-->
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിഫ്‌ബി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയില്‍. മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ടലംഘനമില്ലെന്നും ഇ.ഡി. നടപടി രാഷ്‌ട്രീയപ്രേരിതമാണെന്നുമാണ് ഹര്‍ജിയിലെ വാദം.
കിഫ്‌ബിയുടെ ഹര്‍ജിയേത്തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടി സ്‌റ്റേ ചെയ്‌ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇ.ഡിയും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് നടപടി അധികാരപരിധി മറികടന്നാണെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. ഇ.ഡി. അപ്പീല്‍ നല്‍കിയതിനു പിന്നാലെയാണ്, നോട്ടീസ് തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്.
മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങള്‍ ലംഘിച്ച് ചെലവഴിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് ഇ.ഡി അഡ്‌ജൂഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കി. എന്നാല്‍, നടപടി രാഷ്‌ട്രീയപ്രേരിതമെന്നാരോപിച്ച് കിഫ്‌ബി ഹൈക്കോടതിയെ സമീപിച്ചതിനേത്തുടര്‍ന്ന് ജസ്‌റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് നോട്ടീസിന്മേലുള്ള തുടര്‍നടപടി മൂന്നുമാസത്തേക്ക് സ്‌റ്റേ ചെയ്യുകയായിരുന്നു.