Sunday, March 15, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 15 Dec 2025 11.34 PM

സര്‍ക്കാരിന്റെ കുഴപ്പമല്ല; ഭരണവിരുദ്ധവികാരമില്ല, വെള്ളാപ്പള്ളിയുടെ പങ്കും പരിശോധിക്കും, വോട്ട്‌ കണക്ക് അനുകൂലം; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സി.പി.എം.​

uploads/news/2025/12/816165/k3.jpg

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധവികാരമുണ്ടായില്ലെന്നു സി.പി.എം. വിലയിരുത്തല്‍. ഭരണവിരുദ്ധവികാരമുണ്ടോയെന്ന്‌ പരിശോധിക്കുമെന്നും സര്‍ക്കാര്‍ പാഠങ്ങള്‍ പഠിച്ച്‌, തിരുത്തേണ്ടവ തിരുത്തണമെന്നും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം.
ജനം ഇപ്പോഴും കൈവിട്ടിട്ടില്ലെന്ന്‌ 68 നിയമസഭാമണ്ഡലങ്ങളിലെ എല്‍.ഡി.എഫ്‌. ലീഡ്‌ ചൂണ്ടിക്കാട്ടി സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ വിലയിരുത്തി.

രാഷ്‌ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത്‌ അടിസ്‌ഥാനത്തിലുള്ള വോട്ട്‌ കണക്കും ഇടതുമുന്നണിക്ക്‌ അനുകൂലമാണ്‌. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ എതിരഭിപ്രായമുണ്ടായിട്ടില്ലെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ വിലയിരുത്തി. ജില്ലകളില്‍നിന്നുള്ള വോട്ട്‌ വിശകലനങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ സി.പി.എം, സി.പി.ഐ. നേതൃയോഗങ്ങള്‍ തദ്ദേശതെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തുന്നത്‌.

സര്‍ക്കാരിനു ജനപിന്തുണ കുറയുന്നുവെന്ന വിലയിരുത്തലാണു പൊതുവേ സി.പി.ഐ. നേതാക്കള്‍ക്കുള്ളത്‌. എന്തൊക്കെ തിരുത്തല്‍ വേണമെന്നു നേതൃത്വത്തെ അറിയിക്കാന്‍ അണികളോട്‌ ആവശ്യപ്പെട്ടിട്ടുമുണ്ട്‌. കത്തുകളിലൂടെയും ഇ-മെയിലിലൂടെയുമാണ്‌ സി.പി.ഐ. പൊതുജനാഭിപ്രായം തേടുന്നത്‌. ഇന്ന്‌ ഇടതുമുന്നണി യോഗവും ചേരും.

ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല: ഗോവിന്ദന്‍

തദ്ദേശതെരഞ്ഞെടുപ്പ്‌ ഫലം ഇടതുമുന്നണിക്കു തിരിച്ചടിയല്ലെന്നും ഈ കപ്പല്‍ അങ്ങനെയൊന്നും മുങ്ങുന്നതല്ലെന്നും സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംസ്‌ഥാനത്തു ഭരണവിരുദ്ധവികാരമില്ല. ഇടതുമുന്നണിയുടെ രാഷ്‌ട്രീയാടിത്തറ ഭദ്രമാണ്‌. പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ ഈമാസംതന്നെ ചേരും. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും.

മധ്യകേരളത്തിലും മലപ്പുറത്തും സി.പി.എമ്മിന്‌ കനത്ത തിരിച്ചടിയുണ്ടായി. അത്‌ ഗൗരവപൂര്‍വം പരിശോധിക്കും. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനമുണ്ടായിട്ടും എങ്ങനെ ഈ സ്‌ഥിതിവിശേഷമുണ്ടായെന്ന്‌ പരിശോധിക്കും. ഏതെങ്കിലും വിഭാഗം എതിരായെന്നു പറയാനാവില്ല. മലപ്പുറത്ത്‌ 10 ലക്ഷം വോട്ട്‌ എല്‍.ഡി.എഫിനുണ്ട്‌. ന്യൂനപക്ഷം കൈവിട്ടിട്ടില്ലെന്നതിന്റെ സൂചനയാണത്‌.

'വെള്ളാപ്പള്ളിയുടെ പങ്കും പരിശോധിക്കും'

ന്യൂനപക്ഷ വോട്ടുകള്‍ ചോരുന്നതില്‍ വെള്ളാപ്പള്ളി നടേശന്‌ പങ്കുണ്ടോയെന്ന ചോദ്യത്തിന്‌, അതും പരിശോധിക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ആരുടെ പങ്ക്‌ പരിശോധിക്കുന്നതിലും പേടിയില്ല. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കില്ല. ഇടതുപക്ഷവുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്ന സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന്‌ ചിലയിടങ്ങളില്‍ ഭരണത്തിലേക്കു വരും. ബി.ജെ.പിയുമായും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയ യു.ഡി.എഫുമായും ഒരു സഖ്യവുമുണ്ടാക്കില്ല. കൊല്ലം കോര്‍പറേഷനില്‍ നല്ല പോലെ തോറ്റു. അത്‌ ഗൗരവമായി പരിശോധിക്കും.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തീരാതെ ആര്‍ക്കെതിരേയും നടപടിയെടുക്കുന്ന പ്രശ്‌നമില്ല. ആരെയും സംരക്ഷിക്കില്ല. ശബരിമല വിഷയം തിരിച്ചടിയായോയെന്ന്‌ പരിശോധിച്ചാലേ അറിയൂ. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്ക്‌ ഇത്ര സീറ്റ്‌ കിട്ടിയാല്‍ മതിയോ? തിരുവനന്തപുരം കോര്‍പറേഷനില്‍ നേടിയ വിജയം ചൂണ്ടിക്കാട്ടി കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയെന്ന പ്രചാരണമാണ്‌ ബി.ജെ.പി. നടത്തുന്നത്‌. എന്നാല്‍ ജില്ലാപഞ്ചായത്തില്‍ കഴിഞ്ഞതവണയുണ്ടായിരുന്ന സീറ്റ്‌ ഇത്തവണയില്ല. പാലക്കാട്‌ കേവലഭൂരിപക്ഷം നേടിയില്ല. പന്തളത്ത്‌ എല്‍.ഡി.എഫ്‌. ഭരണം പിടിച്ചെടുത്തു.

'ബി.ജെ.പിക്ക്‌ നേട്ടമില്ല'

ജമാഅത്തെ ഇസ്ലാമി, എസ്‌.ഡി.പി.ഐ. ഉള്‍പ്പടെയുള്ള വര്‍ഗീയശക്‌തികള്‍ ലീഗിനും കോണ്‍ഗ്രസിനും വേണ്ടി എല്‍.ഡി.എഫിനെതിരേ നല്ല പ്രചാരവേല നടത്തി. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയുണ്ടാക്കി. സംസ്‌ഥാനമൊട്ടാകെ നോക്കിയാല്‍ ബി.ജെ.പി. മുന്നേറ്റമില്ല. തിരുവനന്തപുരം കോര്‍പറേഷനിലെ കണക്കില്‍ ഇടതുമുന്നണിതന്നെയാണ്‌ മുന്നില്‍. പരസ്‌പരധാരണയോടെ യു.ഡി.എഫ്‌-ബി.ജെ.പി. നീക്കമാണ്‌ തിരുവനന്തപുരത്തുണ്ടായത്‌. അവിടെ ആറ്‌ സീറ്റില്‍ എല്‍.ഡി.എഫ്‌. തോറ്റതു ചെറിയ വോട്ടിനാണ്‌.
തോല്‍വിയില്‍ വിശദപരിശോധനയുണ്ടാകും. മുങ്ങുന്ന കപ്പലെന്നു പറഞ്ഞവരുണ്ട്‌. അങ്ങനെ മുങ്ങുന്നില്ലെന്നാണ്‌ സി.പി.എമ്മിന്റെ കണക്ക്‌. തെരഞ്ഞെടുപ്പില്‍ വര്‍ഗീയശക്‌തികള്‍ ഒന്നിച്ചു. സൂക്ഷ്‌മതലത്തില്‍ പരിശോധിച്ചാല്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം മെച്ചമല്ല. ജില്ലാപഞ്ചായത്തുകളില്‍ അവര്‍ക്ക്‌ കഴിഞ്ഞതവണത്തെ സീറ്റ്‌ പോലുമില്ലെന്നു ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Ads by Google
സ്വന്തം ലേഖകന്‍
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW