-->
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തില്‍ വ്യക്‌തമാകുന്നത് അന്വേഷണസംഘത്തിന്റെ ഗുരുതരവീഴ്‌ചകള്‍. കേസില്‍ പരാമര്‍ശിക്കപ്പെട്ട ശ്രീലക്ഷ്‌മിയും 'മാഡ'വുമടക്കം പലരെക്കുറിച്ചും അന്വേഷിക്കുകയോ വിസ്‌തരിക്കുകയോ ചെയ്‌തില്ല. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ് നടന്‍ ദിലീപടക്കം നാല് പ്രതികളെ വിട്ടയയ്‌ക്കാന്‍ ഇടയാക്കിയതെന്നും വിധിയില്‍നിന്നു വ്യക്‌തമാകുന്നു.
ഗൂഢാലോചനാക്കുറ്റം തെളിയിക്കാനാകാതെ ദിലീപിനെ വിട്ടയച്ചതിന്റെ മാത്രമല്ല, കേസില്‍ എന്തൊക്കെ സംഭവിച്ചെന്നതിന്റെയും ഉത്തരമാണ് 1709 പേജുള്ള വിധിന്യായം. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതു രാത്രി 10.30-നും 10.48-നും ഇടയിലാണെന്നാണു ഫോറന്‍സിക് റിപ്പോര്‍ട്ട്. അതിന് അരമണിക്കൂര്‍ മുമ്പുവരെ പ്രതി പള്‍സര്‍ സുനിയുമായി ശ്രീലക്ഷ്‌മി ആശയവിനിമയം നടത്തിയിരുന്നു. ഫെബ്രുവരി 23-ന് സുനി അറസ്‌റ്റിലായ ശേഷവും ഇവര്‍ ഫോണില്‍ വിളിച്ചതായി കോടതി കണ്ടെത്തി. സുനിയുമായി അടുത്തബന്ധമുണ്ടെന്നു പ്രോസിക്യൂഷന്‍ പറയുന്ന ശ്രീലക്ഷ്‌മിയെ സാക്ഷിയാക്കിയില്ലെന്നു മാത്രമല്ല, അവരുടെ ഫോണ്‍ വിവരങ്ങളോ ടവര്‍ ലൊക്കേഷനോ കോടതിയിലെത്തിച്ചുമില്ല. സ്വകാര്യത ഉന്നയിച്ച് ഫോണിലെ വിവരങ്ങള്‍ മറച്ചുവച്ചതിനെ കോടതി വിമര്‍ശിക്കുന്നു. കേസിന്റെ ഭാഗമായി ഒരു 'മാഡ'ത്തെക്കുറിച്ച് പലതവണ പരാമര്‍ശമുണ്ടായെങ്കിലും അതേക്കുറിച്ച് പിന്നീട് അന്വേഷണമുണ്ടായില്ല.
ദിലീപ് ഉണ്ടാക്കിയതെന്നു പ്രോസിക്യൂഷന്‍ വാദിക്കുന്ന വ്യാജ വാട്‌സ്‌ആപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ആദ്യമായി അയച്ചുനല്‍കിയതു ഷോണ്‍ ജോര്‍ജാണ്. എന്നാല്‍, ഷോണിനെ സാക്ഷിയാക്കുകയോ വിസ്‌തരിക്കുകയോ ചെയ്‌തില്ല. ദിലീപ് 12 ചാറ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍, ചാറ്റ് ചെയ്‌തവരെക്കുറിച്ചോ അവര്‍ക്കു കേസിലുള്ള പങ്കിനെക്കുറിച്ചോ കോടതിക്കു മുന്നില്‍ തെളിവുകളെത്തിയില്ല. പ്രധാനതെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന വിവരം അന്വേഷണോദ്യോഗസ്‌ഥനും ഫോറന്‍സിക് ലാബ് ഉദ്യോഗസ്‌ഥനും രണ്ടുവര്‍ഷമാണ് കോടതിയില്‍നിന്നു മറച്ചുവച്ചത്.
ശ്രീലക്ഷ്‌മിയെ ചോദ്യം ചെയ്‌തിരുന്നെന്ന് ഭര്‍ത്താവ്
നടി ആക്രമിക്കപ്പെട്ട ദിവസം പള്‍സര്‍ സുനി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട ശ്രീലക്ഷ്‌മിയെ അന്വേഷണസംഘം ചോദ്യംചെയ്‌തിരുന്നെന്ന് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. പോലീസിനു വിശദമായ മറുപടി നല്‍കുകയും ഫോണ്‍, സിം കാര്‍ഡ് എന്നിവ കൈമാറുകയും ചെയ്‌തു. സുനിയുമായി ശ്രീലക്ഷ്‌മിക്ക് അടുത്തബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കോടതി ഉത്തരവിലും രേഖപ്പെടുത്തിയിട്ടുണ്ട്.
അറസ്‌റ്റില്‍ തെറ്റില്ല; ദിലീപിനെതിരേ തെളിവുമില്ല: കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാംപ്രതിയായിരുന്ന ദിലീപിനെ അറസ്‌റ്റ് ചെയ്‌തതില്‍ തെറ്റില്ലെന്നു കോടതി നിരീക്ഷണം. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. എന്നാല്‍, ഒന്നാംപ്രതി പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിധിന്യായത്തില്‍ പറയുന്നു.
1711 പേജുള്ള വിധിന്യായത്തില്‍ 300 പേജുകളിലായാണ് എന്തുകൊണ്ട് ദിലീപിനെ വിട്ടയച്ചെന്ന വിശദീകരണം. സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്‌തമല്ല. മുഖ്യഗൂഢാലോചനക്കാരനെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച ദിലീപിനെതിരേ യാതൊരു തെളിവുമില്ല.
ദിലീപിന്റെ വീടിനു സമീപം പള്‍സര്‍ സുനിയെ കണ്ടെന്നു മേക്കപ്പ് ആര്‍ട്ടിസ്‌റ്റിന്റെ മൊഴിയുണ്ട്. എന്നാല്‍, അത് ഗൂഢാലോചനയ്‌ക്കു തെളിവല്ല. ദിലീപിന്റെ പല സിനിമാ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടെന്നു പ്രോസിക്യൂഷന്‍ പറയുന്നു. സുനിയും ചലച്ചിത്രപ്രവര്‍ത്തകനായതിനാല്‍ അതും ഗൂഢാലോചനയ്‌ക്കു തെളിവാകുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടുന്നു.