-->
മലപ്പുറം കിഴിശേരിയിൽ മോഷണ ശ്രമമാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് ക്രൂര മർദ്ദനം. കടയുടമകളായ രണ്ട് പേരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ് എന്നിവരാണ് പിടിയിലായത്.
സ്റ്റേഷനറി കടയിൽ മോഷണ ശ്രമത്തിന് ശ്രമിച്ചെന്നാരോപിച്ച് കുട്ടികളെ മണിക്കൂറോളം തടഞ്ഞ് വച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു.
മരത്തിന്റെ തടികൾ ഉപയോഗിച്ചും ഇരുമ്പ് വടി ഉപയോഗിച്ചും കുട്ടികളെ മർദിച്ചു അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് പൊലീസിനെ ഏൽപ്പിച്ചു. കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടി വന്നുവെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.