Sunday, March 15, 2026 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 16 Dec 2025 11.38 PM

തദ്ദേശ സ്‌ഥാപനങ്ങള്‍; ചെയര്‍പേഴ്‌സണ്‍, മേയര്‍ തെരഞ്ഞെടുപ്പ്‌ 26-ന്‌; പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ 27-ന്‌, വോട്ടെടുപ്പ്‌ മാറ്റിവച്ച മൂന്നു വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ്‌ 13-ന്‌ ​

ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ 27ന്‌ രാവിലെ 10.30നും വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഉച്ചയ്‌ക്ക്‌ 02.30നും നടക്കും.
uploads/news/2025/12/816362/election-commission-kerala.jpg

തിരുവനന്തപുരം: മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെയും കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്‌സണ്‍, മേയര്‍ തെരഞ്ഞെടുപ്പ്‌ 26ന്‌ രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്‌ ഉച്ചയ്‌ക്ക്‌ 2.30നും നടത്തും.

ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ 27ന്‌ രാവിലെ 10.30നും വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഉച്ചയ്‌ക്ക്‌ 02.30നും നടക്കും.ജില്ലാ പഞ്ചായത്ത്‌, കോര്‍പ്പറേഷന്‍ എന്നിവയില്‍ വരണാധികാരികളായി ജില്ലാ കലക്‌ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക്‌ പഞ്ചായത്തിലും അതത്‌ സ്‌ഥാപനങ്ങളിലെ വരണാധികാരികള്‍ക്കാണ്‌ ഈ ചുമതല.

മുനിസിപ്പാലിറ്റികളില്‍ വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്‌.അതത്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ ചേരുന്ന അംഗങ്ങളുടെ യോഗത്തില്‍ സ്‌ഥാനാര്‍ഥിയെ ഒരാള്‍ നാമനിര്‍ദേശം ചെയ്യേണ്ടതും മറ്റൊരാള്‍ പിന്താങ്ങേണ്ടതുമാണ്‌. നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ യോഗത്തില്‍ ഹാജരായിട്ടില്ലെങ്കില്‍ സ്‌ഥാനാര്‍ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കാനോ ഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്‌തിട്ടുള്ള സ്‌ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാള്‍ നാമനിര്‍ദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട. ഒന്നിലധികം സ്‌ഥാനാര്‍ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ്‌ ഓപ്പണ്‍ ബാലറ്റ്‌ മുഖേനയായിരിക്കും.

വോട്ട്‌ രേഖപ്പെടുത്തുന്ന അംഗം ബാലറ്റ്‌ പേപ്പറിന്റെ പുറകുവശത്ത്‌ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്‌ഥാനത്തേക്ക്‌ ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ്‌ നടത്താതെ അയാള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ്‌ യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്‌ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്കു മാറ്റും. മാറ്റിയ ദിവസം അതേ സ്‌ഥലത്തും സമയത്തും കൂടുന്ന യോഗത്തില്‍ ക്വാറമില്ലെങ്കിലും തെരഞ്ഞെടുപ്പ്‌ നടത്തും.
രണ്ട്‌ സ്‌ഥാനാര്‍ഥികള്‍ മാത്രമുള്ളപ്പോള്‍ കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടിയ ആള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ടു പേര്‍ക്കും തുല്യ വോട്ടാണെങ്കില്‍, നറുക്കെടുപ്പ്‌ നടത്തും.
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മേയര്‍, ചെയര്‍പേഴ്‌സണ്‍, പ്രസിഡന്റ്‌ എന്നിവര്‍ വരണാധികാരി മുന്‍പാകെ സത്യപ്രതിജ്‌ഞ ചെയ്യും. ഡെപ്യൂട്ടി മേയര്‍, മേയര്‍ മുമ്പാകെയും, വൈസ്‌ ചെയര്‍മാന്‍, ചെയര്‍മാന്‍ മുമ്പാകെയും, വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌ മുമ്പാകെയും സത്യപ്രതിജ്‌ഞ ചെയ്യും.

വോട്ടെടുപ്പ്‌ മാറ്റിവച്ച മൂന്നു വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ്‌ 13-ന്‌

തിരുവനന്തപുരം: സ്‌ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന്‌ വോട്ടെടുപ്പ്‌ മാറ്റിവച്ച മൂന്ന്‌ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്‌ അടുത്ത മാസം 13 ന്‌ നടത്തുമെന്ന്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. വിജ്‌ഞാപനം ഇന്നു പുറപ്പെടുവിക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്‌, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്‌, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ്‌ എന്നിവിടങ്ങളിലാണ്‌ പ്രത്യേക തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. ഈ മാസം 24 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂക്ഷമ പരിശോധന 26 ന്‌ നടക്കും. സ്‌ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി 29 ആണ്‌. വോട്ടെണ്ണല്‍ 14 ന്‌ നടക്കും.
പ്രത്യേക തെരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ നിലവില്‍ സ്‌ഥാനാര്‍ഥികളായിട്ടുള്ളവര്‍ വീണ്ടും പത്രിക സമര്‍പ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.

വണ്ടൂര്‍ ബ്ലോക്കിലും ചോക്കാട്‌ പഞ്ചായത്തിലും 31-ന്‌

തിരുവനന്തപുരം: ഭരണസമിതിയുടെ അഞ്ച്‌ വര്‍ഷ കാലാവധി 20ന്‌ പൂര്‍ത്തിയാകാത്ത മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 22നും, ചോക്കാട്‌ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 26നും നടത്താന്‍ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ഈ തദ്ദേശ സ്‌ഥാപനങ്ങളിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ 31ന്‌ രാവിലെ 10.30 നും, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അന്ന്‌ 2.30 നും നടത്തും.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW