-->
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പിക്ക് തന്നെ.സ്വതന്ത്രന്മാരെ കൂട്ടി തിരുവനന്തപുരത്ത് ഭരണ അട്ടിമറിക്ക് ശ്രമിക്കേണ്ടെന്നാണ് സി.പി.എം. തീരുമാനം. 101 സീറ്റുള്ള കോര്‍പ്പറേഷനില്‍ 50 സീറ്റിലും ബി.ജെ.പി. ജയിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കുറവേ ഉള്ളൂ.
സി.പി.എമ്മിന് 29 പേര്‍ മാത്രമാണ് കൗണ്‍സിലിലുള്ളത്. ഈ സാഹചര്യത്തില്‍ സ്വതന്ത്രന്മാരെ മേയറാക്കുന്ന ഫോര്‍മുലയിലെ അട്ടിമറി വേണ്ടെന്നാണ് തീരുമാനം.
പൗണ്ടു കടവില്‍ നിന്നും ജയിച്ച സുധീഷ് കുമാര്‍ കോണ്‍ഗ്രസ് വിമതനാണ്. സുധീഷ് കോണ്‍ഗ്രസിലേക്ക് പോകാനാണ് സാധ്യത. കണ്ണമൂലയില്‍ ജയിച്ച പാറ്റൂര്‍ രാധാകൃഷ്‌ണന്‍ സി.പി.എമ്മിന് അനഭിമതനാണ്. എസ് .എഫ് .ഐഡി.വൈ.എഫ് .ഐ. മുന്‍ നേതാവായിരുന്നു രാധാകൃഷ്‌ണന്‍. പാര്‍ട്ടി വിട്ട രാധകൃഷ്‌ണന്‍ മൂന്നു മുന്നണി സ്‌ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്തി കറുത്ത കുതിരയായി മാറുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ രാധാകൃഷ്‌ണനുമായി കൈ കോര്‍ക്കാന്‍ സി.പി.എം. ആഗ്രഹിക്കുന്നില്ല. മന്ത്രി വി. ശിവന്‍കുട്ടിയെ സന്ദര്‍ശിച്ച് രാധാകൃഷ്‌ണന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സി.പി.എം. സംസ്‌ഥാന നേതൃത്വം രാധാകൃഷ്‌ണനെ മേയറാക്കുന്ന ഫോര്‍മുലയ്‌ക്ക് അനുകൂലമല്ല.
ഇതോടെ തിരുവനന്തപുരത്ത് ബി.ജെ.പി. ഭരണം ഉറപ്പായി. മേയറെ ബി.ജെ.പി ഉടന്‍ നിശ്‌ചയിക്കില്ല. സംസ്‌ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഡിസംബര്‍ 21ന് നടക്കും. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്‌ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30നും നടക്കും. ഈ സാഹചര്യത്തില്‍ 25 വരെ മേയറെ നിശ്‌ചയിക്കാന്‍ സമയം ഉണ്ട്. മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയെ മേയറാക്കണമെന്ന ആവശ്യം ശക്‌തമാണ്. ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷാണ് ശ്രീലേഖയ്‌ക്ക് വേണ്ടി വാദിക്കുന്നത്. എന്നാല്‍ വി.വി രാജേഷിനെ മേയറാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബി.ജെ.പി കേന്ദ്രനേതൃത്വമാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.