-->
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കടുത്ത ആശങ്കയും പ്രതിഷേധവുമാണ് രാജ്യത്തു സൃഷ്‌ടിച്ചിരിക്കുന്നത്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്നാണു പുതിയ പേര്. രാഷ്‌ട്രപിതാവിന്റെ പേരു വെട്ടിമാറ്റിയതിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്‌ട്രീയക്കളി പ്രതിപക്ഷം ആരോപിക്കുന്നു. പുതിയ മാറ്റങ്ങള്‍ പദ്ധതിയെ തകര്‍ക്കുമെന്ന വിലയിരുത്തലുമുണ്ട്.
ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുള്ള 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണു തൊഴിലുറപ്പ് പദ്ധതി പുനഃക്രമീകരിക്കുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ അടിസ്‌ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിനു താങ്ങായ പദ്ധതി ഇല്ലാതാക്കാനുള്ള നീക്കത്തില്‍നിന്നു പിന്തിരിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പദ്ധതിയുടെ പേരുമാറ്റാന്‍ തീരുമാനമുണ്ടായതു കഴിഞ്ഞയാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്. 'പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്‌ഗാര്‍ ഗാരന്റി യോജന' എന്ന രീതിയില്‍ പദ്ധതിയുടെ പേര് പരിഷ്‌കരിക്കുമെന്നു സൂചനയുണ്ടായി. എന്നാല്‍, കഴിഞ്ഞ 15 നു ലോക്‌സഭാംഗങ്ങള്‍ക്കു പരിശോധനയ്‌ക്കു നല്‍കിയ ബില്ലിന്റെ പേരില്‍നിന്നു ഗാന്ധിജിയുടെ പേര് പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. ഗാന്ധിജിയുടെ പേര് ഒഴിവാക്കിയുള്ള തൊഴിലുറപ്പ് ബില്‍ ആണ് കൃഷിമന്ത്രി ശിവരാജ് സിങ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 2005 ല്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്തു പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം പദ്ധതിയുടെ പേര് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെന്നായിരുന്നു. 2009 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണ് പദ്ധതിക്കു മഹാത്മാഗാന്ധിയുടെ പേരുകൂടി ചേര്‍ത്തത്. വികസിത ഭാരതം സൃഷ്‌ടിക്കുന്നതിന് ഈയൊരു പേര് എങ്ങനെയാണ് തടസമാകുന്നത്?. മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെ അനാദരവായിമാത്രമേ കാണാനാകൂ. ബി.ജെ.പിക്കു നേരത്തെ ജവാഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമായിരുന്നു പ്രശ്‌നമെങ്കില്‍ ഇപ്പോഴവര്‍ക്കു ബാപ്പുവും പ്രശ്‌നമായിരിക്കുന്നു എന്നുള്ള പ്രതിപക്ഷ ആക്ഷേപത്തിനും പേരുമാറ്റം വഴിതെളിച്ചു.
ഇന്ത്യയെ അറിയാന്‍ ശ്രമിച്ച, നാടിന്റെ ഏറ്റവും വലിയ നേതാവായിരുന്ന മഹാത്മാഗാന്ധിയുടെ പേരു വെട്ടിയതു നിസാര കാര്യമായി കാണാനാവില്ല. അതിനു പിന്നിലുള്ള രാഷ്‌ട്രീയ അജന്‍ഡകള്‍ വലിയ രീതിയില്‍തന്നെ ചര്‍ച്ച ചെയ്യപ്പെടും.
