-->
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ രണ്ട് ഉപകഥാപാത്രങ്ങളായ സുരേശൻ കാവുന്തഴെ, സുമലത എന്നിവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഈ സിനിമയില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം ഈ സിനിമയിലെ കുഞ്ചാക്കോ ബോബന്റെ പല സീനുകളും അവതരിപ്പിച്ചത് താനാണെന്ന് സോഷ്യല്‍മീഡിയ ഇൻഫ്‌ളൂവൻസറും നടൻ കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് എന്ന നിലയിലും വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന സുനില്‍ രാജ് എടപ്പാള്‍ വെളിപ്പെടുത്തിയിരുന്നു. ചാക്കോച്ചന്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകള്‍ താൻ ചെയ്തതെന്നും പുറത്തു പറയാൻ പാടില്ലായിരുന്നുവെന്നും എന്നാല്‍ വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് പറയുന്നതെന്നും സുനില്‍ കുറിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ തുറന്നു പറച്ചില്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വളച്ചൊടിച്ച് കുഞ്ചാക്കോ ബോബനു വിഷമമുണ്ടാക്കുന്ന നിലയിലേക്ക് എത്തിച്ചെന്ന് വീഡിയോയിലൂടെ പങ്കിടുകയാണ് സുനില്‍ രാജ് ഇടപ്പാള്‍. കുഞ്ചാക്കോ ബോബന്‍ സഹായം മാത്രമേ ചെയ്തിട്ടുള്ളുവെന്നും താന്‍ പറഞ്ഞ സത്യങ്ങള്‍ വളച്ചൊടിക്കരുതെന്നുമുള്ള അഭ്യര്‍ത്ഥനയാണ് സുനില്‍ രാജ് പങ്കിടുന്നത്. ‘ഇതു മുഴുവനായും കേൾക്കാൻ.. ശ്രമിക്കുക തെറ്റായ വാർത്തകൾ പ്രേചരിപ്പിക്കാതിരിക്കുക പ്രത്യേകിച്ച് ഓൺലൈൻ മിഡിയകരോട്...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സുനില്‍ രാജ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
‘‘ഞാന്‍ നിങ്ങളുടെ സ്വന്തം സുനില്‍ രാജ് ഇടപ്പാള്‍. എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്. ഞാന്‍ പോലുമറിയാതെ ഞാനൊരു അധോലോകമായി മാറിയിരിക്കുകയാണ്. ഞാനിന്ന് രാവിലെ ഒരു പോസ്റ്റ് ഇട്ടു. വേറൊന്നുമല്ല കുറെ ആളുകള്‍ എന്നോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്. ‘നീ ചാക്കോച്ചനെ അവതരിപ്പിച്ചിട്ട് എന്ത് നേടി, ചാക്കോച്ചനെക്കൊണ്ട് നിനക്കെന്താ ഗുണം ?’ എന്നതടക്കം നെഗറ്റീവ് കമന്റുകളായിരുന്നു. മുന്‍പ് ഞാനും ചാക്കോച്ചനും ഒരുമിച്ച് വന്നൊരു വേദിയില്‍ ചാക്കോച്ചന്‍ പേഴ്സണലി എനിക്കൊരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.
അപ്പോ കുറച്ചു പേര് ചോദിച്ചു നിനക്ക് പൈസയായിട്ടാണോ തന്നത്, അതോ ഹോസ്പിറ്റല്‍ കേസ് വന്നപ്പോ സഹായിച്ചതാണോ എന്നൊക്കെ. അതൊന്നുമല്ല. എനിക്ക് ചെയ്തിട്ടുള്ള സഹായം എന്താണെന്നു വച്ചാല്‍, അദ്ദേഹം ബിസിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഒരു സിനിമയുടെ ചില പോര്‍ഷന്‍സ്, കുറച്ചു സീക്വന്‍സുകള്‍ എനിക്ക് ചെയ്യാന്‍ സാധിച്ചു. അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജഷന്‍ ചെയ്തത്. കേള്‍ക്കുന്ന നിങ്ങളെ സംബന്ധിച്ച് അത് എത്രത്തോളം വലുതാണെന്ന് എനിക്കറിയില്ല. പക്ഷേ എനിക്കതു വളരെ വലിയൊരു കാര്യമാണ്. കാരണം അദ്ദേഹത്തെപ്പോലെയൊരു നടന്‍ എന്റെ പേരു പറയുകയും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാക്കുക എന്നതൊക്കെ ഞാന്‍ അനുഗ്രഹമായി കരുതുന്നു. ഒരു നടനെന്ന നിലയില്‍ എനിക്കതു വലിയ കാര്യമാണ്.
