Saturday, March 14, 2026 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.35 PM

'കൈ' ചൂണ്ടി ജനം; തിരുത്തേണ്ടി വരും

uploads/news/2025/12/815988/ed.jpg

ഭരണരംഗത്തുള്ളവരെ തെറ്റുകള്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്ന ജനവിധിയേക്കാള്‍ മൂല്യമുള്ള മറ്റൊന്നും ജനാധിപത്യത്തില്‍ ഇല്ല. തുടര്‍ച്ചയായ മൂന്നാംതവണയും സംസ്‌ഥാനഭരണം ലക്ഷ്യമിട്ടു നീങ്ങുന്ന എല്‍.ഡി.എഫിനെതിരേ 'കൈ' ചൂണ്ടിയിരിക്കുകയാണ്‌ ജനം. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും കാരണങ്ങള്‍ വിശദമായി പരിശോധിച്ച്‌ ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി സര്‍ക്കാരിനു നല്‍കിയ മുന്നറിയിപ്പിന്റെ ബാക്കിപത്രമാകുന്നു.
പത്തുവര്‍ഷത്തോളമായി പുറത്തുനില്‍ക്കുന്ന യു.ഡി.എഫിനെ സംബന്ധിച്ച്‌ ഭരണത്തിലേക്കു തിരിച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉറപ്പായും ആവേശം പകരും. ഒപ്പം, രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും ആഹ്ലാദിപ്പിച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍.ഡി.എയുടെ ചരിത്രവിജയം സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ പുതുചലനങ്ങള്‍ക്കുള്ള സാധ്യതയും തുറന്നിടുന്നു.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനം യു.ഡി.എഫിനൊപ്പം നിന്നു. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ നേടിയതിനൊപ്പം മുനിസിപ്പാലിറ്റി, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്തുകളിലടക്കം യു.ഡി.എഫ്‌. നേടിയ മുന്നേറ്റം എല്‍.ഡി.എഫിനെ ഞെട്ടിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ ആദ്യമായാണ്‌ എല്‍.ഡി.എഫിന്റെ കൈയില്‍നിന്നു പോകുന്നത്‌. തിരുവനന്തപുരം കോര്‍പ്പറേഷനിലെയും ഉറച്ച കോട്ടയെന്നു കണക്കാക്കപ്പെട്ട കൊല്ലത്തെ വിള്ളലും തോല്‍വിക്ക്‌ ഉപരിയായി സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന ഒന്നാണ്‌. അതുപോലെതന്നെ, കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ യു.ഡി.എഫ്‌. നേടുന്നതും ചരിത്രത്തില്‍ ആദ്യമാണ്‌.
മാസങ്ങള്‍ക്കകം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ 'സെമിഫൈനല്‍' എന്നു വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ യു.ഡി.എഫ്‌. നേടിയ ആധികാരിക വിജയത്തിനുപിന്നില്‍ ശക്‌തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന രാഷ്‌ട്രീയ വിലയിരുത്തലാണുള്ളത്‌. കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നഷ്‌ടമായ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയുന്നതിന്റെ സൂചനയുമുണ്ടായി. സി.പി.എമ്മിന്‌ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ഭൂരിപക്ഷ വോട്ടുകള്‍ നഷ്‌ടപ്പെടുകയാണെന്ന തോന്നലും തെരഞ്ഞെടുപ്പുഫലം സമ്മാനിച്ചിരിക്കുന്നു. ഇതു കേരള രാഷ്‌ട്രീയ ഗതിയില്‍ നിര്‍ണായകമാകും. