-->
സിഡ്‌നി: ജൂത മതവിശ്വാസികളുടെ ആഘോഷങ്ങള്‍ക്കിടെ ഓസ്ട്രേലിയയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണം 16 ആയി. 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് 2.17 ന് നടന്ന ആക്രമണം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു. അക്രമികള്‍ അച്ഛനും മകനുമാണെന്നാണ് സൂചനകള്‍. അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
നവീദ് അക്രം എന്ന അക്രമിയെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ പാകിസ്താന്‍കാരനാണെന്നാണ് പോലീസ്. പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രത്തിന് 24 വയസ് മാത്രമാണ് പ്രായം. ആക്രമണത്തിന്റെ വാര്‍ത്ത നടുക്കുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ് പ്രതികരിച്ചു.
അതേസമയം ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രണമാണ് നടന്നതെന്നും ഓസ്‌ട്രേലിയന്‍ ഭരണകൂടം മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നുമാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തല്‍.