പ്രതിവര്‍ഷ തൊഴിലുറപ്പ് ദിനങ്ങള്‍ നൂറില്‍നിന്ന് 125 ആയി ഉയര്‍ത്തുന്ന രീതിയിലാണ് ബില്ലില്‍ വ്യവസ്‌ഥയുള്ളത്. പണി പൂര്‍ത്തിയായി ഏഴു ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കുമെന്നും ബില്ലില്‍ പറയുന്നു. ഈ സമയത്തിനുള്ളില്‍ നല്‍കാനായില്ലെങ്കില്‍ പ്രത്യേക തൊഴിലില്ലായ്‌മ അലവന്‍സ് നല്‍കാനും നിര്‍ദേശമുണ്ട്. ഇത്തരം മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും സംസ്‌ഥാനങ്ങള്‍ക്കു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തരത്തിലാണ് പദ്ധതി മാറ്റമെന്നതാണു പ്രധാന വെല്ലുവിളി. നിലവില്‍ സാമ്പത്തിക ബാധ്യത കേന്ദ്രത്തിനായിരുന്നെങ്കില്‍ കേന്ദ്ര-സംസ്‌ഥാന അനുപാതം 60:40 എന്ന രീതിയില്‍ നിജപ്പെടുത്തുന്നതിലൂടെ കേരളമടക്കമുള്ള സംസ്‌ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. ചെലവ് അധികമായാല്‍ ആ ബാധ്യതയും സംസ്‌ഥാനങ്ങള്‍ വഹിക്കേണ്ടിവരും. 2500 കോടിയോളം രൂപ കേരളം ഇതിനായി കണ്ടെത്തേണ്ടിവരുമെന്നാണു പ്രാഥമിക കണക്ക്. പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ ബില്‍ ഉപേക്ഷിക്കാന്‍ കേന്ദ്രം തയാറായില്ലെങ്കില്‍ കേരളമടക്കമുള്ള സംസ്‌ഥാനങ്ങളില്‍ പദ്ധതി പ്രവര്‍ത്തനം താളംതെറ്റാം. ഇതോടെ തൊഴിലുറപ്പിലൂടെ ജീവിതമാര്‍ഗം കണ്ടെത്തിയ എത്രയോ സാധാരണക്കാരുടെ ജീവിതത്തിനാകും ആഘാതമേല്‍ക്കുക.
പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ജലസുരക്ഷ, ഗ്രാമീണ അടിസ്‌ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്‌ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നീ നാലു മേഖലകളായി തിരിക്കാനും പുതിയ ബില്ലില്‍ നിര്‍ദേശമുണ്ട്. ഗ്രാമീണ മേഖലയില്‍ കാര്‍ഷിക സീസണ്‍ സജീവമായിരിക്കുമ്പോള്‍ ഈ വേര്‍തിരിവുണ്ടാകില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവയ്‌ക്കാനുള്ള വ്യവസ്‌ഥയുണ്ടായിരുന്നില്ല. എന്നാല്‍, ഏറ്റവും തിരക്കേറിയ കാര്‍ഷിക സീസണില്‍ 60 ദിവസംവരെ പദ്ധതി മരവിപ്പിക്കാമെന്ന വ്യവസ്‌ഥ ബില്ലില്‍ ഉണ്ട്. ഈയൊരു വ്യവസ്‌ഥയെ ആശങ്കയോടെയാണ് തൊഴിലാളികള്‍ കാണുന്നത്. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നവ സാങ്കേതികവിദ്യകളെ ആശ്രയിക്കാനുള്ള നീക്കവും ഗ്രാമീണജനതയ്‌ക്കു തലവേദനയാകും.
പഴയ സര്‍ക്കാരുകളുടെ കാലത്തെ പദ്ധതികള്‍ പേരു മാറ്റിയും പരിഷ്‌കരിച്ചും തങ്ങളുടേതാക്കുന്ന കേന്ദ്ര നയം കടത്ത രീതിയില്‍ വിമര്‍ശിക്കപ്പെടുന്ന സാഹചര്യമാണ് തൊഴിലുറപ്പ് ബില്ലിലൂടെ ഉണ്ടായത്. പദ്ധതിയെ പൂര്‍ണ നിയന്ത്രണത്തിലാക്കാനും എന്നാല്‍ സാമ്പത്തിക ഉത്തരവാദിത്വം സംസ്‌ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കാനുമാണു കേന്ദ്ര നീക്കം. ഫലത്തില്‍ സംസ്‌ഥാനങ്ങള്‍ക്കുണ്ടകുന്ന ബാധ്യത സാധാരണക്കാരായ തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതത്തില്‍ കരിനിഴലാകാനുള്ള സാധ്യതയേറെ.