചര്‍ച്ച വെച്ച് മോശം പറയുന്നതാണ് ഇപ്പോഴത്തെ രീതി. ഇഷ്ടമായില്ലെങ്കില്‍ അതങ്ങ് വിടുന്ന ശീലമില്ല. ഏത് രീതിയില്‍ അതിനെ കൊല്ലാമെന്നാണ് ചര്‍ച്ചകള്‍. തെലുങ്ക് സിനിമയായിരുന്നു സംവിധാനം ചെയ്തത്. അത് അവിടെ റിലീസ് ചെയ്തു...’ എന്ന് കാര്‍ത്തിക് പറഞ്ഞപ്പോള്‍ ‘ആ പേര് എനിക്ക് ഇതുവരെ മനസിലായില്ലെ’ന്നായിരുന്നു അമ്മയുടെ കമന്റ്.
‘‘വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കണ്ണ് മിഴിച്ച് കാണിക്കും. ഇടയ്ക്ക് അമ്മയ്ക്ക് സിനിമയിലേക്ക് അവസരം വന്നിരുന്നു. ഞാന്‍ ഇല്ലാത്തത് കൊണ്ട് പോയില്ല. ഞാന്‍ ഷൂട്ടിലായിരുന്നു. ഒറ്റയ്ക്ക് പോവുന്നില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. ചില ആംഗിളില്‍ അമ്മ ലളിത ചേച്ചിയെ അനുസ്മരിപ്പിക്കുന്നു എന്നുള്ള കമന്റുകള്‍ വരാറുണ്ട്...’’ കാര്‍ത്തിക് പറയുന്നു. ‘‘ചില സമയത്ത് തലയ്ക്കടിച്ച് പോയാലോ എന്നൊക്കെ തോന്നാറുണ്ട്. നമ്മള്‍ വളര്‍ന്നതും, ജീവിച്ചതുമായ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. എനിക്ക് 10 മണിക്ക് എവിടെയെങ്കിലും പോവണമെങ്കില്‍ ഞാന്‍ തലേ ദിവസമേ തയ്യാറെടുപ്പുകള്‍ നടത്തും. ഇവനാണെങ്കില്‍ പത്ത് മണിയാവും എഴുന്നേല്‍ക്കാന്‍, അതാണ് വ്യത്യാസം...’’ എന്നായിരുന്നു കാര്‍ത്തികിന്റെ അമ്മ പറഞ്ഞത്. ആനീസ് കിച്ചണില്‍ എത്തിയപ്പോഴായിരുന്നു അമ്മയും മകനും ഈ വിശേഷങ്ങള്‍ പങ്കുവെച്ചത്.
കാർത്തിക്കിന്റെ അമ്മ കലാദേവി ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലും അഭിനയിക്കുന്നുണ്ട്. കാർത്തിക്കിന്റെ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് കലാദേവി ടെലിവിഷനിലേക്ക് എത്തിയത്. റീല്‍സിലെത്തും മുമ്പ് കലാദേവി നാടകങ്ങളിലും അഭിനയിച്ചിരുന്നു.