-->
കോണ്‍ഗ്രസിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ലെന്ന് പരസ്യമായി പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുന്‍കൂര്‍ ജാമ്യാേപക്ഷയിലെ കോടതി വിധി കാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. എന്നാൽ ഈ നിലപാടിൽ എഐസിസിക്കും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. അതേസമയം, രാഹുലിന് ഇനി പാർട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരൻ ആവര്‍ത്തിച്ചു.
എത്രയും വേഗം രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാര്‍ട്ടിയെ പ്രതിരോധത്തിലും നാണക്കേടിലുമാക്കിയ വിഷയത്തിൽ നിന്ന് തലയൂരുക എന്നതാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ചൊവ്വാഴ്ച വൈകീട്ട് കടുത്ത നടപടിയിലേയ്ക്ക് പോവുകയെന്ന സന്ദേശം മുതിര്‍ന്ന നേതാക്കളോട് കെ സി വേണുഗോപാലും ദീപ ദാസ്മുന്‍ഷിയും നൽകി.
തീരുമാനം എല്ലാവരുമായി ആലോചിച്ച് കെപിസിസി എടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. രാഹുലിനെ പുറത്താക്കൽ നടപടി ഉടനെന്ന മട്ടിൽ കെ മുരളീധരന്‍റെ പ്രതികരണവും ഇന്നലെ രാവിലെ വന്നു. എന്നാൽ കോടതി വിധി നോക്കണമെന്ന നിലപാടിലേയ്ക്ക് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് നീങ്ങിയതോടെ നടപടിക്ക് സഡൻ ബ്രേക്കായി. എഐസിസിക്കും ഒരു വിഭാഗം നേതാക്കള്‍ക്കും കടുത്ത അമര്‍ഷം നിലനില്‍ക്കുമ്പോള്‍ നടപടിക്ക് സമയമായിട്ടില്ലെന്ന പരസ്യമായി പറയുകയാണ് സണ്ണി ജോസഫ്. രാഹുലിനെതിരെ നടപടി എടുക്കാൻ സമയം ആയിട്ടില്ലെന്ന് പറഞ്ഞ സണ്ണി ജോസഫ്, കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ഗോവിന്ദൻ മാഷ് അല്ല എൻ്റെ മാതൃകയെന്നും വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.