-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ശ്രീകോവിലിന്റെ കട്ടിളപ്പാളി 1998- ല്‍ സ്വര്‍ണം പൊതിഞ്ഞതായിരുന്നു എന്നതു സ്‌ഥിരീകരിക്കാനാവശ്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ എസ്.ഐ.ടിക്കോ കഴിഞ്ഞില്ല. ഇതോടെയാണ് കോടതി സര്‍ക്കാര്‍ നടപടികളെ ചോദ്യംചെയ്‌തത്. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍. വാസുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം.
കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തെന്ന സ്‌മാര്‍ട്ട് ക്രിയേഷന്‍സിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോയെന്നും രേഖയില്ലെങ്കില്‍ പിന്നെ കേസ് എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.
സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പെന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കു സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടുവെന്ന കേസിലാണ് അന്ന് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആയിരുന്ന എന്‍. വാസു അറസ്‌റ്റിലായത്. കട്ടിളപ്പാളി നേരത്തെ സ്വര്‍ണം പൊതിഞ്ഞതാണെന്നു ദേവസ്വം രേഖകളില്‍ ഒരിടത്തും പറയുന്നില്ലെന്ന നിലപാടാണ് എന്‍. വാസുവിന്റെ അഭിഭാഷകന്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കാന്‍ ഇടയാക്കും.
എഫ്.ഐ.ആറില്‍ കട്ടിളപ്പാളി മാത്രമാണു കോടതി പരാമര്‍ശിച്ചതെങ്കിലും ശിവരൂപം, ആര്‍ച്ച, വ്യാളി, രാശി പ്ലേറ്റ്, ദശാവതാരം എന്നിവയും ഉള്‍പ്പെട്ടതാണെന്ന വാദമാണു സര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയിലോ വിജിലന്‍സ് കോടതിയിലോ നല്‍കിയിട്ടില്ലെന്നും നിലവില്‍ എഫ്.ഐ.ആര്‍. പ്രകാരം കട്ടിളപ്പാളി തന്നെയാണു പ്രധാന വിഷയമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരുന്നു.സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പെന്നു എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്നു സ്‌ഥിരീകരിച്ചതിനേത്തുടര്‍ന്നാണു കേസില്‍ മൂന്നാം പ്രതിയാക്കിയത്. മാര്‍ച്ച് 31-ന് കമ്മിഷണര്‍സ്‌ഥാനത്തുനിന്നു വാസു മാറിയിരുന്നു. പിന്നീട് എ. പത്മകുമാറിനു പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി.എന്‍. വാസു പ്രസിഡന്റായിരിക്കെയാണു സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത്.
സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇതൊരു പെണ്‍കുട്ടിയുടെ വിവാഹത്തിനു ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയില്‍ സന്ദേശം. ഇതുസംബന്ധിച്ചു വാസു നല്‍കിയ വിശദീകരണം തൃപ്‌തികരമായിരുന്നില്ല. ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്കു ഫോര്‍വേഡ് ചെയ്‌തെന്നും പിന്നീട് അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.