-->
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ചിപ്പി രഞ്ജിത്ത്. 1993-ല്‍ ഭരതൻ സംവിധാനം ചെയ്ത 'പാഥേയം' എന്ന ചിത്രത്തിലൂടെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകളായി സിനിമയിലെത്തിയ ചിപ്പി സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കുകയാണ്.
പരമ്പരകളിലെ കുടുംബിനി വേഷങ്ങളിൽ ചിപ്പിയെ കാണുന്നത് തന്നെ ആരാധകർക്ക് വലിയ സന്തോഷമാണ്.
തുടരും എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനേത്രി എന്നതിലുപരി നിർമ്മാതാവ് എന്ന നിലയിലും ചിപ്പി വിജയം കണ്ടു. അരങ്ങിലും അണിയറയിലും തന്റേതായ സ്ഥാനം ഉറപ്പിച്ച ചിപ്പി മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്.
ഇപ്പോഴിതാ ചിപ്പിയെക്കുറിച്ച് മകൾ അവന്തിക രഞ്ജിത് പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. തന്റെയും അച്ഛന്റെയും ബാക്ക് ബോണ്‍ ആണ് അമ്മയെന്നും എല്ലാവരുടെയും വിചാരം അമ്മ ഭയങ്കര പാവം ആണെന്നാണ് പക്ഷെ അങ്ങനെയല്ലെന്നുമാണ് അവന്തിക പറയുന്നത്. തന്റെ അമ്മ വളരെ സ്ട്രോങ്ങ് ആയ ലേഡിയാണെന്നും അവന്തിക പറയുന്നു.
‘‘ഞാനും അച്ഛനും ഒരേ ചിന്താഗതി ആയുള്ള ആളുകള്‍ ആണ്. തുടരും സിനിമയില്‍ ഓവർ കോണ്‍ഫിഡൻസ് ഉണ്ടായിരുന്നില്ല, പക്ഷെ കോണ്‍ഫിഡൻസ് ഉണ്ടായിരുന്നു. എല്ലാവരും ആയി ഒരു നെറ്റ്‌വർക്ക് ഉണ്ടാകണം എന്നാണ് അച്ഛൻ എനിക്ക് ആകെ പറഞ്ഞുതന്നത്. അമ്മയും അങ്ങനെ തന്നെയാണ് പറഞ്ഞുതരുന്നത്. എന്റെയും അച്ഛന്റെയും ബാക്ക് ബോണ്‍ ആണ് അമ്മ. എല്ലാവരുടെയും വിചാരം അമ്മ ഭയങ്കര പാവം ആണെന്നാണ് പക്ഷെ അങ്ങനെയല്ല. എന്റെ അമ്മ വളരെ സ്ട്രോങ്ങ് ആയ ലേഡിയാണ്. ഈ സിനിമക്ക് വേണ്ടി അച്ഛന്റെ ഒപ്പം അമ്മയാണ് സ്ട്രോങ്ങ് ആയി നിന്നത്. പന്ത്രണ്ട് വർഷം അച്ഛൻ ഈ സിനിമയ്ക്കായി മാറ്റി വച്ചപ്പോള്‍ അമ്മയാണ് കൂടെ നിന്നത്.
