-->
തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും എന്‍ഡിഎയുടെ വോട്ടുവിഹിതം വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ കണ്ടത് ഒറ്റപ്പെട്ട പ്രവണത അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് വളരുന്ന ഏകപാര്‍ട്ടി ബിജെപിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും പാര്‍ട്ടിയുടെ വോട്ടു വിഹിതം കൂടിയെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത് ഒറ്റപ്പെട്ട പ്രവണതയല്ലെന്നും അദ്ദേഹം കുറിച്ചു. സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം വിശദീകരിച്ചത്.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ഡിഎയുടെ വോട്ടുവിഹിതം 2020നെ അപേക്ഷിച്ച് ഇരട്ടിയിലധികമായെന്നും കേരളത്തില്‍ പലയിടത്തും ഇതാണ് സ്ഥിതിയെന്നുമാണ് അവകാശവാദം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ വലിയ കുറവുണ്ടെന്ന സിപിഎം എംപി ജോണ്‍ ബ്രിട്ടാസിനുള്ള മറുപടി കൂടിയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പോസ്റ്റില്‍ ഉണ്ടായിരുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
''കണക്കുകള്‍ കള്ളം പറയില്ല. കോട്ടയത്തെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം ഇരട്ടിയിലധികമായി- 2020 ലെ 11.4 ശതമാനത്തില്‍ നിന്ന് 2025 ല്‍ 26.9 ശതമാനം ആയി. വെറും 5 വര്‍ഷത്തിനുള്ളില്‍ 15.5 ശതമാനം വര്‍ദ്ധന. ഇത് ഒറ്റപ്പെട്ട പ്രവണതയല്ല. ഞാന്‍ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ കണക്ക് സ്ഥിരീകരിക്കുന്നു: കേരളത്തില്‍ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണ്.
അഴിമതി, വിവാദം, സിപിഎം കോണ്‍ഗ്രസ് സ്തംഭനാവസ്ഥ എന്ന രാഷ്ട്രീയത്തില്‍ നിന്ന് മാറി വികസനം, ഉത്തരവാദിത്ത ഭരണം എന്നിവയെക്കുറിച്ചുള്ള ബിജെപി/എന്‍ഡിഎയുടെ കാഴ്ചപ്പാടിലേക്ക് മലയാളികള്‍ നീങ്ങുകയാണ്. ദിശ വ്യക്തമാണ്. മാറ്റം ആരംഭിച്ചു'' എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ്.
എന്‍ഡിഎ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്കാണ് ഭൂരിപക്ഷം. കേരളത്തില്‍ ഇപ്പോള്‍ 80 നിയമസഭാ സീറ്റുകളില്‍ യുഡിഎഫ് മുന്നില്‍ എത്തിയപ്പോള്‍.
മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ഉണ്ട്. കണ്ണൂരില്‍ ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ മാത്രമാണ് എല്‍ഡിഎഫിന്റെ മുന്‍തൂക്കം.