Friday, March 13, 2026 Last Updated 39 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 05.49 PM

പരമ്പരാഗത വിവാഹവേഷത്തില്‍ രാജിന്റെ കൈപിടിച്ച് നിറചിരിയോടെ സമാന്ത റൂത്ത് പ്രഭു; വജ്രമോതിരം സമാന്തയുടെ കൈയിലണിഞ്ഞ് രാജ്; ആശംസകളുമായി ആരാധകര്‍

ലളിതവും മധുരവുമായ ചടങ്ങില്‍ തെന്നിന്ത്യന്‍ താരറാണി സാമന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോറുവും വിവാഹിതരായിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയയിലൂടെ വിവാഹചിത്രങ്ങള്‍ പങ്കിടുകയാണ് സമാന്ത.
Samantha Ruth Prabhu, Raj Nidimoru, Samantha marries Raj Nidimoru
Samantha Ruth Prabhu marries Raj Nidimoru (Image Source: Instagram)

തെന്നിന്ത്യന്‍ താരറാണി സമാന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോറുവും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകളായി കേള്‍ക്കുന്നുണ്ട്. പല ചടങ്ങുകളിലും യാത്രകളിലുമൊക്കെ സമാന്തയെയും രാജിനെയും ഒരുമിച്ച് കണ്ടതോടെയാണ് വാര്‍ത്തകള്‍ പരന്നത്. ഏറെക്കാലമായി എല്ലാ യാത്രകളിലും സാമന്തയ്ക്കൊപ്പം രാജും ഉണ്ടായിരുന്നു. രണ്ടാളും ഇക്കാര്യം സമ്മതിച്ചിട്ടി​ല്ലയെങ്കിലും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രാജിനൊപ്പമുള്ള ചിത്രം സമാന്ത പങ്കിട്ടതോടെ രണ്ടാളും ഇക്കാര്യം പരസ്യപ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് ആരാധകര്‍ക്ക് മനസ്സിലായി.
ഇപ്പോഴിതാ തന്റെ വിവാഹചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് സമാന്ത റൂത്ത് പ്രഭു. കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 30-ഓളം പേർ മാത്രം ചടങ്ങിൽ പങ്കെടുത്തു എന്നതാണ് റിപ്പോര്‍ട്ട്. വിവാഹശേഷം പങ്കാളി രാജ് നിദിമോറുവിനൊപ്പമുള്ള ചിത്രങ്ങൾ സമാന്ത പങ്കുവച്ചിട്ടുണ്ട്.
‘‘01.12.2025...’’ എന്ന ക്യാപ്ഷനൊപ്പം വെളുത്ത ഹാര്‍ട്ട് ഇമോജിയും പങ്കിട്ടാണ് സമാന്തയുടെ പോസ്റ്റ്. ഇരുവരും പരമ്പരാഗത ഇന്ത്യൻ വിവാഹ വേഷത്തിലാണ് ചിത്രങ്ങളില്‍ തിളങ്ങുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയാണ് സാമന്ത വിവാഹ ചടങ്ങിൽ ധരിച്ചിരിക്കുന്നത്. രാജ് നിദിമോരു വെള്ള കുർത്തയും പൈജാമയും ക്രീം ബന്ദ്‌ഗാല കോട്ടുമാണ് ധരിച്ചത്.
രാജ് സാമന്തയെ വിവാഹ മോതിരം അണിയിക്കുന്നതും, സാമന്ത രാജിന്റെ തോളോട് ചേർന്ന് നിൽക്കുന്നതും, പൂക്കൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രത്തിന് പുറത്തേക്കുള്ള വാതിലിലൂടെ സന്തോഷവതിയായ രാജും സാമന്തയും കൈപിടിച്ച് നടന്നു വരുന്നതുമായ ചിത്രങ്ങളുമാണ് താരം പങ്കിട്ടിരിക്കുന്നത്. ഒരു ഫോട്ടോയിൽ രാജ് തന്നെ അണിയിച്ച വലിയ വജ്രമോതിരം സാമന്ത അഭിമാനത്തോടെ കാണിക്കുന്നുമുണ്ട്. സ്റ്റാർ ഷെയ്പ്പിൽ വളരെ വ്യത്യസ്തമാണ് താരത്തിന്റെ വിവാഹമോതിരം.
വിവാഹം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി. പോസ്റ്റ് പങ്കിട്ട് നിമിഷങ്ങള്‍ക്കകം ലൈക്കുകളും കമന്റുകളും കൊണ്ട് നിറഞ്ഞു. ആശംസകളുമായി ആരാധകരും സിനിമാ രംഗത്തെ സഹപ്രവർത്തകരും കമന്റുകള്‍ കുറിക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ കേൾക്കാൻ ആ​ഗ്രഹിച്ച വാർത്ത എന്നായിരുന്നു ആശംസകൾ അറിയിച്ച് എത്തിയ സെലിബ്രിറ്റികൾ അടക്കം കുറിച്ചത്. ഹൻസിക, പാർവതി, ദിവ്യപ്രഭ, മുക്ത, ദേവ് മോഹൻ, ഉപാസന കാമിനേനി, പ്രിയ അറ്റ്ലി, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, കല്യാണി പ്രിയദര്‍ശന്‍, അനുപമ പരമേശ്വരൻ, നസ്റിയ, മാളവിക മോഹനന്‍, വരുണ്‍ ധവാന്‍, സൊനാലി ​ബേന്ദ്ര, അമല പോള്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ആശംസകളും സ്നേഹവും കുറിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ... ഏറ്റവും സന്തോഷകരമായ വാർത്ത എന്നാണ് ഉപാസന കുറിച്ചത്.

