-->
കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ പോലീസ് വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചു.
ബണ്ടി ചോര്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ ഓഫീസിലേക്കാണ് പോയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്ന് വൈകിട്ടോടെയാണ് വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്.
ഇന്നലെ രാത്രിയാണ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പ് മുറിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ മുതൽ ബണ്ടി സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചു. ബണ്ടി ചോർ പറയുന്നത് പൂർണ്ണമായും പൊലീസ് ആദ്യഘട്ടത്തിൽ വിശ്വസിച്ചിരുന്നില്ല. തുടര്‍ന്നാണ് സൗത്ത് റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ വെച്ചത്. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനൊടുവിലാണിപ്പോള്‍ വിട്ടയച്ചത്.