ചാക്കോച്ചനും ആ സിനിമയുടെ ടീമും വലിയ പിന്തുണയാണ് തന്നത്. ചാക്കോച്ചന്‍ ചെയ്ത ഉപകാരം എന്താണെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആ പോസ്റ്റ് ഇട്ടത്. പക്ഷേ അത് പുറത്തേക്ക് വന്നപ്പോഴേക്കും നെഗറ്റീവായി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് വേറെ രീതിയില്‍ വളച്ചൊടിച്ചു. രഹസ്യങ്ങള്‍ പുറത്തു പറയുന്നു എന്ന തരത്തിലാക്കിയത്. ചാക്കോച്ചന്‍ എനിക്കൊരു ഉപദ്രവവും ചെയ്തിട്ടില്ല, മറിച്ച് ഉപകാരമേ ചെയ്തിട്ടുള്ളൂ. ഇനിയൊരിക്കലും ഉപദ്രവിക്കത്തുമില്ല. ഒരിക്കലും ഒരു മനുഷ്യനോടും ഒരു ദ്രോഹവും ചെയ്യാത്ത മനുഷ്യനാണ് ചാക്കോച്ചന്‍. ചാക്കോച്ചന്റെ ഫാന്‍സ് ഗ്രൂപ്പുകളാണെങ്കിലും ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. നല്ല മനസ്സിന്റെ ഉടമയാണ് അദ്ദേഹം. അത് ഞാനിനി പറയാന്‍ പോയാല്‍ വേറെ വിവാദമാകും.
എനിക്കിത്രയേ പറയാനുള്ളൂ, ഞാന്‍ പറഞ്ഞ സത്യങ്ങള്‍ വളച്ചൊടിച്ച് അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കരുത്. ദൈവത്തെയോര്‍ത്ത് പ്ലീസ്. അദ്ദേഹത്തെപ്പോലെയൊരു നല്ല മനുഷ്യന്റെ കൂടെ സൗഹൃദമുണ്ടാക്കാന്‍ കഴിയുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. അത് നെഗറ്റീവായി കൊണ്ടെത്തിക്കരുത്...’’ എന്നാണ് സുനില്‍ രാജ് ഇടപ്പാള്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സുനില്‍ രാജിനെ പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നത്.
കുഞ്ചാക്കോ ബോബനെ അവിശ്വസനീയമാംവിധം ശബ്ദം കൊണ്ടും രൂപം കൊണ്ടും അനുകരിക്കുന്നതില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് സുനില്‍ രാജ് എടപ്പാള്‍. നടൻ കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് എന്ന നിലയില്‍ വേദികളിലും അണിയറയിലും ശ്രദ്ധ നേടിയ സുനില്‍ രാജ് ഇക്കഴിഞ്ഞ ദിവസമാണ്
അടുത്തിടെ പുറത്തിറങ്ങിയ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന് വേണ്ടി താൻ ചില സുപ്രധാന രംഗങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇത്തരം വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാറുണ്ടെങ്കിലും, തന്റെ സഹപ്രവർത്തകരും ആരാധകരും നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചതിനാലാണ് ഈ ‘രഹസ്യം’ പരസ്യമാക്കാൻ നിർബന്ധിതനായതെന്നും ചാക്കോച്ചനെ എന്തിന് സ്റ്റേജില്‍ അവതരിപ്പിക്കുന്നു എന്നൊക്കെ ചോദിച്ചു കളിയാക്കുന്നവരോടുള്ള മറുപടിയായിട്ടാണ് താനിത് കുറിക്കുന്നതെന്നുമാണ് സുനില്‍ രാജ് കുറിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെക്കുറിച്ചുള്ള സുനില്‍ രാജിന്റെ തുറന്നുപറച്ചില്‍ സിനിമാ ലോകത്ത് ചർച്ചാവിഷയമായിട്ടുണ്ട്.