-->
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയാനിരിക്കെ കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയും എട്ടാംപ്രതിയായ ദിലീപും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തി. കേസിലെ പത്തു പ്രതികളും ഹാജരാകണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ്. ജസ്റ്റീസ് ഹണിഎം വര്‍ഗ്ഗീസായിരുന്നു വിധി പ്രസ്താവിക്കുന്നത്. അഭിഭാഷകസംഘത്തോടൊപ്പമായിരുന്നു ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍ എത്തിയത്. കോടതിയിലും പരിസരത്തും കനത്ത കാവലാണ് ഏര്‍ശപ്പടുത്തിയിരിക്കുന്നത്.
നാലായിരത്തിലധികം പേജുകളാണ് വിധിന്യായമെന്നാണ് സൂചനകള്‍. 2017 ഫെബ്രുവരിയിലായിരുന്നു നടിയെ പിന്തുടര്‍ന്ന് എത്തി പള്‍സര്‍ സുനിയും സംഘവും ആക്രമിക്കുകയും ലൈംഗികാതിക്രമം നടത്തിയ ശേഷം സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. 2024 സെപ്റ്റംബര്‍ 24ന് കേസിന്റെ രണ്ടാം ഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കുന്ന രാജ്യത്തെ തന്നെ ആദ്യ കേസാണ് ഇത്. മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്‍ജി 2024 ഒക്ടോബര്‍ 14ന് ഹൈക്കോടതി തള്ളി.
മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധന യില്‍ അതിജീവിത 2024 ഡിസംബര്‍ 10ന് രാഷ്ട്രപതിക്ക് കത്തയച്ചു. നീണ്ടുപോയ വിചാരണയില്‍ 2024 ഡിസംബര്‍ 11ന് കോടതിയില്‍ അന്തിമവാദം ആരംഭിച്ചു. ഇതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2025 ഏപ്രില്‍ ഒന്‍പതിന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. 2025 ഏപ്രില്‍ 11നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്.