-->
കൊച്ചി: നടിയെ ആക്രമിക്കാന്‍ ദിലീപല്ല ക്വട്ടേഷന്‍ നല്‍കിയതെന്ന് കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മൊഴി. ദിലീപിനെതിരേ ആദ്യം മൊഴി നല്‍കിയ സുനി വിചാരണവേളയില്‍ മാറ്റിപ്പറയുകയായിരുന്നു.
എന്നാല്‍, പകരം സുനി പറഞ്ഞ 'മാഡം' ഉള്‍പ്പെടെയുള്ളവരെപ്പറ്റി അന്വേഷിക്കാതിരുന്നതും വന്‍വീഴ്‌ചയായി. അന്വേഷണസംഘത്തിനു ക്രിമിനല്‍ നടപടിച്ചട്ടം 161-ാം വകുപ്പുപ്രകാരം മൊഴിനല്‍കിയ പ്രമുഖരില്‍ പലരും വിസ്‌താരവേളയില്‍ മൊഴിമാറ്റിയതു പ്രോസിക്യൂഷനും തിരിച്ചടിയായി. നടീനടന്മാര്‍ ഉള്‍പ്പെടെ ചലച്ചിത്രമേഖലയിലുള്ള 261 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരുന്നു. ഇവരില്‍ മിക്കവരും വിസ്‌താരവേളയില്‍ മൊഴിമാറ്റി.
അതിജീവിതയോട് ദിലീപിനു ശത്രുതയുണ്ടെന്നു തെളിയിക്കാന്‍ മുന്‍ഭാര്യ മഞ്‌ജു വാര്യരുടെ മൊഴി മാത്രം മതിയെന്നിരിക്കേ, മറ്റ് ചലച്ചിത്രപ്രവര്‍ത്തകരുടെ മൊഴിയെ ആശ്രയിച്ചതും പ്രോസിക്യൂഷന്‍ വാദം ദുര്‍ബലമാകാനിടയാക്കി. സാക്ഷികളുടെ നീണ്ടനിര ബൃഹത്തായ കുറ്റപത്രത്തിനു കാരണമായി.
ബലാത്സംഗത്തിനു ദൃക്‌സാക്ഷികളില്ല. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് തെളിവായത്. ഒന്നാംസാക്ഷിയായ അതിജീവിതയുടെ മൊഴിയും പാളിയെന്നാണ് നിയമവൃത്തങ്ങളിലെ വിലയിരുത്തല്‍. പ്രതിയെ തിരിച്ചറിയല്‍ മൂന്നുതവണ പാളി. സുനിയെ മുന്‍പരിചയമുണ്ടെന്ന അതിജീവിതയുടെ മൊഴിയും ദോഷംചെയ്‌തെന്നാണ് നിയമവൃത്തങ്ങളുടെ നിഗമനം.
ജെബി പോള്‍