പിന്നെ സുനില്‍ അങ്കിള്‍ (തുടരും മൂവി റൈറ്റർ), അങ്കിളിന്റെ പേര് ഈ അവസരത്തില്‍ പറയാതിരിക്കാൻ പറ്റില്ല. ആ വ്യക്തി അത്രയും നാൾ കാത്തിരുന്നത് കൊണ്ടാണ് തുടരും സിനിമ സംഭവിച്ചത്. ഫാമിലി പോലെയെന്നല്ല, സുനിൽ അങ്കിൾ ഫാമിലി തന്നെയാണ്. ഇവരുടെയൊക്കെ കട്ട സപ്പോർട്ട് ആണ് തുടരും പ്രേക്ഷകർക്ക് മുന്നിലെത്താനുള്ള കാരണം...’’ അവന്തിക പറയുന്നു. അവന്തികയുടെ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
തുടരും തുടരെത്തുടരെ ആളുകള്‍ കാണുന്നു എന്ന് ആളുകള്‍ പറയുമ്പോൾ ഒരുപാട് സന്തോഷമെന്നും അവന്തിക രഞ്ജിത്ത് പറയുന്നു. ഗോവയില്‍ ചലച്ചിത്ര മേളയിലേക്ക് തുടരും എത്തുമ്പോൾ അത് മഹാഭാഗ്യമായിട്ടാണ് അവന്തിക കാണുന്നത്. ചിത്രത്തിന്റെ കോ പ്രാഡ്യൂസർ കൂടിയായ അവന്തികയെ സംബന്ധിച്ചിടത്തോളം തുടരും വലിയ ഭാഗ്യം തന്നെയാണ്.
‘‘ഫീച്ചർ ഫിലിം എന്ന രീതിയിൽ ഞങ്ങൾ മെയിൻ സ്ട്രീം സിനിമയിൽ കൂടി ആണുള്ളത്. ഭയങ്കര സന്തോഷമുണ്ട്. ഞങ്ങളുടെ സിനിമയുടെ സ്ക്രീനിങ് കഴിഞ്ഞപ്പോൾ രാത്രി 11 മണിയൊക്കെ ആയിരുന്നു. എന്നിട്ട് പോലും മലയാളികൾ അല്ലാത്തവർ പോലും വന്നിട്ട് സിനിമയെ കുറിച്ച് സംസാരിച്ചു. അഞ്ചു പ്രാവശ്യം ഒക്കെ ഈ സിനിമ കണ്ടു എന്ന് പറഞ്ഞവർ പോലുമുണ്ട്. ഇത്ര വലിയ ഒരു സ്വീകരണം ഞാൻ പ്രതീക്ഷിച്ചില്ല
സിനിമ ഇറങ്ങിയപ്പോൾ പുറത്ത് അത് സ്വീകരിക്കപ്പെട്ടെങ്കിലും ഇവിടെ വന്നപ്പോൾ ഞാൻ അത്ര പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. പക്ഷെ നമ്മൾ എപ്പോഴും ഓർക്കുന്ന ഒരു മെമ്മറി ആയിട്ടത് മാറി. തുടരും സിനിമ കാരണം ആണ് ഞങ്ങൾ ഇത്രയും ട്രാവൽ ചെയ്യുന്നത്. ഗോവയിൽ ഞങ്ങൾ സെലക്ട് ആയി. ധാക്കയിലും ഞങ്ങൾ സെലക്ട് ആയിട്ടുണ്ട്. അതൊക്കെ ഈ സിനിമ കാരണം വന്ന ഭാഗ്യങ്ങൾ ആണ്.
ഞാനൊരു മോഹൻലാൽ ഫാൻ എന്നതിൽ അപ്പുറം ഞാൻ ചെറുതിലെ മുതൽ കാണുന്ന ഒരാളെ ആണ് അദ്ദേഹം. അച്ഛന്റെ കൂടെ ആണെങ്കിലും അമ്മയുടെ കൂടെ ആണെങ്കിലും ലാൽ സാറുമായിട്ട് വർക്ക് ചെയ്യാനുള്ള ചാൻസ് കിട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വച്ച് പരിചയം ഉണ്ട്. ഭയങ്കര ക്ളോസ് ആണ്. അതെല്ലാം കൊണ്ടും ഈ സിനിമ ഒരു വലിയ സന്തോഷം തന്നെയാണ്. എല്ലാവരും മോഹൻലാൽ കം ബാക്ക് എന്നൊക്കെ പറയുന്നത് കേൾക്കുന്നത് തന്നെ സന്തോഷമാണ്.
