Thursday, March 12, 2026 Last Updated 59 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 03.43 PM

ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് പ്രിവിലജ് അല്ല എന്റെ അവകാശമാണ്; വിവാദങ്ങള്‍ക്ക് മറുപടിയുമായി രാംചരണിന്റെ ഭാര്യ ഉപാസന

-upasana-konidela
photo-www.instagram.com/upasanakaminenikonidela/

ഹൈദരാബാദ് ഐഐടിയിലെ വിദ്യാര്‍ഥിനികളോട് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാന്‍ ഉപദേശിച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രാംചരണിന്റെ ഭാര്യയും അപ്പോളോ ഹോസ്പിറ്റലിലെ സിഎസ്ആര്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഉപാസന കൊനിഡേല.
സ്ത്രീകള്‍ അവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിവാഹത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാനും വേണ്ടി അവരുടെ അണ്ഡങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കുന്നത് ഉചിതമായ മാര്‍ഗമാണെന്നായിരുന്നു ഉപാസനയുടെ പരാമര്‍ശം. ഇത് വിവാദമായതോടെയാണ് ഉപാസന വിശദീകരണവുമായി രംഗത്ത് എത്തിയത്. ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടതില്‍ സന്തോഷമുണ്ടെന്ന് ഉപാസന എക്‌സില്‍ പങ്കുവെച്ച പോസ്റ്റിന് അറിക്കുറിപ്പായി കുറിച്ചു.

‘പ്രണയിക്കാനും ഒരു കൂട്ടിനും വേണ്ടിയാണ് 27 ാം വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തത്. 29 ാം വയസ്സില്‍ വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളെ മുന്‍നിര്‍ത്തി എന്റെ അണ്ഡം ശീതിീകരിച്ച് സൂക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു ( അത് അപ്പോളോയില്‍ ആയിരുന്നില്ല എന്ന് കൂടി വ്യക്തമാക്കട്ടെ) . സ്ത്രീകള്‍ അവരുടെ സാധ്യതകള്‍ തേടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാന്‍ വേണ്ടി ഇക്കാര്യം ഞാനെപ്പോഴും തുറന്നു സംസാരിക്കാറുണ്ട്.

36 ാം വയസ്സിലാണ് എന്റെ ആദ്യ കുഞ്ഞിന് ഞാന്‍ ജന്മം നല്‍കുന്നത്. ഇപ്പോള്‍ 39 ാം വയസ്സില്‍ ഇരട്ടക്കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. എന്റെ ജീവിതയാത്രയിലുടനീളം കരിയര്‍ കെട്ടിപ്പടുക്കുന്നതിനും ദാമ്പത്യം മെച്ചപ്പെടുത്തുന്നതിനും ഞാന്‍ തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. കാരണം ഒരു കുടുംബം വളര്‍ത്തുമ്പോള്‍ സന്തോഷവും സ്ഥിരതയുമുളള അന്തരീക്ഷം വളരെ പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം വിവാഹവും കരിയറും പരസ്പരം മത്സരിക്കുന്ന സംഗതികളല്ല. അവ സംതൃപ്തമായ ജീവിതത്തിന്റെ അര്‍ഥവത്തായ ഭാഗങ്ങളാണ്. പക്ഷേ അതിന്റെ സമയക്രമം ഞാന്‍ തീരുമാനിക്കുന്നു. അത് പ്രിവിലേജല്ല, എന്റെ അവകാശമാണ് ഉപാസന കുറിച്ചു.

ഒരു സ്ത്രീ സമൂഹത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങാതെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് തെറ്റാണോ? ശരിയായ പങ്കാളിയെ കണ്ടെത്തുന്നതുവരെ കാത്തിരിക്കുന്നത് തെറ്റാണോ? സ്വന്തം സാഹചര്യങ്ങള്‍ മനസ്സിലാക്കി കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്നത് തെറ്റാണോ? വിവാഹത്തെക്കുറിച്ചോ നേരത്തെ കുട്ടികളെ ഉണ്ടാക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നതിനു പകരം ഒരു സ്ത്രീ തന്റെ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റാണോ? ഉപാസന ചോദിച്ചു.

സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതുവരെ വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും വേവലാതിപ്പെടാതിരിക്കാന്‍ അവര്‍ക്ക് അണ്ഡം ശീതീകരിച്ചു വെക്കാം എന്ന ഉപാസനയുടെ വാക്കുകളാണ് വിവാദമായത്. സ്ത്രീകള്‍ക്കുളള ഏറ്റവും വലിയ ഇന്‍ഷുറന്‍സ് നിങ്ങളുടെ അണ്ഡങ്ങളെ സംരക്ഷിക്കാന്‍ കഴിയും എന്നതാണ്. അങ്ങനെയാകുമമ്പാള്‍ എപ്പോള്‍ വിവാഹം കഴിക്കണം, എപ്പോള്‍ കുട്ടികള്‍ വേണം എന്നൊക്കെ നിങ്ങള്‍ക്ക് തീരുമാനിക്കാം. സാമ്പത്തികമായി സ്വതന്ത്രയാകുമ്പോള്‍ നിങ്ങള്‍ക്ക് തീരുമാനമെടുക്കാം, ഇന്ന് ഞാന്‍ എന്റെ സ്വന്തം കാലില്‍ നില്‍ക്കുന്നു, ഞാന്‍ എനിക്ക് വേണ്ടി ഉപജീവനമാര്‍ഗം കണ്ടെത്തുന്നു എന്നായിരുന്നു ഉപാസന പറഞ്ഞത്.

എന്നാല്‍ ഉപാസന പ്രിവിലേജില്‍ നിന്നുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു വന്നു. അപ്പോളോ സിഎസ്ആര്‍ ചെയര്‍പേഴ്‌സണായ ഉപാസന ബിസിനസ് താത്പര്യം മുന്‍നിര്‍ത്തിയാണ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഉപദേശിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 23 ാം വയസ്സില്‍ രാംചരണുമായി വിവാഹിതയായ ഉപാസന മറ്റ് പെണ്‍കുട്ടികളോട് വിവാഹം വൈകിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഈ വിമര്‍ശനങ്ങളിലാണ് ഉപാസന ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയത്.

2012 ലാണ് ഉപാസനയും രാംചരണും വിവാഹിതരാകുന്നത്. 2023 ല്‍ ഇവര്‍ക്ക് ആദ്യത്തെ കുട്ടിയായ ക്ലിന്‍ കാര ജനിച്ചു. നിലവില്‍ ഗര്‍ഭിണിയായ ഉപാസന ഇരട്ടക്കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW