-->
പുന്നഗൈ അരസി അഥവാ പുഞ്ചിരികളുടെ രാജ്ഞി എന്നറിയപ്പെടുന്ന തെന്നിന്ത്യന്‍ താരമാണ് സ്നേഹ. അഭിനേതാവായ പ്രസന്നയെ വിവാഹം ചെയ്ത താരത്തിന് തെന്നിന്ത്യന്‍ സിനിമയിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറുണ്ട്. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച അവർ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ അഭിനയത്തിലൂടെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്നു.
നിരൂപക പ്രശംസ നേടിയതും വാണിജ്യപരമായി വിജയിച്ചതുമായ സിനിമകളും ട്രഡീഷണല്‍ കഥാപാത്രങ്ങള്‍ മുതല്‍ മോഡേണ്‍ റോളുകള്‍ വരെയുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങള്‍ വ്യത്യസ്ത ഭാഷകളിലായി സ്നേഹ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ രണ്ടു പതിറ്റാണ്ട് തികയ്ക്കുന്ന തന്റെ അഭിനയയാത്രയെക്കുറിച്ച് കുറിക്കുകയാണ് സ്നേഹ പ്രസന്ന. തന്റെ ഓരോ ചുവടും വിലപ്പെട്ടതായിരുന്നുവെന്നും യാത്ര എളുപ്പമായിരുന്നില്ലെന്നും കുറിക്കുകയാണ് താരം.
‘‘രണ്ട് പതിറ്റാണ്ട് നീണ്ട ഈ യാത്ര എപ്പോഴും എളുപ്പമുള്ളതായിരുന്നില്ല, പക്ഷേ ഓരോ ചുവടും വിലപ്പെട്ടതായിരുന്നു...വികടന്‍, ഈ ബഹുമതിക്ക് നന്ദി, എന്റെ അത്ഭുതകരമായ ആരാധകരേ, എന്റെ കഷ്ടപ്പാടുകളിലും വെല്ലുവിളികളും എന്റെ കൈ പിടിച്ചുയര്‍ത്തിയതിന് നന്ദി... പുന്നഗൈ അരസി കെ ആര്‍ വിജയ് മായ്ക്കും ഇതിഹാസ നടി ലക്ഷ്മി മായ്ക്കും ഒപ്പം കരുപളനിയപ്പനൊപ്പം ഞാന്‍ പ്രവര്‍ത്തിച്ച എന്റെ പ്രിയപ്പെട്ട സംവിധായകര്‍ക്കുമൊപ്പമുള്ള പ്രത്യേക നിമിഷങ്ങള്‍...’’ സ്നേഹ പ്രസന്ന കുറിച്ചു.
മമ്മൂട്ടിയോടൊപ്പം മലയാളം ചിത്രമായ ക്രിസ്റ്റഫറിലാണ് താരം അവസാനമായി അഭിനയിച്ചത്. വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രമാണ് താരത്തിന്റേതായി വരാനുള്ളത്. സിനിമയ്‌ക്കപ്പുറം, സ്നേഹ ടെലിവിഷനിലെ ഒരു ജനപ്രിയ മുഖമാണ്, ഡാൻസ് ജോഡി ഡാൻസ് പോലുള്ള ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായി സേവനമനുഷ്ഠിക്കുകയും മറ്റ് പ്രോഗ്രാമുകൾ അവതാരകയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ബ്രാൻഡ് എന്‍ഡോര്‍സ്മെന്റിലും താരം സജീവമാണ്.