-->
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതിനു പിന്നാലെ, കേരള സര്‍വകലാശാല രജിസ്‌ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെയും സര്‍ക്കാര്‍ കറിവേപ്പിലയാക്കി!
അനില്‍കുമാറിനെ മുമ്പ് ജോലിചെയ്‌തിരുന്ന ശാസ്‌താംകോട്ട ഡി.ബി. കോളജിലേക്കു തിരിച്ചയച്ചു. അനില്‍കുമാറിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് സ്‌ഥലംമാറ്റമെന്നാണു സര്‍ക്കാര്‍ ഉത്തരവ്.
കേരള സര്‍വകലാശാലയിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ വി.സി. സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. മാസങ്ങളായി സസ്‌പെന്‍ഷനില്‍ തുടരുന്നതിനിടെയാണ് ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്. ഡെപ്യൂട്ടേഷനു മുമ്പ് ഡി.ബി. കോളജ് പ്രിന്‍സിപ്പലായിരുന്ന അനില്‍കുമാറിനെ അതേ പദവിയിലേക്കാണു സര്‍ക്കാര്‍ മടക്കിയയ്‌ക്കുന്നത്.
സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി ഭാരതാംബ ചിത്രത്തിന്റെ പേരില്‍ അവസാനനിമിഷം റദ്ദാക്കിയതു വിവാദമായതോടെയാണ് രജിസ്‌ട്രാറെ വി.സി. സസ്‌പെന്‍ഡ് ചെയ്‌തത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടിയതിനു പിന്നാലെയായിരുന്നു രജിസ്‌ട്രാര്‍ക്കെതിരേ വി.സി. ഡോ. മോഹന്‍ കുന്നുമ്മലിന്റെ നടപടി. സസ്‌പെന്‍ഷന്‍ പിന്നീട് സിന്‍ഡിക്കേറ്റ് റദ്ദാക്കിയെങ്കിലും വി.സി. അംഗീകരിച്ചില്ല.
നടപടി വകവയ്‌ക്കാതെ അനില്‍കുമാര്‍ സര്‍വകലാശാലയില്‍ ഒരുമാസത്തോളം എത്തുകയും ചെയ്‌തു. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കേയാണ് അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ശാസ്‌താംകോട്ട ഡി.ബി. കോളജ് പ്രിന്‍സിപ്പലായി സര്‍ക്കാര്‍ സ്‌ഥലംമാറ്റിയത്.