-->
ബാലതാരമായി എത്തി പിന്നീട് സഹനായിക വേഷത്തിലടക്കം തിളങ്ങിയ താരമാണ് അഞ്ജലി നായര്‍. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ചു സിനിമകളില്‍ ബാലതാരമായി എത്തിയ അഞ്ജലി പിന്നീട് പരസ്യചിത്രങ്ങളില്‍ സജീവമായി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം പിന്നീട് ടെലിവിഷന്‍ ഷോയിലൂടെയും ആങ്കറിംഗിലൂടെയും മോഡലിംഗിലൂടെയും അഞ്ജലി കരിയറില്‍ സജീവമായി. പിന്നീട് ബിഗ് സ്ക്രീനിലും തിളങ്ങിത്തുടങ്ങി.
2010 ല്‍ ‘നെല്ല്’ എന്ന തമിഴ് സിനിമയില്‍ അഞ്ജലി നായികയായി. മോഹൻലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ദൃശ്യം 2 വിലും താരം തിളങ്ങി. 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം ‘ബെൻ’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ലഭിച്ചതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
അമ്മയുടെ വഴിയെ മൂത്തമകള്‍ ആവണിയും സിനിമയിലേയ്ക്ക് ചുവട് വെച്ചിട്ടുണ്ട്. അജയന്റെ രണ്ടാം മോഷണം, ഫീനിക്സ് തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ ആവണി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഏറ്റവും അവസാനം ആവണി അഭിനയിച്ച് തിയേറ്ററുകളില്‍ എത്തിയ സിനിമ സൂര്യ നായകനായ റെട്രോയായിരുന്നു. നായിക പൂജ ഹെഗ്ഡെയുടെ ബാല്യകാലമായിരുന്നു ആവണി അവതരിപ്പിച്ചത്. സിനിമയുടെ പ്രമോഷനായി കേരളത്തില്‍ റെട്രോ ടീം എത്തിയപ്പോള്‍ ആവണിക്ക് സെറ്റില്‍വെച്ചുണ്ടായ ഒരു അപകടത്തെ കുറിച്ച് നടൻ സൂര്യ സ്റ്റേജില്‍ വെച്ച് പറഞ്ഞിരുന്നു. അപ്പോഴാണ് പ്രേക്ഷകരത് അറിഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ അതിന്റെ തീവ്രത എത്രത്തോളം വലുതായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ വഴി പങ്കിടുകയാണ് അമ്മയായ അഞ്ജലി. തീയുടെ ചൂടേറ്റ് പൊള്ളിയ ആവണിയുടെ കയ്യില്‍ കുമിളകള്‍ വന്ന അവസ്ഥയെ കുറിച്ചും ആവണിയുടെ കയ്യില്‍ മാത്രമല്ല കണ്ണിനും ചെവിയിലും പൊള്ളലേറ്റതും അഞ്ജലി പങ്കിട്ട വീഡിയോയിലുണ്ട്. കാശിയില്‍ ചിത കത്തുന്ന സീൻ ചിത്രീകരിക്കുന്നതിനിടെയാണ് ആവണിക്ക് പൊള്ളലേറ്റത്.
‘‘ഹലോ സുഹൃത്തുക്കളെ, തിരുവനന്തപുരത്ത് നടന്ന റെട്രോ സിനിമയുടെ പ്രമോഷൻ ചടങ്ങിന്റെ വീഡിയോ നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. നടൻ സൂര്യ സാർ ആവണിയെ വേദിയിലേക്ക് ക്ഷണിച്ച് അവളുടെ കൈകള്‍ പിടിച്ച് റെട്രോ ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായ തീപിടുത്ത അപകടത്തെക്കുറിച്ച് വിവരിച്ചിരുന്നു. ആവണിയെ അനുഗ്രഹിച്ചതിനും, പിന്തുണ നൽകിയതിനും, കരുതലിനും സ്നേഹത്തിനും നന്ദി, സൂര്യ സർ.
കഠിനമായ വേദന അനുഭവിച്ചിട്ടും അഭിനയത്തോടുള്ള അവളുടെ അഭിനിവേശവും സമർപ്പണവും കണ്ട് ഞങ്ങളുടെ കുടുംബം ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾ, പുരികങ്ങൾ, മുടി, ചെവികൾ, കൈകൾ എന്നിവയ്ക്ക് തീപിടിച്ചു. സംവിധായകനും സംഘവും ആവണിയുടെ വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചപ്പോഴും, അവൾ ഒരു ഇടവേള എടുത്ത്, ധൈര്യപൂർവ്വം ഒരു മണിക്കൂർ വിശ്രമം ആവശ്യപ്പെട്ട് തന്റെ രംഗങ്ങൾ പൂർത്തിയാക്കാൻ മടങ്ങിയെത്തി എന്നത് സന്തോഷകരമാണ്.
