Friday, March 13, 2026 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 02.33 PM

ദിവസങ്ങളോളം കാലില്‍ നീരു വയ്ക്കാറുണ്ടോ ? ; ഈ ആരോഗ്യപ്രശ്‌നങ്ങളുടെ തുടക്കമാകാം

leg, swelling

പ്രായമുള്ളവരിലടക്കം കണ്ടു വരുന്ന കാര്യമാണ് കണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കുന്ന അവസ്ഥ. ഈ അവസ്ഥയെ ഒഡീമ എന്നാണ് പറയുന്നത്. ദിവസങ്ങളോളം കാലില്‍ ഇങ്ങനെ നീരു വയ്ക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളുടെയും തുടക്കമാകാം. ഇത് എന്തൊക്കെയാണെന്ന് നോക്കാം....

* കരള്‍ രോഗം - കരള്‍ ഉത്പാദിപ്പിക്കുന്ന ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കരളിനെയും വൃക്കകളെയും ആരോഗ്യത്തോടെ സൂക്ഷിക്കുകയും രക്തധമനികളില്‍ നിന്നും സമീപത്തെ കോശസംയുക്തങ്ങളില്‍ നിന്നുമുള്ള ദ്രാവകത്തിന്റെ ചോര്‍ച്ച തടയുകയും ചെയ്യും. എന്നാല്‍ കരള്‍ രോഗം മൂലം ആവശ്യത്തിന് ആല്‍ബുമിന്‍ ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങള്‍ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാന്‍ തുടങ്ങും. കാലുകളില്‍ നീര് വയ്ക്കുമ്പോള്‍ കരളിന്റെ ആരോഗ്യവും ഇതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കണം.

* ഹൃദയാരോഗ്യം - ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍, ശരീരത്തിലെ രക്തയോട്ടം കുറയുകയും കാലുകളിലും കണങ്കാലിലുമൊക്കെ ദ്രാവകങ്ങള്‍ കെട്ടിക്കിടന്ന് നീരു വയ്ക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നു.

* സെല്ലുലൈറ്റിസ് - ചര്‍മത്തിനുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയാണ് സെല്ലുലൈറ്റിസ്. ഇതിന്റെ ഭാഗമായി കാലുകളില്‍ നീര്, ചര്‍മത്തിന് ചുവന്ന നിറം, പുകച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ചികിത്സിക്കാതെ വിട്ടാല്‍ രോഗിയുടെ ജീവന് തന്നെ ഇത് ഭീഷണിയാകാം. ഡോക്ടര്‍മാര്‍ സാധാരണ നിലയില്‍ ആന്റിബയോട്ടിക്‌സ് ഇതിനായി നല്‍കാറുണ്ട്. ആന്റിബയോട്ടിക്‌സ് കഴിച്ചിട്ടും കാലിലെ നീര് മാറുന്നില്ലെങ്കില്‍ ഡോക്ടറെ അറിയിക്കാന്‍ വൈകരുത്.

* വിട്ടുമാറാത്ത വൃക്കരോഗം - വൃക്കകളുടെ പ്രവര്‍ത്തനം പതിയെ പതിയെ മന്ദഗതിയിലാകുന്ന സാഹചര്യമാണ് ക്രോണിക് കിഡ്‌നി ഡിസീസ്. ഇത് വൃക്ക സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. വൃക്കരോഗികളിലും കണങ്കാലുകളില്‍ നീര് വയ്ക്കാറുണ്ട്. ഇതിന് പുറമേ ഹൈപ്പര്‍ ടെന്‍ഷന്‍, കുറഞ്ഞ മൂത്രത്തിന്റെ അളവ്, ക്ഷീണം, മൂത്രത്തില്‍ രക്തം, മൂത്രത്തിന് കടുത്ത നിറം, വിശപ്പില്ലായ്മ, ചര്‍മത്തിന് ചൊറിച്ചില്‍, വിളര്‍ച്ച, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ എന്നിവയും വൃക്ക രോഗ ലക്ഷണങ്ങളാണ്.

* രക്തം കട്ടപിടിക്കല്‍ - കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ഡീപ് വെയ്ന്‍ ത്രോംബോസിസിന്റെ ലക്ഷണമാണ് കണങ്കാലുകളിലെ നീര്. അടിയന്തരമായി വൈദ്യസഹായം ആവശ്യമായ രോഗാവസ്ഥയാണിത്.

* പ്രീക്ലാംപ്‌സിയ - ഗര്‍ഭകാലത്തിന്റെ ആറാം മാസമോ ഒന്‍പതാം മാസമോ വരുന്ന അപകടകരമായ ഒരു അവസ്ഥയാണ് പ്രീക്ലാംപ്‌സിയ. ഉയര്‍ന്ന രക്തസമ്മര്‍ദവും മൂത്രത്തിലെ ഉയര്‍ന്ന പ്രോട്ടീനുമാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങള്‍. ഒഡീമ, തലവേദന, കാഴ്ചപ്രശ്‌നം, ഭാരവര്‍ധന തുടങ്ങിയ പ്രശ്‌നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഗര്‍ഭകാലത്തെ പ്രീക്ലാംപ്‌സിയ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കാം.

* ഹൈപോതൈറോയ്ഡിസം - ഹൈപോതൈറോയ്ഡിസം എന്ന അവസ്ഥയുടെ ഒരു ലക്ഷണമാണ് കണങ്കാലിലെ നീര്. തൈറോയ്ഡ് ?ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. കണങ്കാലില്‍ നീര് വയ്ക്കുന്നവര്‍ തൈറോയ്ഡ് പരിശോധിക്കുന്നത് നല്ലതാണ്.

Ads by Google
Monday 15 Dec 2025 02.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW