-->
കൊച്ചി: ആര്‍ജെഡി നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ ലൈംഗികാതിക്രമക്കേസില്‍ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍. കേരളത്തിലെ ഉദ്യോഗസ്ഥയായിരുന്ന അതിജീവിതയുടെ പരാതിയില്‍ നേരത്തേ ഹൈക്കോടതി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടിരുന്നു. എന്നാല്‍ കേസിലെ എല്ലാ വിശദാംശങ്ങളും പരിശോധിച്ചില്ല എന്നാണ് ഹര്‍ജിയിലെ വാദം.
ഹൈക്കോടതി ഉത്തരവില്‍ പിഴവുണ്ടായെന്ന് ആരോപിച്ചാണ് അപ്പീല്‍. 1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം ഔദ്യോഗിക ചര്‍ച്ചയ്ക്കായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പര്‍ മുറിയില്‍വെച്ച് കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കേസില്‍ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച വിചാരണക്കോടതി വിധി റദ്ദാക്കുകയായിരുന്നു.
2002 ഫെബ്രുവരിയില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്. രഹസ്യവിചാരണ നടന്ന കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (നാല്) കോടതിയാണ് നീലലോഹിതദാസന്‍ നാടാരെ ഒരു വര്‍ഷം തടവിനു ശിക്ഷിച്ചത്.