-->
മാന്‍ഡ്രേക്ക് എന്ന പേര് കേട്ടിട്ടുണ്ടെങ്കിലും ഈ പേരിലുള്ള സസ്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. പറഞ്ഞുവരുന്നത് മാന്‍ഡ്രേക്ക് ചെടിയെക്കുറിച്ചാണ്. ആന്‍ട്രോപോമോര്‍ഫോന്‍ എന്ന പേരാണു പൈതഗോറസ് മാന്‍ഡ്രേക് ചെടിയെ വിളിച്ചത്. മനുഷ്യനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വേരുകള്‍ പിണഞ്ഞിരുന്നതിനാലാണ് ഇത്. എന്നാല്‍ മാന്‍ഡ്രേക് ചെടിയുടെ വേരുകള്‍ക്ക് മനുഷ്യരൂപമാണെന്ന രീതിയില്‍ പിന്നീട് പ്രചാരണമുണ്ടായി. ചില തട്ടിപ്പുകാര്‍ കൊത്തുപണികളിലൂടെയും മറ്റും വേരുകള്‍ക്കു മനുഷ്യരൂപം നല്‍കാനും ശ്രമം തുടങ്ങി.
ദീര്‍ഘകാലം നില്‍ക്കുന്ന ഒരു സസ്യമാണ് മാന്‍ഡ്രേക്. സോലനാഷ്യെ എന്ന സസ്യകുടുംബത്തിലെ മാന്‍ഡ്രഗോറ എന്ന ജനുസ്സില്‍പെട്ട ഇവ മെഡിറ്ററേനിയന്‍, മധ്യേഷ്യന്‍ മേഖലകളില്‍ സാധാരണയായി കാണപ്പെടുന്നു. മാന്ത്രിക സസ്യം എന്നറിയപ്പെട്ടിരുന്ന മാന്‍ഡ്രേക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ കെട്ടുകഥകളും ഐതിഹ്യങ്ങളും നിലനിന്നിരുന്നു. വിവിധ ഈജിപ്ഷ്യന്‍ കല്ലറകളില്‍ ഇതുപയോഗിച്ചിരുന്നു. വൈദ്യശാസ്ത്രപരമായി ഈ ചെടിക്കു കുറേ ഗുണമുള്ളത് ആദിമകാല ജനതയുടെ ശ്രദ്ധ നേടാന്‍ ഉപകരിച്ചു. 1500 ബിസിയില്‍ ഈജിപ്തില്‍ രചിച്ച എബര്‍ പാപ്പിറസിലും മറ്റും ഇതെക്കുറിച്ച് എഴുതിയിട്ടുണ്ട്.
ലൈംഗിക ഉത്തേജന ഔഷധമായും വന്ധ്യത മാറ്റാനുമൊക്കെയാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാല്‍ എഡി ഒന്നാം നൂറ്റാണ്ടു മുതല്‍ മാന്‍ഡ്രേക്ക് ചെടി ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവര്‍ക്ക് വേദനഹാരിയെന്ന നിലയില്‍ നല്‍കിത്തുടങ്ങി. പ്രശസ്ത ഭിഷഗ്വരരായ പ്ലൈനി, ഡിയോസ്‌കോറിഡ്‌സ് തുടങ്ങിയവര്‍ ഈ ചെടിയുടെ വേരുകള്‍ തങ്ങളുടെ രോഗികള്‍ക്കു ചവയ്ക്കാന്‍ കൊടുക്കുകയും വൈന്‍ ഉണ്ടാക്കിക്കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. വിഷാംശമുള്ള സ്‌കോപോലമിന്‍, ആട്രോഫൈന്‍, മാന്‍ഡ്രഗോറിന്‍, ഹ്യോസ്‌ക്യാമിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ കാരണമാണ് മാന്‍ഡ്രേക്കിന് ഈ സവിശേഷതകള്‍ കിട്ടിയത്. ഇന്നും കുടല്‍പ്രശ്‌നങ്ങളും പാര്‍ക്കിന്‍സണ്‍സ് രോഗവുമൊക്കെ ചികിത്സിക്കാനായി ഹ്യോസ്‌ക്യാമിനും സ്‌കോപോലമിനും ഉപയോഗിക്കാറുണ്ട്.