ആവണിയുടെ അമ്മ എന്ന നിലയിൽ, അത്തരമൊരു മകളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയായി കരുതുന്നു. ഒരു നടി എന്ന നിലയിൽ, അവളുടെ ശക്തിയെയും സഹിഷ്ണുതയെയും ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കണ്ണാ....
മാത്രമല്ല, നമ്മുടെ ഇതിഹാസ നടൻ മമ്മുക്കയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഇത് ഭേദമാക്കാൻ ഒരു ഡോക്ടറെ നിർദ്ദേശിച്ചു, വളരെ നന്ദി, ഒരുപാട് അർത്ഥവത്താണത്...
ഒരിക്കൽ കൂടി ഫുൾ റെട്രോ ടീമിനും കാർത്തിക് സാറിനും നന്ദി....’’ എന്നാണ് വീഡിയോ പങ്കിട്ട് അഞ്ജലി കുറിച്ചത്. വീഡിയോയ്ക്കൊപ്പം നടന്ന കാര്യങ്ങളും അഞ്ജലി പങ്കുവയ്ക്കുന്നുണ്ട്. ചിത കത്തിക്കുന്ന സീനില്‍ ആവണിയുമുണ്ട്. ചിത്രീകരണത്തിനിടെ വല്ലാതെ കാറ്റടിച്ചപ്പോള്‍ ചിതയിലെ തീ ആവണിയുടെ ദേഹത്തേക്ക് അടിച്ചു. പെട്ടെന്നായതുകൊണ്ട് സെറ്റില്‍ ഉള്ളവർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി.
അഞ്ജലി നായരുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആവണി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസനയാണ് ആവണിയുടെ പിതാവ്. ഇരുവരും വിവാഹബന്ധം വേർപ്പെടുത്തിയശേഷം മകളുടെ സംരക്ഷണം അഞ്ജലിക്കാണ്. വിവാഹമോചന ശേഷം അഞ്ജലി അജിത്ത് രാജു എന്നയാളെ വിവാഹം കഴിച്ചു. ഇതില്‍ ഒരു പെണ്‍കുട്ടിയുണ്ട്.
അടുത്തിടെ, ഒരു ടെലിവിഷൻ പരിപാടിയില്‍ സംസാരിക്കവെ തന്റെ ജീവിതത്തിലുണ്ടായ ചില പ്രശ്‌നങ്ങളെ കുറിച്ച് അഞ്ജലി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. തമിഴ് സിനിമയില്‍ അഭിനയിച്ച സമയത്ത് ഒരു നടൻ പ്രൊപ്പോസ് ചെയ്തതിനെ പറ്റിയാണ് നടി പറഞ്ഞത്. അന്ന് പ്രണയം നിഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.
‘‘അഞ്ചു സുന്ദരികളി’ലെ സേതുലക്ഷ്മിയില്‍ അഭിനയിക്കാൻ അഞ്ജലി നായർ എത്തിയത് മകള്‍ ആവണിയെയും കൊണ്ടാണ്. അന്ന് അവള്‍ക്ക് വെറും എട്ടു മാസമാണ് പ്രായം. ഒരു കുഞ്ഞുരംഗത്തില്‍ തൊട്ടിലില്‍ കിടന്നു കളിക്കുന്ന വാവയായി ആവണിയും അഭിനയിച്ചു. അതായിരുന്നു ആവണിയുടെ അരങ്ങേറ്റ ചിത്രം. അന്ന് തൊട്ടിലില്‍ കിടന്നു കളിച്ച ആ കൈക്കുഞ്ഞാണ് ‘ഫീനിക്സി’ലെ ക്ലൈമാക്സ് രംഗത്തില്‍ പ്രേക്ഷകരെ ഭയപ്പാടിന്റെ മുള്‍മുനയില്‍ നിർത്തിയത്.
ഫീനിക്സിലെ അഭിനയത്തിന് രണ്ടു പുരസ്കാരങ്ങള്‍ ഇതിനോടകം ലഭിച്ചു. തിലകൻ സ്മാരക പുരസ്കാരവും പ്രൈഡ് ഓഫ് കേരള അവാർഡും ആണ് കിട്ടിയത്. ആദ്യമൊക്കെ തമിഴില്‍ നിന്ന് ആവണിക്ക് ഓഫർ വരുമ്പോള്‍ ഞാൻ അവളെ നിരുല്‍സാഹപ്പെടുത്തും. അതു വേണോ? വിചാരിച്ച പോലെ ചെയ്യാൻ പറ്റിയില്ലെങ്കില്‍ വലിയ സമ്മർദ്ദമാകുമെന്നൊക്കെ ഞാൻ പറയാറുണ്ട്. പക്ഷേ, ഇപ്പോള്‍ എനിക്ക് അറിയാം, അവള്‍ക്ക് ഏതു കഥാപാത്രവും ചെയ്യാൻ പറ്റുമെന്ന്! അതുകൊണ്ട് ടെൻഷനില്ല...’’ എന്നാണ് അഞ്ജലി പറഞ്ഞിട്ടുള്ളത്.