-->
കരൂര്‍ ദുരന്തത്തിന് ശേഷം വിജയ് ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നെന്ന് തമിഴ് നടന്‍ ഷാം. പൊതുയോഗത്തിനിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അദ്ദേഹത്തിന് ഒരുപാട് കുറ്റബോധമുണ്ടെന്നും ഒരു മാസം മുഴുവന്‍ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയതെന്നും നടന്‍ പറഞ്ഞു. ' ഓണ്‍ ദി ഡേറ്റ് വിത്ത് അഷര്‍' പോഡ്കാസ്റ്റില്‍ ആണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
വിജയ്‌യുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് താനെന്ന് ഷാം പോഡ്കാസ്റ്റില്‍ പറഞ്ഞു. '' ദിവസേന അദ്ദേഹത്തിന് സന്ദേശം അയക്കാറുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും സംസാരിക്കാറുണ്ട്''. - ഷാം പറയുന്നു.
'കരൂര്‍ സംഭവത്തിന് ശേഷം അദ്ദേഹം വല്ലാതെ ഹൃദയം തകര്‍ന്നുപോയി. വല്ലാത്ത വിഷമത്തിലായിരുന്നു. തന്റെ പൊതുയോഗത്തിനിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അദ്ദേഹത്തിന് ഒരുപാട് കുറ്റബോധമുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഒരാഴ്ചയെങ്കിലുമെടുത്തു വിജയ്യുമായി സംസാരിക്കാന്‍. ആറാമത്തെ ദിവസമാണെന്ന് തോന്നുന്നു അദ്ദേഹവുമായി സംസാരിച്ചത്. താന്‍ ഒക്കെ ആണെന്നും സംസാരിക്കാമെന്നും പറഞ്ഞു.'' ഒരു മാസം മുഴുവന്‍ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയതെന്നും ഷാം പറയുന്നു.