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകര്‍ എന്ന നിലയില്‍ ന്യൂനപക്ഷ വോട്ടുകള്‍ വലിയരീതിയില്‍ സമാഹരിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനായി. എന്നാല്‍ നിലവില്‍ മോദി - പിണറായി അന്തര്‍ധാരയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വോട്ടര്‍മാരെ വലിയരീതിയില്‍ സ്വാധീനിച്ചു എന്നുവേണം കരുതാന്‍. ഇതു തിരിച്ചടിയാകുകയും ചെയ്‌തു.
സ്വര്‍ണപ്പാളി കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി യു.ഡി.എഫ്‌. നടത്തിയ പ്രചാരണം ജനം അംഗീകരിച്ചു എന്നും വിലയിരുത്തേണ്ടിവരും. അതേസമയം, എതിരാളികളെ സ്‌ത്രീലമ്പടന്മാരാക്കി ചിത്രീകരിച്ച്‌ വലിയതോതില്‍ സ്‌ത്രീകളുടെയടക്കം പിന്തുണ പ്രതീക്ഷിച്ച എല്‍.ഡി.എഫിനു കണക്കുകൂട്ടല്‍ തെറ്റി. പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്റെ നിലപാടുകളോടു യോജിപ്പുള്ളവരുടെ സംഖ്യ വര്‍ധിക്കുന്നതിന്റെ സൂചനയുമുണ്ടായി.
ഒപ്പത്തിനൊപ്പമുള്ള പോരാട്ടമെന്ന പ്രതീതിയായിരുന്നു പ്രചാരണരംഗം നല്‍കിയത്‌. രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ അണികളെ നിരാശപ്പെടുത്തുന്നതായി. ശക്‌തമായ ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരേ ഉന്നയിക്കാന്‍ എതിരാളികള്‍ക്ക്‌ ഉണ്ടായിരുന്നില്ല. എങ്കിലും സംസ്‌ഥാന ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചതോടെ നേതാക്കളടക്കം പുലര്‍ത്തിയ ധാര്‍ഷ്‌ട്യവും അസഹിഷ്‌ണുതയും പാര്‍ട്ടിക്കൂറുള്ളവരോടുമാത്രം പുലര്‍ത്തുന്ന അനുകൂല നിലപാടും വലിയൊരു വിഭാഗത്തെ എതിര്‍ ചേരിയിലെത്തിക്കാന്‍ കാരണമായി. അതേസമയം ക്ഷേമപദ്ധതികളുടെ പേരിലുള്ള മേനിയും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനു സ്‌ഥിരമായി ഉണ്ടാകാറുള്ള മേല്‍ക്കൈയും ഇടതുമുന്നണി സ്‌ഥാനാര്‍ഥികള്‍ക്കു നല്‍കിയിരുന്ന ആത്മവിശ്വാസം ചില്ലറ ആയിരുന്നില്ല. കണക്കുകൂട്ടലുകള്‍ക്കും ചരിത്രത്തിനും അപ്പുറമാണു ജനവിധിയെന്ന്‌ 'ജനം' ഉറക്കെപ്പറഞ്ഞ ഒരു തെരഞ്ഞെടുപ്പ്‌ കൂടിയാണ്‌ ഇത്‌.
നാട്ടുഭരണത്തില്‍നിന്നു വ്യത്യസ്‌ത കാഴ്‌ചപ്പാടോടെ ജനം സംസ്‌ഥാന ഭരണം നിശ്‌ചയിച്ച ചരിത്രം കേരളത്തിനുണ്ട്‌. യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതക്കുറവ്‌ ഉണ്ടായാല്‍ തിരിച്ചുവരാന്‍ കഴിവുള്ള സംവിധാനമാണ്‌ എല്‍.ഡി.എഫിന്റേത്‌. അതിനുതക്ക അടവുനയങ്ങളുമായി എല്‍.ഡി.എഫ്‌. വരുമ്പോള്‍ യു.ഡി.എഫ്‌. കരുതിയിരിക്കേണ്ടിവരും. സംസ്‌ഥാന ഭരണം ഇതാ തളികയില്‍ എന്നൊരു ആലസ്യവും മുഖ്യമന്ത്രിപദമടക്കമുള്ള സ്‌ഥാനമോഹികളുടെ എണ്ണപ്പെരുക്കവുമാണ്‌ യു.ഡി.എഫ്‌. അണികളെ സംബന്ധിച്ച്‌ ഈയൊരു വിജയത്തിളക്കത്തിലും ആശങ്കപ്പെടുത്തുന്ന കാര്യം.

Ads by Google
Sunday 14 Dec 2025 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW