-->
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തമിഴ്, മലയാളം സിനിമകളിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായര്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈയ്യടുത്ത് തമിഴ് ചിത്രം ചിത്തയിലൂടെ ഫിലിംഫെയര്‍ പുരസ്‌കാരവും അഞ്ജലി നേടിയിരുന്നു. നടിയും മോഡലുമായ അഞ്ജലി നായർ ഇരുപത് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. മികച്ച സഹനടിക്കുള്ള കേരള സർക്കാരിന്റെ അവാർഡും അഞ്ജലിക്ക് ലഭിച്ചിട്ടുണ്ട്.
അഞ്ജലിയുടെ മൂത്ത മകള്‍ ആവണി പാത പിന്തുടർന്നുകൊണ്ട് സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. അജയന്റെ രണ്ടാം മോഷണം, ഫീനിക്സ് എന്നിവയുള്‍പ്പെടെ മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ ആവണി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സൂര്യ നായകനായ റെട്രോയില്‍ പൂജ ഹെഗ്‌ഡെയുടെ ബാല്യകാലമാണ് അവസാനമായി ആവണി അവതരിപ്പിച്ചത്.
ഇപ്പോഴിതാ ആവണിയുടെ ഒരു കുറുമ്പ് പങ്കിടുകയാണ് അഞ്ജലി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആവണിക്ക് ആരോ ലവ് ലെറ്റര്‍ കൊടുത്തതും അത് തന്നോട് പറഞ്ഞതിനെക്കുറിച്ചുമാണ് അഞ്ജലി പറയുന്നത്.
‘‘ഒരു ദിവസം സ്‌കൂള്‍ വണ്ടി വീട്ടിലേക്ക് വന്നു. ഞാൻ നോക്കുമ്പോള്‍ ഇവള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നില്ല. എന്താ ചേട്ടാ കുഞ്ഞ് ഇറങ്ങാത്തത് അവള്‍ക്ക് എന്തെങ്കിലും പ്രശ്‍നം ഉണ്ടോ എന്നൊക്കെ ഞാൻ ചോദിച്ചു.
അപ്പോള്‍ വണ്ടിയിലെ ഡ്രൈവർ എന്നോട് ചേച്ചി അവളെ ഒന്നും പറയരുത് എന്ന് പറഞ്ഞു. ഞാൻ നോക്കുമ്പോള്‍ ഇവള്‍ ബാഗും എടുത്ത് അകത്തേക്ക് ഓടുന്നുണ്ട്. കൂട്ടത്തില്‍ എന്തോ ഒരു പേപ്പർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ടുമുണ്ട്. അന്ന് ഇവള്‍ രണ്ടാം ക്ളാസിലോ മറ്റോ ആണ് പഠിക്കുന്നത്. അതും കൂടെ നോക്കിയിട്ട് ഡ്രൈവർ എന്നോട് പറഞ്ഞു ആ കുട്ടിക്ക് ആരോ ഒരു ലവ് ലെറ്റർ കൊടുത്തു അതാണ് പ്രശ്‍നം എന്ന്. ഞാൻ ശരി ആയിക്കോട്ടെ എന്ന് പറഞ്ഞു.
ഞാൻ അകത്തേക്ക് കയറുമ്പോള്‍ ഇവള്‍ എന്നോട് അമ്മേ ജോവനാണമ്മേ എനിക്ക് ലവ് ലെറ്റർ തന്നത് എന്ന് വിളിച്ച് പറഞ്ഞു. ഞാൻ അപ്പോള്‍ ഞാനതിനു ഒന്നും പറഞ്ഞില്ലല്ലോ എന്ന് മറുപടിയും കൊടുത്തു. നിന്നെ ഇഷ്ടമാണ് എന്നല്ലേ പറഞ്ഞുള്ളൂ നമുക്ക് സെറ്റാക്കാം എന്നൊക്കെ പറഞ്ഞിട്ട് ഞാൻ ഇവള്‍ കാണാതെ പോയി ആ ലവ് ലെറ്റർ എടുത്ത് നോക്കി. അതില്‍ വേറൊരു പേരായിരുന്നു ഉണ്ടായിരുന്നത്. ജോവൻ അല്ല.
ഞാൻ അകത്തേക്ക് കയറി വരുമ്പോള്‍ ഇവള്‍ എന്നോട് പറയുവാണ് അമ്മ എങ്ങനെ പ്രതികരിക്കും എന്നറിയാത്ത കൊണ്ട് ഞാൻ പേര് മാറ്റി പറഞ്ഞതാണ് എന്ന്. അത്രയ്ക്ക് പ്ലാനിങ് ഉള്ള ആളാണ് ഇവള്‍. ഇപ്പോള്‍ ഇവള്‍ വലുതായി വരുമ്പോള്‍ ഞാൻ പറയാറുണ്ട് എന്തുണ്ടെങ്കിലും ഒരു 27 വയസ്സ് ഒക്കെ ആയിട്ട് നമുക്ക് നോക്കാം എന്ന്. ഞാൻ 23 ല്‍ കല്യാണം കഴിച്ചതാണ്, അതുകൊണ്ട് നീ അങ്ങനെ ചെയ്യണ്ടാ. നിനക്ക് ശരിയായ പ്രായം 27 ആണ്, ഞാൻ കുറെ ജ്യോല്‍സ്യന്മാരോടൊക്കെ ചോദിച്ചു. നിനക്ക് 27 ആവുമ്പോള്‍ ഈ പ്രൊപ്പോസ് ചെയ്യുന്ന പയ്യന്മാരോട് എന്നെ വന്നു കാണാൻ പറയ് എന്നൊക്കെ ഞാൻ അവളോട് പറയാറുണ്ട്...’’ എന്നാണ് അഞ്ജലി പറഞ്ഞത്. അമൃത ടിവിയുടെ ആനീസ് കിച്ചണില്‍ മകള്‍ക്കൊപ്പം പങ്കെടുത്തപ്പോഴാണ് അഞ്ജലി മകള്‍ ആവണിയുടെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുന്നത്.