രാജിന്റെ ആദ്യഭാര്യ ശ്യാമലി ഡേയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ ഇരുവരും ഉടൻ വിവാഹിതരാവുമെന്ന് പ്രചാരണമുണ്ടായിരുന്നു. ‘നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു’ എന്നായിരുന്നു കഴിഞ്ഞ ദിവസം ശ്യാമലി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. വിവാഹ വാര്‍ത്ത വന്നതിനു തൊട്ടു മുമ്പായിരുന്നു ശ്യാമലിയുടെ സ്റ്റോറി. പദ്മപുരാണത്തിലെ പൂർവജന്മങ്ങളിലെ കടപ്പാടുകൾ വഴിയാണ് ഒരാൾക്ക് മൃഗങ്ങളുമായും ഭാര്യയുമായും മക്കളുമായും വീടുമായും ബന്ധമുണ്ടാകുന്നത് എന്നു തുടങ്ങുന്ന ശ്ലോകവും നാലുദിവസം മുൻപ് ശ്യാമലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
2022-ലാണ് രാജും ശ്യാമലിയും വേർപിരിഞ്ഞത്. തെലുങ്ക് നടൻ നാഗ ചൈതന്യയായിരുന്നു സാമന്തയുടെ ആദ്യപങ്കാളി. നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞിരുന്നു. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തു.
2021 ൽ ദി ഫാമിലി മാൻ സീസൺ 2 ൽ ആണ് സമാന്തയും രാജും ആദ്യമായി ഒന്നിച്ച് പ്രവർത്തിച്ച് തുടങ്ങിയത്. 2024 മുതല്‍ സാമന്തയും രാജും തമ്മിലുള്ള ബന്ധം ​ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച് തുടങ്ങി. രാജും ഡികെയും ചേർന്നാണ് ദി ഫാമിലി മാൻ സീരിസ് എഴുതിയതും ക്രിയേറ്റ് ചെയ്തത്.
ദി ഫാമിലി മാൻ സീസൺ 2 വിൽ നല്ലൊരു വേഷം ചെയ്തുകൊണ്ടായിരുന്നു സാമന്തയുടെ ബോളിവു‍ഡ് എൻട്രി. ഫാമിലിമാന് ശേഷം നിരവധി അവസരങ്ങൾ ബോളിവുഡിൽ നിന്നും സാമന്തയെ തേടി വരാന്‍ തുടങ്ങി. വരുൺ ധവാൻ നായകനായ സിറ്റാഡൽ: ഹണി ബണ്ണിയിൽ കൂടി ഒരുമിച്ച് പ്രവർത്തിച്ചതോടെ രാജുമായുള്ള സാമന്തയുടെ സൗഹൃദം ദൃഢമായി, അത് പ്രണയത്തിലേക്ക് വളര്‍ന്നു ഇപ്പോള്‍ വിവാഹത്തിലേക്കും. താരത്തിന്റെ ഈ സന്തോഷം ആഘോഷമാക്കുകയാണ് ആരാധകര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW