-->
ശബരിമല: കൊട്ടിഘോഷിച്ച് ചുമതലയേറ്റ പുതിയ ദേവസ്വം ബോര്‍ഡ് സന്നിധാനത്തേക്കു തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി. മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് പ്രസിഡന്റോ അംഗങ്ങളില്‍ ആരെങ്കിലുമോ ക്രമീകരണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ദിവസവും ശബരിമലയിലുണ്ടാകണമെന്ന പതിവ് ഇക്കുറി മാറി. മണ്ഡലകാലം ആരംഭിച്ച് ഒരുമാസം ആകാറായപ്പോള്‍ മുന്നോ നാലോ ദിവസം മാത്രമാണ് പ്രസിഡന്റും മെമ്പര്‍മാരും സന്നിധാനത്തുണ്ടായിരുന്നത്.
സന്നിധാനത്ത് ഭക്‌തര്‍ക്കു കേരളീയ സദ്യ വിളമ്പുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ അതു നടപ്പായില്ല. സദ്യ നല്‍കുന്നതില്‍ ബോര്‍ഡംഗങ്ങള്‍ക്ക് എതിര്‍പ്പില്ലെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഒരംഗത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. തിരുവാഭരണം കമ്മിഷണര്‍, ദേവസ്വം കമ്മിഷണര്‍, ലോ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ട് വാങ്ങി ക്വട്ടേഷന്‍ ക്ഷണിച്ച് നിയമപരമായി നടപ്പാക്കണമെന്നായിരുന്നു ആ അംഗത്തിന്റെ അഭിപ്രായം. ചട്ടപ്രകാരമല്ലാതെ ഏകപക്ഷീയ തീരുമാനമെടുക്കുന്നതിലും അംഗത്തിന് അതൃപ്‌തിയുണ്ടായിരുന്നു.
കരുതല്‍ശേഖരം കുറഞ്ഞതിനെത്തുടര്‍ന്ന് ഭക്‌തര്‍ക്കു നല്‌കുന്ന അരവണയുടെ എണ്ണം 20 ല്‍ പരിമിതപ്പെടുത്തിയിട്ടും ഉത്‌പാദനം വര്‍ധിപ്പിക്കാനുള്ള ഇടപെടലിനായി സന്നിധാനത്തെത്താന്‍ ബോര്‍ഡ് പ്രതിനിധികള്‍ ഉണ്ടായില്ല. കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്‌ണനും ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി ശ്രീജിത്തുമാണ് കൂടുതല്‍ സമയം ഇപ്പോള്‍ സന്നിധാനത്തു തങ്ങി തീര്‍ഥാടന ഇടപെടലുകള്‍ നടത്തുന്നത്.