Sunday, March 15, 2026 Last Updated 37 Min 22 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Wednesday 17 Dec 2025 11.34 PM

വന്നാല്‍ വരട്ടെ; ക്ഷണിക്കില്ല, കേരളാ കോണ്‍ഗ്രസി(എം)നെ പിന്നാലെ നടന്നു ക്ഷണിക്കേണ്ടെന്നു യു.ഡി.എഫ്‌., അടിയൊഴുക്കുകള്‍ക്ക് സാധ്യത ?

പിണറായി തിരുവനന്തപുരത്തു നടത്തിയ ക്രിസ്‌മസ്‌ വിരുന്നില്‍ സിറോ മലബാര്‍ സഭയിലെ പ്രധാന ബിഷപ്പുമാര്‍ പങ്കെടുത്തിരുന്നില്ല. സഭയ്‌ക്ക് സര്‍ക്കാരുമായി അകല്‍ച്ച നിലനില്‍ക്കുന്നതിന്റെ സൂചനയാണിതെന്നു വിലയിരുത്തപ്പെടുന്നു. ​
Kerala

കോട്ടയം: കേരള കോണ്‍ഗ്രസി(എം)നു താല്‍പ്പര്യമുണ്ടെങ്കില്‍ യു.ഡി.എഫിലേക്കു തിരികെവരാമെന്നും പിറകെനടന്നു ക്ഷണിക്കേണ്ടതില്ലെന്നും മുന്നണി നേതൃത്വം. തദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തിനു പിന്നാലെ കേരള കോണ്‍ഗ്രസ്‌ ജോസ്‌ കെ. മാണി വിഭാഗം എല്‍.ഡി.എഫ്‌. വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്‌ യു.ഡി.എഫ്‌. നേതൃത്വത്തിന്റെ തീരുമാനം.

ഒരു തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ പേരില്‍ മുന്നണി വിടാന്‍ ഒരുക്കമല്ലെന്നു കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി ആവര്‍ത്തിച്ചു വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ വികാരം യു.ഡി.എഫിന്‌ അനുകൂലമായതാണു കോട്ടയത്തടക്കം യു.ഡി.എഫ്‌. വലിയ വിജയം നേടാന്‍ കാരണമെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം വിലയിരുത്തുന്നു. ഇതേ വിലയിരുത്തല്‍ തന്നെയാണ്‌ യു.ഡി.എഫ്‌. നേതൃത്വത്തിനുമുള്ളത്‌.

മാത്രമല്ല കേരള കോണ്‍ഗ്രസിന്റെ അടിസ്‌ഥാന വോട്ട്‌ ബാങ്ക്‌ കത്തോലിക്കാ സഭയും പ്രത്യേകിച്ച്‌ സിറോ മലബാര്‍ സഭയുമാണ്‌. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു നടത്തിയ ക്രിസ്‌മസ്‌ വിരുന്നില്‍ സിറോ മലബാര്‍ സഭയിലെ പ്രധാന ബിഷപ്പുമാര്‍ പങ്കെടുത്തിരുന്നില്ല. സഭയ്‌ക്ക് സര്‍ക്കാരുമായി അകല്‍ച്ച നിലനില്‍ക്കുന്നതിന്റെ സൂചനയാണിതെന്നു വിലയിരുത്തപ്പെടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായി ജോസ്‌ കെ. മാണി വിഭാഗത്തെ തിരികെ യു.ഡി.എഫിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സഭയിലെ ചില മേലധ്യക്ഷന്‍മാര്‍ മുഖേന നടന്നിരുന്നു. എന്നാല്‍ മുന്നണി വിടാന്‍ ഒരുക്കമല്ലെന്ന മറുപടിയാണു കേരള കോണ്‍ഗ്രസ്‌ (എം) നേതൃത്വം നല്‍കിയത്‌. ഇത്‌ സഭയെ ചൊടിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസി(എം)ല്‍ രൂപപ്പെട്ടിരിക്കുന്ന അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക്‌ അനുകൂലമാണെന്നാണു യു.ഡി.എഫ്‌. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ജോസ്‌ കെ. മാണി വിഭാഗത്തെ പിന്നാലെ പോയി ക്ഷണിക്കുന്നതിനാണ്‌ ജോസഫ്‌ വിഭാഗത്തിന്‌ എതിര്‍പ്പുള്ളത്‌. അതല്ലാതെ വരികയാണെങ്കില്‍ എതിര്‍ക്കേണ്ടതില്ലെന്നാണ്‌ ജോസഫ്‌ വിഭാഗവും വ്യക്‌തമാക്കിയിരിക്കുന്നത്‌. കേരള കോണ്‍ഗ്രസ്‌ (എം) ഇടതുമുന്നണിയില്‍ ഉറച്ചു നിന്നാല്‍ പോലും ചില നേതാക്കള്‍ യു.ഡി.എഫിലെത്താന്‍ സാധ്യതയുണ്ടന്നും യു.ഡി.എഫ്‌. നേതൃത്വം കണക്കുകൂട്ടുന്നു.

മന്ത്രി വി.എന്‍ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരില്‍ അടക്കം ഇടതുമുന്നണി പിന്നോക്കം പോയത്‌ കേരള കോണ്‍ഗ്രസ്‌ (എം) വോട്ടുകള്‍ യു.ഡി.എഫിലേക്കു പോയതിനാലാണ്‌. നിയമസഭാ തെരത്തെടുപ്പിലും ഈ മാതൃക ആവര്‍ത്തിക്കുമെന്നാണു യു.ഡി.എഫ്‌. പ്രതീക്ഷിക്കുന്നത്‌.

ഷാലു മാത്യു

Ads by Google
ഷാലു മാത്യു
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW