-->
തമിഴ് സിനിമാ സൂപ്പർ താരങ്ങളെല്ലാം ഒരുമിച്ച് കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ് നടക്കുന്ന ചില ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഇത് ഒറിജിനാലാണോ എന്ന് സംശയിക്കുമെങ്കിലും എല്ലാം എഐ ചിത്രങ്ങളാണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിക്കഴിഞ്ഞു.
ഹൂഹൂ ക്രിയേഷൻസ് 80 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് എഐ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. രജനികാന്ത്, കമൽ ഹാസൻ, വിക്രം, അജിത്, വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി, ചിമ്പു, പ്രഭുദേവ, വിശാൽ, വടിവേലു, കാർത്തി, ജീവ, രവി മോഹൻ തുടങ്ങിയ താരങ്ങളെയാണ് ചിത്രങ്ങളിൽ കാണാനാവുക.
എല്ലാവരും തനിനാടൻ വേഷത്തിൽ മുണ്ടും ലുങ്കിയും ഷർട്ടുമൊക്കെ അണിഞ്ഞാണ് ചിത്രത്തിൽ ഉള്ളത്. തട്ടുകടയിൽ നിന്നും പൊറോട്ട കഴിക്കുന്ന സൂര്യയും മറ്റൊരു ചിത്രത്തിൽ പ്രഭുദേവയുടെ ബീച്ച് ഡാൻസ് പുറകിൽ വടിവേലുവും വിശാലും കൂടാതെ മാളിൽ സെൽഫി എടുക്കുന്ന ശിവകർത്തികേയനും വിജയ് സേതുപതിയും.
കോഫി ഷോപ്പിലിരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും ഈ ചിത്രങ്ങളിൽ ഉണ്ട്. എഐ സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള പോസിറ്റിവ് വശമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
കൂടാതെ ഈ ലുക്കിൽ എല്ലാ താരങ്ങളെയും അണിനിരത്തി ഒരു ചിത്രം വന്നാൽ നല്ലത് ആയിരിക്കുമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. 'തമിഴ് ഹീറോസ് ടീം ഔട്ടിങ്' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്.