എനിക്ക് പെട്ടെന്ന് വന്ന താത്പര്യമില്ല സിനിമ, ചെറുപ്പം മുതലുള്ള എന്റെ ശീലം ഇതാണ്. ചെറുപ്പം മുതല്‍ക്കേ പ്രൊഡക്ഷൻ തന്നെ ആയിരുന്നു താത്പര്യം. അതുകൊണ്ട് തന്നെ എന്റെ വീട്ടുകാർക്ക് അറിയാമായിരുന്നു ഞാൻ അഭിനയത്തിലേക്ക് അല്ല വരുന്നത് പ്രൊഡക്ഷനിലേക്ക് ആണ് എന്ന്. ചെറുപ്പം മുതൽ അച്ഛനൊപ്പം ഞാൻ ഷൂട്ടിങ് സെറ്റുകളിൽ ഒക്കെ പോകാറുണ്ട്. അച്ഛനൊപ്പം തന്നെ ആയിരുന്നു എന്റെ യാത്രകൾ. അമ്മ ഷൂട്ടിന് പോകുമ്പോൾ എല്ലാം ഞാൻ കൂടുതലും അച്ഛനൊപ്പം സ്റ്റുഡിയോയിൽ ഒക്കെ തന്നെ ആയിരിക്കും. ചിലപ്പോൾ അതുകൊണ്ട് ആയിരിക്കാം. അതുകൊണ്ടാകാം എനിക്ക് പ്രൊഡക്ഷനില്‍ ഇത്ര കമ്പം വന്നത്.
ഞങ്ങളുടെ വീട്ടില്‍ എപ്പോഴും സിനിമയാണ്. അത് ആസ്വദിക്കുന്നതിനു ഉപരി സിനിമ തന്നെ ആണ് ചർച്ചകള്‍. പിന്നെ വീട്ടിലെ ഞങ്ങളുടെ സംസാര വിഷയം കൂടുതലും സിനിമ ആണ്. അച്ഛൻ ആണെങ്കിലും ഫിലിം ചേമ്പറിലും പ്രൊഡ്യൂസഴ്സ് അസോസിയേഷനിലും എല്ലാം മെമ്പർ ആണ്. സിനിമ ആസ്വദിക്കുന്നതിൽ ഉപരി സിനിമയിലെ പ്രശ്നങ്ങളും നമുക്കെന്ത് ചെയ്യാൻ പറ്റും എന്നൊക്കെ ആണ് ഞങ്ങൾ സംസാരിക്കാറുള്ളത്.
തുടരും മൂവിക്ക് മുൻപേ ഞാൻ എത്തിയത് ഒരു വെബ് സീരീസില്‍ ആയിരുന്നു. അത് എനിക്ക് നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. തുടരും സിനിമയില്‍ നമ്മള്‍ അത്രയും കോണ്‍ഫിഡന്റ് ആയിരുന്നു കാരണം ആ ടീമില്‍ നമ്മള്‍ക്ക് നല്ല വിശ്വാസമായിരുന്നു. ഓവർ ഹൈപ്പ് വേണ്ട എന്നുള്ളത് നമ്മള്‍ നേരത്തെ തീരുമാനിച്ചിരുന്നു...’’ അവന്തിക പറഞ്ഞു.
അച്ഛന്റെയും അമ്മയുടെയും പാതയിൽ സിനിമയിലേക്ക് തന്നെയാണ് ഇവരുടെ ഏക മകൾ അവന്തികയും ചുവട് വച്ചത്. അമ്മയെ പോലെ ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് പകരം, അച്ഛനെ പോലെ പ്രൊഡക്ഷൻ തന്നെയാണ് അവന്തിക തെരഞ്ഞെടുത്തത്. മോഹൻലാൽ നായകനായ തുടരും സിനിമയുടെ പ്രൊഡക്ഷനിൽ അവന്തികയും ഉണ്ടായിരുന്നു.